Tuesday, December 22, 2009

മുറിവ്‌

കവിത കൊണ്ട്‌ മുറിവേറ്റവന്‍ വേറെ
കഞ്ഞി കുടിച്ചവന്‍ വേറെ

കറുത്ത കാലമേ
നിനക്കൊരാട്ടിന്‍ കുട്ടിയെ തരാം

ബുദ്ധനെ തടിപ്പിച്ച
ആട്ടിന്‍കുട്ടിയെ

എന്റെ മേഴ്‌സിയെ
തിരികെ ആലയില്‍ കെട്ടുക

Read more...

Wednesday, December 16, 2009

ഉത്തേജകം

ഉപപാഠപുസ്‌തകമാവും മുമ്പ്‌
നേര്‍ക്കു നേര്‍ കാണുന്ന നേരത്ത്‌
ഇങ്ങിനെയാവാം സാര്‍
മഹാന്‍മാര്‍
കാലുമാറി
കൂറുമാറി
കാറ്റു മാറ്റി
തൂറ്റി തൂറ്റി
മൊഴി മാറ്റി
പഴി മാറ്റി
സ്വയം ഒരു നായ്‌ക്കുരണയായി
ഉത്തേജകമെന്ന്‌ പിന്നീടറിയപ്പെട്ട്‌
ആയൂര്‍വേദവും
അലോപ്പതിയും
കൈകൂപ്പി നിന്ന്‌
പതുക്കെ
പതുക്കെ
ഇങ്ങിനെയാവാം സാര്‍.......

Read more...

Monday, November 16, 2009

മോഹന്‍ലാലിന്‌

പൂര്‍വ്വിക പ്രതിഭകള്‍
ക്കാദരം പോലെ തന്‍-
ജീവിതമര്‍പ്പിച്ചു
കൈരളിക്കല്ലൊ ലാലും

ദൂരെയാ ഹിമാലയ
സീമകള്‍ക്കകലെയും
പാടിയോ ഇളംതെന്നല്‍
കൈരളീയപദാനം

സ്വപ്‌നമാം സുഖഭോഗ
വേദിയില്‍ നിന്നും ത്യാഗ
പൂര്‍ണ്ണമായുയര്‍ത്തി ലാല്‍
ധീരമാം തന്‍ ജീവിതം

ഭാരതം സ്‌മിക്കൂമീ
കൈരളീ വരദാനം
ഭാഗ്യമായുയരത്തില്‍
നാട്ടിയ പതാകപോല്‍

(ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയില്‍ സേവനമനുഷ്ടിക്കാന്‍ തയ്യാറായ പത്മശ്രീ ഭരത്‌ മോഹന്‍ലാലിന്‌ ആദരപൂര്‍വ്വം ഈ കവിത സമര്‍പ്പിക്കുന്നു.)

Read more...

Tuesday, November 10, 2009

ഇത്രയെങ്കിലും

ഇത്ര വിഷം കുടിച്ചില്ലെങ്കിലെങ്ങിനെ
ഇക്കണ്ട കാലം കവിയാകും ?
ഇത്ര വലിയ ശിലയുരുട്ടാതെ ഞാന്‍
എങ്ങിനെ ഭ്രാന്തന്‍മല കയറും ,
വാക്കില്ലാ കാട്ടില്‍ നിലവിളിക്കുന്നൊരാ
വാല്‍മീകി വംശനെ കണ്ടു നില്‍ക്കും ?
കുട്ടു കിടന്നു പനിച്ച പഴമയെ
പാട്ടില്‍ ഇറയത്തിരുത്തിവെക്കും ?
ഇത്ര വിഷം കുടിച്ചില്ലങ്കിലെങ്ങിനെ
നഷ്ടസ്‌മൃതികളെയോര്‍ത്തിരിക്കും ?
തീപ്പെട്ട സ്വപ്‌നത്തില്‍ പട്ടയം കാക്കുന്ന
കാട്ടു കരച്ചിലില്‍ മുങ്ങി നില്‍ക്കും ?
ദീന വിലാപ സ്‌മൃതികളെ വിറ്റൊരു
കൂനന്‍ കവിയായവതരിക്കും ?
ഇത്ര വിഷം കുടിച്ചില്ലെങ്കിലിന്ത്യയില്‍
ചിത്തഭ്രമം വന്നു ചത്തുപോവും.
ഇത്ര പറഞ്ഞു പിരിഞ്ഞുപോയില്ലെങ്കില്‍
എത്ര ചതിയെന്നോര്‍ത്തുപോകും.


Read more...

Friday, September 11, 2009

കവിത

മരണത്തെ
പേടിച്ചിട്ടാണ്‌
ഞാന്‍
കവിതകളെഴുതുന്നത്‌.
.
ജീവിതത്തെ
പേടിച്ചിട്ട്‌
നിങ്ങള്‍
സമ്പന്നരാവുന്നതുപോലെ


Read more...

Thursday, August 27, 2009

അയല്‍ക്കാര്‍

നിങ്ങള്‍ പറഞ്ഞതൊന്നും
ഞാന്‍ കേള്‍ക്കുന്നില്ല
കടക്കെണി
അപവാദം
മനസ്സമാധാനമില്ലായ്‌മ
ഉറക്കക്കുറവ്‌
ഇതൊന്നും ഞാന്‍ കേള്‍ക്കുന്നില്ല
നിങ്ങളുടെ മരണം
ഞാനറിഞ്ഞത്‌
കാലത്ത്‌ പത്രം വന്നപ്ലോഴാണ്‌
തീര്‍ച്ചയായും ഞാന്‍ വരും
നമ്മള്‍ അയല്‍ക്കാരാണല്ലൊ

Read more...

Thursday, August 13, 2009

കഥാപാത്രങ്ങള്‍

ജയചന്ദ്രന്‍മാഷെ ഒരു മനുഷ്യനാക്കി മാറ്റ്യേത്‌ കള്ളന്‍ ദിവാകരനാണെന്ന കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ കൗതുകമായി..

"അല്ലെങ്കില്‍ കഥേം നാടകോംന്ന്‌ പറഞ്ഞ്‌ ജയചന്ദ്രന്‍ മാഷിന്റെ ജീവിതം തീര്യായിനു." - ഒരു ദിനേശ്‌ ബീഡി കത്തികൊണ്ട്‌ കാദര്‍ ഷിബുവിനോട്‌ പറഞ്ഞു.

"ഒക്കെ മാഷെ തോന്നലായിനു കാദറേ..." -സഹതാപത്തോടെ ഷിബു. " ആ ടീച്ചറ്‌ കൊഴപ്പക്കാര്യോന്ന്‌ല്ലായ്‌നു.. പക്ഷേ മാഷ്‌ക്ക്‌ ഒരു സംശയം. ശ്ശെന്താ ചെയ്യ്യാ... "

രണ്ടു ദിശയിലേക്ക്‌ നിത്യവും നെട്ടോട്ടമോടുന്ന യൂ.പി. സ്‌കൂള്‍ അദ്ധ്യാപകരായ എന്റെ ഈ നാട്ടുകാരെ അവരുടെ പാട്ടിനു വിടാന്‍ പരദൂഷണ വിദഗ്‌ധരായ ഞങ്ങള്‍ തയ്യാറായില്ല.

അതുകൊണ്ടാണ്‌ ജയചന്ദ്രന്‍മാഷ്‌ ഷേവ്‌ ചെയ്യാത്തതും മൂകനായി നടക്കുന്നതും ടീച്ചറുടെ സ്വഭാഷദൂഷ്യം കൊണ്ടാണെന്ന്‌ ഞങ്ങള്‍ ആറാട്ടുകടവുകാര്‍ ശ്രദ്ധിച്ചതും മനസ്സിലാക്കിയതും....

അതിനു ശേഷം ഞങ്ങള്‍ സിന്ധു ടീച്ചര്‍ക്കു പിന്നാലെയായി...

അതാ ഒരു വില്ലന്‍ രാധാകൃഷ്‌ണന്‍ മാഷ്‌...

മാഷ്‌ അങ്ങാടിയല്‍ ബസ്സിറങ്ങുന്നതും... ചായക്കടയില്‍ കയറി ചായ കുടിക്കുന്നതും... സിന്ധു ടീച്ചര്‍ കടന്നുപോയാല്‍ മുടി ചീകി ഓട്ടോ വിളിക്കാന്‍ ഓടുന്നതും..... ഒന്നുമറിയാത്തപോലെ... ഒരു സ്‌കൂളിലേക്കുള്ള സ്വാഭാവിക യാദൃശ്ചികതകളെപോലെ ടീച്ചര്‍ക്കരികില്‍ ഓട്ടോ നിര്‍ത്തുന്നതും.... ഞങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്നാണോ....

ഒന്നു രണ്ട്‌ ഊമകത്തുകള്‍ ജയചന്ദ്രന്‍ മാഷ്‌്‌ക്‌ പോയിട്ടുണ്ടാവുമെന്ന്‌ കൂട്ടിക്കോ...

എന്തായാലും പതിവിലും നേരത്തെ ജയചന്ദ്രന്‍ മാഷ്‌ സ്‌കൂളിലേക്ക്‌ പുറപ്പെടും... കുളിക്കാതെ.. അലസനായി.. എന്തോ ചിന്തിച്ചുകൊണ്ടുള്ള ആ യാത്രയില്‍ ഞങ്ങള്‍ കോള്‍മയിര്‍ കൊണ്ടു എന്നു പറയേണ്ടതില്ലല്ലൊ....

അതെ, അങ്ങിനെയായിരുന്നു തുടക്കം...

പിന്നെപ്പോഴോ കേട്ടു മാഷും ടീച്ചറും വേര്‍പിരിഞ്ഞെന്ന്‌...

അതോടെ ഞ്‌ങ്ങള്‍ ആ കേസ്‌ വിട്ടതായിരുന്നു.

പക്ഷേ, ജോലി രാജിവെച്ച്‌ മാഷ്‌ നാടു വിട്ടുപോയെന്ന വാര്‍ത്ത ഞങ്ങളെ ഞട്ടിച്ചു. എവിടേയോ ഒരു ചെറിയ വേദന... മാത്രവുമല്ല നിത്യവും ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്ന പീടികവരാന്തയിലേക്ക്‌ എവിടെ നിന്നോ ഊരും പേരുമറിയാത്ത ഒരു മനുഷ്യന്‍ വന്നെത്തുകയും ഞ്‌ങ്ങളുടെ പരദൂഷണപരമായ ചര്‍ച്ചകള്‍ക്കുനേരെ പുച്ഛം കലര്‍ന്ന നോട്ടങ്ങളാല്‍ ഞ്‌ങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്‌തപ്പോള്‍ ഞങ്ങള്‍ ആകെ പരവശരാകുകയായിരുന്നു.

ജയചന്ദ്രന്‍ മാഷ്‌ കഥകള്‍ എഴുതാറുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒരിക്കലും അത്‌ വായിച്ചിരുന്നില്ല.

പക്ഷെ, ഒരു ദിവസം ജയചന്ദ്രന്‍ മാഷിന്റെ ഒരു കഥയുമായി കാദര്‍ വന്നു...

ഒരു കുട്ടിയുടെ മുഖമുള്ള ആ മാസികയില്‍ "ജയചന്ദ്രന്‍ ആറാട്ടുകടവ്‌" എന്ന പഴക്കമുള്ള കറുത്ത അക്ഷരങ്ങളിലേക്ക്‌ ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി....

മാനസിക രോഗമുള്ള ഒരു സഹപ്രവര്‍ത്തകനെ സഹോദര സ്‌നേഹത്തോടെ ഇഷ്ടപ്പെട്ട ഒരു വീട്ടമ്മക്ക്‌ നാട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന ജീവിത വ്യഥയാണ്‌ ആദ്യകഥയില്‍. വീട്ടമ്മയുടെ ഭര്‍ത്താവ്‌ സമൂഹത്തില്‍ പരിഹാസ്യനാവുകയും ഒടുവില്‍ ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ആ കഥ വായിച്ച ഞങ്ങള്‍ അശാന്തരായി.... ദിവസങ്ങളോളം....

ഉര്‍വ്വശി ടാക്കീസില്‍ ഫസ്റ്റ്‌ഷോയ്‌ക്ക്‌ കയറുന്ന, പതിവു ശീലങ്ങള്‍ പോല ഞങ്ങള്‍ മറന്നു.... ജയന്റെ 'അനുപല്ലവി' വീണ്ടും വന്നുപോയ കാര്യംപോലും ഞങ്ങളറിഞ്ഞില്ല...

ഇതിനിടെ ഒരു ദിവസം : "ടാ ്‌മ്പളെ ജയചന്ദ്രന്‍ മാഷ്‌ തിരിച്ചുവന്നെടാ... ജന്റിലായിട്ട്‌...." - ഓടി കിതച്ചു വന്ന 'ധര്‍മ്മൂടന്‍' എന്ന മനോജ്‌ ഞങ്ങളോട്‌ പറഞ്ഞു.

"ഏട്യായ്‌നു.... ? ` -ഞങ്ങള്‍ ഒരേ സ്വരത്തില്‍ ധര്‍മ്മൂടനോട്‌ ചോദിച്ചു....

സിഗരറ്റിന്റെ പുക മൂക്കിലൂടെ വിട്ട്‌... ഒരു തുമ്മലിന്‌ സ്വാതന്ത്ര്യം കൊടുത്ത്‌.. ധര്‍മ്മജന്‍ ഞങ്ങളെ ആകാംക്ഷരാക്കി... "ഏട്യായിനെടാ.. ?"

"ബോംബേല്‌.... മ്മള്‌ കള്ളന്‍ ദിവാരനില്ലെ.. അമ്പലത്തീന്ന്‌ ഉരുളി കട്ട... അവനോടൊപ്പാണത്രെ..."

കൈ കൊടഞ്ഞ്‌, നെടുവീര്‍പ്പിട്ട്‌... ധര്‍മ്മൂടന്‍ : "ന്റെ മോനേ... ഇപ്പം ഇന്‍സൈഡൊക്കെ ചെയ്‌ത്‌ കുട്ടപ്പനായി...." - മുഴുമിപ്പിച്ചു.

ധര്‍മ്മൂടന്റെ വാര്‍ത്തകളിലൊക്കെ "ചക്ക പോലത്തെ ഒരു പേന്‍" ഉണ്ടാവുമെന്ന്‌ ഞങ്ങള്‍ക്കറിയാമെങ്കിലും സന്തോഷത്തോടെ ഞങ്ങള്‍ മാഷെ കാണാനായി ഇറങ്ങി....

Read more...

Friday, June 19, 2009

കാഞ്ചനതാരകം

ഞങ്ങളുടെ കുന്നോത്തുമുക്ക്‌ ഗ്രാമത്തില്‍ വക്കീല്‍ ചന്ദ്രശേഖരേട്ടന്റെ വീടിനുമുന്നിലായി ക്ലൈമാക്‌സ്‌ എന്ന ടൈലര്‍ക്കട നടത്തി വരികയാണ്‌ രാമകൃഷ്‌ണന്‍.

രാമകൃഷ്‌ണന്‌ സതീദേവി എന്ന ഒരു സഹായിയുണ്ട്‌. ജീവിത പ്രശ്‌നങ്ങളെ ആഴ്‌ചപ്പതിപ്പുകളില്‍ വരുന്ന നോവലുകളിലൂടെ നേരിടുകയാണ്‌ സതീദേവി. കടയിലെ നിത്യസന്ദര്‍ശകനായ കേശവന്‍നായര്‍ പറയുമ്പോലെ ``ഈ രാജ്യത്ത്‌ പേപ്പര്‍ കിട്ടാനില്ലാതെ വന്നാല്‍ ആദ്യം ആത്മഹത്യ ചെയ്യുന്നത്‌ സതീദേവിയായിരിക്കും' സതീദേവിയുടെ ഉള്ളില്‍ ഒരു കാമുകിയുണ്ട്‌, പക്ഷെ അതാരും അറിയാന്‍ സതീദേവി സമ്മതിക്കില്ല. കാരണം പാവപ്പെട്ടവരുടെ പ്രണയം സിനിമയാക്കുന്ന ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ കാലം കഴിഞ്ഞുപോയെന്ന്‌ അവള്‍ക്കറിയാം. മാത്രമല്ല, അനുജനായ ഇടിമണി അറിഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന്‌ പറയാനാവില്ല.

രാമകൃഷ്‌ണനാണെങ്കില്‍ പൂര്‍വ്വകാലത്തിന്റെ കടങ്ങളുമായി മല്ലിടുകയാണ്‌. അതിനിടെ വിമാനമെന്നെങ്ങാന്‍ ആരെങ്കിലും പറഞ്ഞുപോയാല്‍ രാമകൃഷ്‌ണന്‌ കലികയറും. കാരണം മറ്റൊന്നുമല്ല. ഒരിക്കല്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചവനായിരുന്നു രാമകൃഷ്‌ണന്‍. അന്ന്‌ അതു നടക്കാതെ പോയത്‌ ബ്രോക്കര്‍ ഉസ്‌മാന്‍ പറ്റിച്ചതിനാലാണ്‌. അതുകാരണം മുറപ്പെണ്ണായ ഗീത രാമകൃഷ്‌ണനെ കാത്തുനില്‍ക്കാതെ അക്കരെയുള്ള ബാലരാമന്റെ ഭാര്യയായി.
എന്നെങ്കിലും ഒരിക്കല്‍ ഗള്‍ഫില്‍ പോയിവന്നാലെ ഇനി കല്ല്യാണത്തെക്കുറിച്ച്‌ ചിന്തിക്കൂ എന്ന്‌ പറയുന്ന രാമകൃഷ്‌ണന്റെ കയ്യിലുള്ള ചില്ലറപോലും അന്ന്‌ അളിയനായ സുഗുണന്‍ പ്രാരാബ്‌ധം പറഞ്ഞ്‌ വാങ്ങിയതാണ്‌. ഒരു കണക്കിന്‌ അതു നന്നായെന്നാ ആട്‌ കല്ല്യാണിയെന്ന കല്ല്യാണിയമ്മ പറഞ്ഞത.

‌ കലത്തീന്ന്‌ പോയാ കഞ്ഞിക്കലത്തിലല്ലേ. പക്ഷെ കഞ്ഞികലത്തിലുണ്ടായിട്ടും രാമകൃഷ്‌ണന്‌ ഒരു ഗുണവുമില്ല, എന്നതാണനുഭവം. അല്ലെങ്കില്‍ രണ്ട്‌ ദിവസം കുന്നിന്‍ചെരുവിലെ ചിറ്റടത്ത്‌ വീട്ടില്‍ പനിച്ച്‌ കെടന്ന രാമകൃഷ്‌ണനെ തിരിഞ്ഞ്‌ നോക്കാനാളില്ലാണ്ട്‌ വര്വോ? എന്തായാലും രാമകൃഷ്‌ണനെക്കൊണ്ട്‌ ഒരു പെണ്ണു കെട്ടിക്കാനുള്ള കേശവന്‍ നായരുടെ ശ്രമം വിജയിച്ചപ്പോള്‍ ഉള്ളില്‍ കരഞ്ഞത്‌ സതീദേവിയായിരുന്നു.
എന്നെങ്കിലും തന്നെ രാമകൃഷ്‌ണേട്ടന്‍ തിരിച്ചറിയുമെന്നവള്‍ കരുതിയിരുന്നു. അതുണ്ടായില്ല എന്നോര്‍ത്തപ്പോള്‍ അവളുടെ മനസ്സ്‌ തേങ്ങി. അങ്ങിനെയാണ്‌ ക്ലൈമാക്‌സില്‍ ജോലിക്ക്‌ വരുന്നത്‌ അവള്‍ നിര്‍ത്തിയത്‌. കുറച്ചുകാലമായി തന്റെ പിന്നാലെ നടന്ന്‌ വിവാഹം കഴിക്കാമെന്നു പറയുന്ന ഗള്‍ഫുകാരന്‍-പഞ്ചമി രാജനോട്‌ ഇനിയെന്തു പറഞ്ഞുനില്‍ക്കുമെന്നവള്‍ ആലോചിച്ചു.

രാജന്റെ ആദ്യഭാര്യ കിണറ്റില്‍ വീണു മരിച്ചതാണ്‌. ഒരു രണ്ടാം ഭാര്യയായി ആ വലിയ വീട്ടിലേക്ക്‌ ചെല്ലുന്ന കാര്യം ആലോചിച്ചപ്പോള്‍ അവള്‍ക്കെന്തോ വല്ലായ്‌മ തോന്നി. അനിയന്‍ മണി ഇപ്പോള്‍ രാജന്റെ വലയിലാണെന്നവള്‍ മനസ്സിലാക്കി. അയാളുടെ ചെമ്മീന്‍കെട്ടിന്റെ കാവലാണവനിപ്പോള്‍. എത്രയോ തവണ അവനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ രാമകൃഷ്‌ണേട്ടന്‍ വന്നതാണെന്ന്‌ അവളോര്‍ത്തു.അങ്ങിനെ ചന്ദ്രപ്രഭയെ തന്നെ വിവാഹം കഴിക്കാന്‍ രാമകൃഷ്‌ണന്‍ തയ്യാറായി. എന്തുകൊണ്ടോ അവളുടെയും വിവാഹം വൈകിപ്പോയതായിരുന്നു. കാണാന്‍ വലിയ തെറ്റില്ലെന്ന്‌ കേശവന്‍ നായര്‍ പറഞ്ഞു.തെറ്റില്ല എന്നല്ല സുന്ദരിയാണ്‌...

കുട്ടമ്പാലന്‍ രാമകൃഷ്‌ണനെ നോക്കി പറഞ്ഞു.അങ്ങിനെ രാമകൃഷ്‌ണന്റെ അളിയന്‍ സുഗുണനേയും മറ്റുള്ളവരേയും കേശവന്‍ നായരും കുട്ടമ്പാലനുംകൂടി കാര്യങ്ങള്‍ പറഞ്ഞ്‌ ബോദ്ധ്യപ്പെടുത്തി.തൃപ്പൂണിത്തറയിലെ ലക്ഷ്‌മി ബേക്കറിയിലെ തിരക്കുകള്‍ മാറ്റിവെച്ച്‌ സുഗുണന്‍ വന്നു... ചിറ്റടത്തെ പഴയ വീടിന്റെ ചായ്‌പില്‍ കുപ്പികള്‍ പൊട്ടി, അക്കരെ നിന്നും വന്ന വിജയനും ബാലരാമനുമൊക്കെ നല്ല ഫോമിലായി... മുറ്റത്ത്‌ പന്തലുയര്‍ന്നു. അടുക്കളഭാഗത്ത്‌ പെണ്ണുങ്ങള്‍ പരദൂഷണം പറഞ്ഞു ചിരിച്ചു.

കേശവന്‍ നായര്‍ വാഗ്‌ദാനം ചെയ്‌ത നവവരന്റെ ഉടുപ്പണിഞ്ഞ്‌ രാമകൃഷ്‌ണന്‍ കല്യാണച്ചെക്കനായി മുറ്റത്തിറങ്ങി. അവര്‍ ചന്ദ്രപ്രഭയുടെ വീട്ടിലേക്കുള്ള വഴിയില്‍ കിടന്ന കാറിലും ജീപ്പുകളിലുമായി കയറി.തണുത്ത വെള്ളം കുടിച്ച്‌ വലിയ ഫാനിന്റെ മുന്നിലായി ചെന്നിരുന്ന രാമകൃഷ്‌ന്റെ കൈയില്‍ ഒരു കൊച്ചുപെണ്‍കുട്ടി ഒരു കഷ്‌ണം കടലാസ്‌ കൊണ്ടുവന്നു കൊടുത്തു ഒരുവശത്ത്‌ മുട്ടായി വിതരണം നടക്കുന്നതിനാല്‍ എന്തോ തമാശയായിരിക്കുമെന്ന്‌ രാമകൃഷ്‌ണന്‍ കരുതി. പക്ഷെ അതൊരു ആറ്റംബോംബായിരുന്നു.ബഹുമാനപ്പെട്ട രാമകൃഷ്‌ണന്‍ ചേട്ടന്‌, ഞാന്‍ ക്ഷമ യാചിക്കുകയാണ്‌. കാരണം, എന്നെ രക്ഷിക്കാന്‍ ഇപ്പോള്‍ രാമകൃഷ്‌ണനേട്ടനനേ കഴിയുകയുള്ളൂ. മരിക്കുന്നതിനു മുമ്പ്‌ അച്ഛന്‌ എന്നെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിക്കണമെന്ന ആഗ്രഹം നിറവേറ്റാനായിരുന്നു ഇക്കാലമത്രയും സ്‌നേഹിച്ച പുരുഷനെ കാത്തിരുന്ന ഞാന്‍ നിങ്ങളുടെ ഭാര്യയാകാന്‍ തീരുമാനിച്ചത്‌. പക്ഷെ, അത്‌ ഞാന്‍ കാണുന്ന പുരുഷന്‍ നിങ്ങളുടെ അനുജന്‍ ശിവനാണെന്നറിയാമായിരുന്നു. മറ്റാരുടെ ഭാര്യയായാലും ഞാന്‍ നിങ്ങളുടെ ഭാര്യയായി ആ വീട്ടിലേക്ക്‌ ഒന്നുമറിയാത്തവളെപ്പോലെ വരുന്നതു ശരിയല്ല. ആ കുടുംബത്തിന്റെ നാശം കാണാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഈ വിവാഹത്തില്‍ നിന്നു ഞാന്‍ പിന്മാറുകയാണ്‌. എനിക്ക്‌ മാപ്പ്‌തരണമെന്നപേക്ഷിക്കുന്നു.

സ്വന്തം അനുജത്തി ചന്ദ്രപ്രഭകത്ത്‌ വായിച്ചു തീരുംമുമ്പെ രാമകൃഷ്‌ണന്‌ മോഹാലസ്യമുണ്ടായി. പണ്ട്‌ ഗള്‍ഫില്‍ പോകാനുള്ള അവസരം നഷ്‌ടപ്പെട്ടപ്പോള്‍ ഉണ്ടായതുപോലെ കേശവന്‍ നായര്‍ ഓടിവന്നതിനാല്‍ രാമകൃഷ്‌ണന്‍ ഫാനിന്ന്‌ മുകളിലേക്ക്‌ വീണില്ല. ആരെങ്കിലും കുറച്ച്‌ വെള്ളം എടുക്കണേ കേശവന്‍നായര്‍ വിളിച്ചു പറഞ്ഞു.ആരോ കൊണ്ടുവന്ന തണുത്ത വെള്ളം രാമകൃഷ്‌ണന്റെ മുഖത്ത്‌ തളിച്ച്‌ കേശവന്‍ നായര്‍ ആ കുറിപ്പെടുത്ത്‌ വായിച്ചു....

അതേ സമയത്തുതന്നെ ചന്ദ്രപ്രഭയുടെ വീട്ടിനകത്തുനിന്നും ഒരു നിലവിളിയുണ്ടായി... രാമകൃഷ്‌ണനെ ചാരിയിയിരുന്ന കേശവന്‍നായര്‍ അങ്ങോട്ടു ചെല്ലുമ്പോഴേക്കും ഗോവിന്ദേട്ടനെ രണ്ടാളുകള്‍ കസേരയിലിരുത്തി പുറത്തേക്ക്‌ കൊണ്ടുവരികയുണ്ടായി. ഒരു ബോധക്ഷയം...

ശങ്കരന്‍ നായര്‍ പറഞ്ഞു.ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച്‌ ഗോവിന്ദേട്ടനെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകേണ്ടിവന്നതിനാലും യഥാര്‍ത്ഥ പ്രതി രാമകൃഷ്‌ണന്റെ തന്റെ അനുജനായ ശിവനാണെന്നതിനാലും അഞ്ചാറ്‌ കൊല്ലത്തിനുശേഷം അന്യനാട്ടില്‍ നിന്നും വന്ന അനുജന്‍ കൊടുത്ത സമ്മാനം കൊള്ളാം. റെയില്‍വെപ്പണിക്കാരന്‍ കീപ്രാണ്ടി ഗോപാലന്‍ നായര്‍ അരിശത്തോടെ അവണേരി ശങ്കരേട്ടനോട്‌ പറഞ്ഞു.എന്ന്‌ ചെയ്യാനാ ഗോപാലന്‍ നായരേ, ഒക്കെ വിധി. ഒന്നും നമ്മളെ കയ്യിലല്ലല്ലോ...

ശങ്കരേട്ടന്‍ ലോകതത്വം പറഞ്ഞു.അവന്‍ താലികെട്ടട്ടെ, ആദ്യത്തെ തളര്‍ച്ചയില്‍നിന്നും മോചിതനായ രാമകൃഷ്‌ണന്‍ പറഞ്ഞു.അതെ അതാ നല്ലത്‌, അപ്പോഴേക്കും സദ്യ മണത്തിനാല്‍ വിശന്നു തുടങ്ങിയ ബുദ്ധിമുട്ട്‌ പപ്പനാവന്‍ അതിനോടു യോജിച്ചു. അങ്ങിനെ ആ വിവാഹം നടന്നു.ആള്‍ക്കൂട്ടത്തില്‍ നിന്നും രാമകൃഷ്‌ണന്‍ മെല്ലെ പുറത്തുകടന്നു. ഈ മണവാളന്റെ കുപ്പായം ഒന്നൂരണം. കടയില്‍ തന്റെ ഒരു ഷര്‍ട്ടിരിപ്പുണ്ട്‌. അവിടേക്കു പോകാം അവന്‍ ആശ്വാസത്തോടെ ചിന്തിച്ചു.

എതിരെ വരുന്നവരുടെ മുഖത്ത്‌ ഒരു അന്ധാളിപ്പുണ്ടായിരുന്നു. രാമകൃഷ്‌ണന്‍ എവിടേക്ക്യാ, അടുത്തോന്‍ കുമാരന്‍ തന്റെ ആണിക്കാല്‌ ഒരിഞ്ച്‌ ഉയരത്തിലേക്ക്‌ പൊക്കിപ്പിടിച്ചുകൊണ്ട്‌ അവനോട്‌ ചോദിച്ചു.
ഒന്നിവടം വരെ...
കടേന്ന്‌ ഒരു സാധനം എടുക്കാനുണ്ട്‌....
രാമകൃഷ്‌ണന്‍ രണ്ടാമതൊരു ചോദ്യത്തിന്‌ സമയം കൊടുക്കാതെ മുന്നോട്ട്‌ ധൃതിയില്‍ നടന്നു.
കടയിലെ ഉത്തരത്തില്‍ വെച്ച താക്കോലെടുത്ത്‌ തുറക്കാന്‍ ശ്രമിക്കവെ പിന്നില്‍ കേശവന്‍നായരുടെ ചുമ കേട്ടു.

രാമകൃഷ്‌ണാ താന്‍...

കേശവന്‍ നായര്‍ എന്തുപറയണമെന്നറിയാതെ രാമകൃഷ്‌ണന്റെ തോളില്‍ കൈവെച്ചു.

സാരല്യ... കേശവന്‍ നായരെ സാരല്യ...
- രാമകൃഷ്‌ണന്‍ കേശവന്‍നായരെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.മോനെ നിന്റെ മനസ്സ്‌ വലുതാണെടാ... ഞങ്ങക്കൊക്കെ അഭിമാനിക്കാന്‍ മാത്രം വലുത്‌...
കേശവന്‍നായര്‍ നിറകണ്ണുകളോടെ പറഞ്ഞു.
എന്തുപറയണമെന്നറിയാതെ രാമകൃഷ്‌ണന്‍ നിന്നു. അപ്പോള്‍ കുന്നോത്തുമുക്കിന്റെ ആകാശത്തിനു മുകളില്‍ ഒരു വിമാനത്തിന്റെ ശബ്‌ദമുണ്ടായി.
കേശവന്‍നായര്‍ ഒരു സ്വപ്‌നത്തിലെന്നപോലെ മന്ത്രിച്ചു; ഇന്നാണ്‌ നമ്മുടെ സതീദേവി ദുബായിലേക്ക്‌ പോകുന്നതെന്നു കേട്ടു....
ആ വാക്കുകളിലെ വേദനയില്‍ നിന്നും പ്രസരിച്ച പുതിയ ഒരൂര്‍ജ്ജത്താലെന്നപോലെ രാമകൃഷ്‌ണന്‍ മുറ്റത്തിറങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനത്തിന്റെ ശാന്തമായ പ്രയാണം കണ്ടു.

Read more...

Wednesday, April 22, 2009

വിളവ്‌

ഏതൊരു കൃഷീവലന്‍
ഭൂമുഖം ഉഴുവാനായ്‌
നോവുതന്‍ നകം വെച്ച്‌
നമ്മളെ തെളിക്കുന്നു

ദിക്കുകള്‍ അറിയാതെ
ചുറ്റുകയാവാം, പക്ഷേ
മുത്തുകള്‍ വിളഞ്ഞീടും
നാളെയീ മണ്ണില്‍ സത്യം

എത്രമേല്‍ ധന്യര്‍ നമ്മള്‍
കേവലം പതിരല്ല
ചിത്തമേ പഴിക്കേണ്ട
സാധു ജന്മത്തെ വൃഥാ

Read more...

Monday, March 16, 2009

കലാഭവന്‍ മണിപ്പാട്ടുകള്‍-1

പാട്ടെത്ര പാടിയാലും
കൂട്ടെത്ര കൂടിയാലാം
പാവം മനുഷ്യനാണീ രാമേട്ടന്‍
ഈ നാടിന്റെ സ്‌നേഹമാണീ രാമേട്ടന്‍
ചോരുന്ന കൂര കണ്ടാള്‍
ആറുന്ന കഞ്ഞി കണ്ടാള്‍
പണ്ടത്തെ കാര്യമൊക്കെയോര്‍ക്കും ഞാന്‍
എന്റെ ബാല്യത്തിന്‍ കാര്യമൊക്കെയോര്‍ക്കും ഞാന്‍
ആകാശത്തമ്പിളിയെ ഗോതമ്പു പത്തിരിയായ്‌
കണ്ട്‌ കൊതിച്ചാ കാലം ഓര്‍ക്കും ഞാന്‍
എന്റെ പണ്ടെത്തെ കാലമെല്ലാം ഓര്‍ക്കും ഞാന്‍

Read more...

Thursday, February 26, 2009

കുയില്‍ ചെയ്യേണ്ടിയിരുന്നത്‌

ഇനി മുതല്‍
കാക്കയായി ജീവിച്ചാല്‍
മതിയെന്ന്‌
കുയിലിന്‌
ഒരു ഉത്തരവ്‌ കിട്ടി

പാടരുത്‌
നെരം വെളുക്കുകയാണെന്ന്‌
കരഞ്ഞാല്‍ മതി

വസന്തകാലം മറന്ന്‌
തളിരിലകള്‍ മറന്ന
ഒരു ജീവിതം
കുയിലിന്‌ സങ്കല്‍പിക്കാനായില്ല

അങ്ങിനെയാണ്‌ കുയില്‍.....

Read more...

Wednesday, February 11, 2009

അടുപ്പം

അവര്‍
ആദ്യമായി
കാണുകയായിരുന്നു
എന്നാലും
ഒരു കവിത
രണ്ടു ദേശങ്ങളിലുന്ന്‌
കുട്ടിക്കാലത്ത്‌
പഠിച്ചിട്ടുണ്ടായിരുന്നതിനാലാവാം
പരസ്‌പരം എളുപ്പം മനസ്സിലായത്‌

Read more...

Wednesday, January 21, 2009

കാരണം


'സമതാള'ത്തില്‍

ഈ കൊച്ചു വരികള്‍

വായിക്കുക: കാരണം

Read more...

Thursday, January 15, 2009

ഫോക്കസ്‌

സിനിമ ഇറങ്ങി മൂന്നാമത്തെ ആഴ്‌ചയില്‍ അമര്‍നാഥിനെതേടി ഒരു പെണ്‍കുട്ടിയെത്തി. നിരഞ്‌ജനയെന്നായിരുന്നു അവള്‍ സ്വയം പരിചയപ്പെടുത്തിയത്‌.

"സാറ്‌ പറയുന്ന കഥാപാത്രം മരിച്ചിട്ടില്ല" - അവള്‍ അമര്‍നാഥിന്റെ കണ്ണുകളിലേക്ക്‌ സൂക്ഷ്‌മമായി നോക്കിക്കൊണ്ട്‌ പറഞ്ഞു.

"ആര്‌ ?" -അമര്‍നാഥ്‌ അല്‍ഭുതത്തോടെ അവളെ നോക്കികൊണ്ടു ചോദിച്ചു.

"ആ സിനിമയിലെ നായകന്‍ വിനയന്‍"

"ങ്‌ഹേ... അത്‌ കുട്ടിക്കെങ്ങിനെ അറിയാം ?" - അമര്‍നാഥ്‌ അല്‍പം ദേഷ്യത്തോടെ പറഞ്ഞപ്പോള്‍ അവള്‍ ഒന്നു പകച്ചതുപോലെ തോന്നി.

"അതെന്റെ ജ്യേഷ്‌ഠനായിരുന്നു..." അവള്‍ പതിയെ പറഞ്ഞു.

മൗണ്ട്‌ ലൂയീസ്‌ ഹോസ്‌പിറ്റലില്‍ നിന്നും ചാടിപ്പോയ മാനസിക രോഗിയായ വിനയന്‍...

ഇതു കേട്ടപ്പോള്‍ അമര്‍നാഥിന്‌ ഞെട്ടലാണുണ്ടായത്‌. താന്‍ തേടി നടന്ന രഹസ്യങ്ങളുടെ ഒരു തുമ്പ്‌ തനിക്കു മുമ്പില്‍ പെട്ടെന്നു പ്രത്യക്ഷമായതുപോലെ അയാള്‍ക്കു തോന്നി....

അമര്‍നാഥ്‌ ആ കഥ പറഞ്ഞു.

പ്രഗല്‍ഭനായ സംവിധായകനുവേണ്ടി ഹൈറേഞ്ചിലെ ടി.ബി.യില്‍ മുറിയെടുത്ത്‌ ഒരു തിരക്കഥക്കു വേണ്ട തീം ആലോചിച്ച്‌ നിരശപ്പെട്ട്‌ മദ്യപാനത്തിന്റെ സ്വകാര്യതയില്‍ വീണപ്പോഴാണ്‌ വാച്ചര്‍ വേലപ്പന്‍നായരിലൂടെ ആ സംഭവം കേട്ടത്‌.

മാനസിക രോഗാശുപത്രിയില്‍ നിന്നും ഒളിച്ചോടിയ യുവതീയുവാക്കള്‍ കുറച്ചുകാലം ഒന്നിച്ച്‌ ജീവിക്കാന്‍ തെരഞ്ഞെടുത്തത്‌ ഈ സ്ഥലമായിരുന്നുവത്രെ. ഒടുവില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ആ സംഭവം മെനുക്കിയെടുത്ത്‌ സംവിധായകനും നിര്‍മ്മാതാവിനും വേണ്ടി താന്‍ പറഞ്ഞു. അവര്‍ക്കത്‌ ഇഷ്ടമായി. അങ്ങിനെ ഒരു നല്ല സിനിമ പിറന്നു.

"അതില്‍ കുറച്ച്‌ കള്ളമുണ്ട്‌ സാറേ..." -അവള്‍ പറഞ്ഞു.

"കള്ളമോ ?" -അമര്‍നാഥിന്‌ കൗതുകമായി.

"അതേ, അവര്‍ ആത്മഹത്യ ചെയ്യാന്‍ തീരൂമാനിച്ചിരുന്നോ എന്നറിയില്ല. അവരിട്ടത്‌ ചെയ്‌തിട്ടുമില്ല. പകരം കൊല്ലപ്പെടുകയായിരുന്നു. അതും അവരിലൊരാള്‍ മാത്രം..."

"ങ്‌ഹേ..." -അമര്‍നാഥിന്‌ ആകാംക്ഷ അടക്കാനായില്ല. "കുട്ടി എന്താണീ പറയുന്നത്‌ ?"

"അതേ, അവരില്‍ ഒരാള്‍, അതായത്‌ എന്റെ ജേഷ്‌ഠന്‍ വിനയന്‍ ജീവിച്ചിരിപ്പുണ്ട്‌. മരിച്ച കോടീശ്വരിയായ പെണ്‍കുട്ടി അപര്‍ണ്ണാ മേനോന്‍ കൊല്ലപ്പെടുകയായിരുന്നു..... " അവള്‍ എഴുന്നേറ്റ്‌ പറഞ്ഞു.

അമര്‍നാഥ്‌ അവളെ അനുഗമിച്ചുകൊണ്ട്‌ ചോദിച്ചു : "ഇതില്‍ പോലീസ്‌, അന്വേഷണം, നിയമക്കുരുക്കള്‍... ?"

"അതെ, പോലീസിന്‌ എല്ലാമറിയാം... തല്‍ക്കാലം സാറില്‍ നിന്നും ഇതു പുറത്തു പോവരുത്‌." അവള്‍ ഗൗരവത്തോടെ പറഞ്ഞു.

വലിയൊരു ഭാരം തന്റെ തലയില്‍ വന്നു വീണതുപോലെ അമര്‍നാഥ്‌ ഭയപ്പെട്ടു.

Read more...

Thursday, January 8, 2009

അനുമോദനങ്ങള്‍.
.
.
.
.
.
ചിത്രം : വി. മോഹനന്‍

മറ്റുള്ളവരുടെ കൈകള്‍
നമ്മെ കുളിപ്പിക്കും
മരണംപോലെയാണ്‌
ചില അനുമോദനങ്ങള്‍

സാരമില്ല
അവര്‍ തേച്ചു കഴുകുന്നത്‌
അവരുടെ അപദാനങ്ങളാവാം
നാട്ടുതെറികളാവാം
റേഷന്‍ കടയിലോ ബസ്സിലോ
തൊട്ടു മുമ്പില്‍ നിന്ന നേരുത്തുള്ള
ചെരിപ്പുകൊണ്ടുള്ള കുത്താവാം
എന്തായാലും കഴുകട്ടെ

മണ്ണടരുകള്‍ക്കപ്പുറത്തെ ഞാന്‍
പള്ളിക്കൂടത്തിലേക്ക്‌ പോകും
ഒരു ചൂളംവിളിയോടെ
ഇന്നെങ്കിലും

Read more...

Thursday, January 1, 2009

കോഴികള്‍ക്ക്‌ ജാതിയില്ല
ചിത്രങ്ങള്‍ : വി. മോഹനന്‍ :

കുറ്റിയാടിചന്ത മുഴുവന്‍ കറങ്ങി, അവസാനം അഹ്‌്‌മ്മദ്‌ക്കാന്റെ പീട്യേന്നാണ്‌ ചോദിച്ചത്‌. സാധനം തരുമ്പോള്‍ മുപ്പരൊന്നു ചുഴിഞ്ഞു നോക്കി, അതില്‍ സഹതാപമായിരുന്നുവെന്ന്‌ പ്രകാശന്‌ തോന്നി.

'എന്താപ്പം ഇങ്ങനെ' എന്ന ഒരു ചോദ്യം അതില്‍ അടങ്ങിയിരുന്നു. മര്യാദ ഓര്‍ത്ത മൂപ്പരത്‌ ചോദിച്ചില്ലെന്നേയുള്ളു. അയാള്‍ക്ക്‌ ലോകത്തോടു മുഴുവന്‍ സ്‌നേഹമായിരുന്നു. പക്ഷെ, താമസിക്കുന്ന വാടകവീട്ടിന്റെ അയല്‍ക്കാരിയായ വെട്ടുകത്തി ഭവാനിയോടും അവളുടെ നാശം പിടിച്ച കോഴികളോടും വല്ലാത്ത വെറുപ്പായിരുന്നു.

ഇന്നലെ പഞ്ചായത്തില്‍ തൊഴിലില്ലായ്‌മാ വേതനത്തിന്റെ തിരക്കുകളൊക്കെ കഴിഞ്ഞ്‌ പരിക്ഷീണനായി എത്തിയപ്പോഴാണ്‌ കണ്ടത്‌ മുറ്റത്തും വരാന്തയിലും കോഴികള്‍ നിരങ്ങുന്നു. വിസര്‍ജ്ജനത്തിന്റെ പൂരവും.

"കോഴി പോ...." എന്ന തന്റെ നിലവിളിക്ക്‌ വേലിക്കപ്പറുത്തുനിന്നും ഒരു പരിഹാസച്ചിരിയായിരുന്നു മറുപടി. ഞെട്ടലോടെ തിരിഞ്ഞുനോക്കിയിപ്പോള്‍ വെട്ടുകത്തി ഭവാനി പരിഹാസത്തോടെ നോക്കുന്നു... നിയമങ്ങളെല്ലാം ഉളുപ്പില്ലാത്ത സ്‌ത്രീകള്‍ക്കനുകൂലമായ കാലം. സ്വയം നിയന്ത്രിച്ചു. വാടകവീടിന്റെ അഡ്വാന്‍സ്‌ കൊടുത്ത്‌ താമസമാരംഭിച്ചതിന്റെ പിറ്റേ ദിവസം ബ്രോക്കര്‍ സൂലൈമാന്‍ പറഞ്ഞതോര്‍ത്തു : 'ഓക്കിത്തിരി വട്ടാണിട്ടോ, കോളണീലെ ആനമണീനെ വെട്ട്യോളാ....'

‌അതു കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയിരുന്നു. 'ഈ ചെറിയ പെണ്ണോ ?' ഞാന്‍ സുലൈമാനെ തമാശ പറഞ്ഞതുപോലെ നോക്കി.

'എന്താ കത്തികൊണ്ടു വെട്ടുന്നോര്‍ക്കൊക്കെ കീരിക്കാടന്‍ ജോസിന്റത്ര വലിപ്പം വേണോ ?' - സുലൈമാന്റെ തിരിച്ചു ചോദ്യം സത്യമായിരിക്കുമെന്നു തോന്നി.

പിറ്റേ ദിവസം വരുമ്പോള്‍ കോലായില്‍ കയറി തന്റെ ബനിയന്‍ തിന്നുകയാണ്‌ അവളുടെ ഒടുക്കത്തെ ആ കറുത്ത ആട്‌. നിയന്ത്രണം വിട്ട്‌ ഓടി ഒരു ചുള്ളിക്കമ്പെടുത്ത്‌ ആടിനെ അടിച്ചോടിച്ചു. പിന്നേയും ആടുകളുടേയും കോഴികളുടേയും വരവായിരുന്നു. തന്റെ കഷ്ടപ്പാടുകള്‍ കണ്ട്‌ അവള്‍ അപ്പുറം നിന്നു ചിരിക്കും.

ഒരു ദിവസം സുലൈമാനെ കണ്ടമ്പോള്‍, വേറെ വിടു കിട്ടാനുണ്ടോ എന്ന്‌ അന്വേഷിച്ചു. "എന്താ മാഷെ നിങ്ങളിങ്ങിനെ ചോയ്‌ക്കുന്നത്‌. ഇന്നാട്ടില്‍ വെറെ വിടില്ല..' -സുലൈമാന്‍ നിസ്സഹായനായി.

വല്ലാത്ത നിരാശതോന്നി. സുലൈമാന്‍ തന്റെ ശത്രുവാണോ എന്നു പോലും തോന്നി. എന്തായാലും അവളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചാണ്‌ കുറ്റിയാടി ചന്ത മുഴുവന്‍ പരതി എലിവിഷം വാങ്ങിയത്‌.

എലിവിഷം കോഴികള്‍ക്കായി ഒരുക്കുവെച്ചാണ്‌ പിറ്റേന്നു കാലത്ത്‌ ഓഫീസിലേക്ക്‌ പോയത്‌. ഇടക്കൊക്കെ വേണ്ടായിരുന്നു എന്ന ചിന്തയും തികട്ടി വന്നു. വൈകീട്ടി നേരത്തെ ഇറങ്ങി. റീഡിംഗ്‌റൂമിലൊന്നും കയറാതെ നേരെ വിട്ടീലേക്ക്‌.

ഇടവഴിയില്‍ നിന്നേ കണ്ടു. അടുത്ത വിട്ടിലെ രണ്ടു പെണ്ണുങ്ങള്‍ നില്‍ക്കുന്നത്‌. പറങ്കിമാവിനടുത്തുള്ള പടികള്‍ കയറി കോലായിലേക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, മുന്നിലതാ ചത്തതാണെന്നു തോന്നുന്ന രണ്ടു കോഴികളുമായി ഭവാനി നില്‍ക്കുന്നു.

"ഇതോ ഒറോട്ടും പാറേമ്മലെ കൂട്ടിച്ചാത്തന്‌ നേര്‍ന്നിട്ടതാ.... അനുഭവിക്കും." തുറു കണ്ണുകളോടെ അവള്‍ ശപിച്ചു.

കാലില്‍ നിന്നൊരു വിറയല്‍ മേലോട്ട്‌...

എവിടെ നിന്നോ സൂലൈമാന്‍ അറ്റു വീണു : 'മാഷേ, എങ്ങളാ പൈസങ്ങ്‌ കൊട്‌ക്ക്‌.... നാരാണേട്ടന്‌ മരുന്ന്‌ വാങ്ങിക്കോട്ടേ...."

"ഇല്ല്യ... ശല്യം സഹിക്കാഞ്ഞിട്ടാ ഞാനിത്‌ ചെയ്‌തത്‌. " -അയാള്‍ പറഞ്ഞു.

സുലൈമാന്‍ പിടിച്ച പിടിയാലെ തെക്കേ മുറ്റത്തേക്കു കൊണ്ടുപോയി. "നാറ്റ കേസാണ്‌ ങ്ങ്‌ളൊക്കെ പഠിപ്പും വിവരോള്ള മനുഷ്യരല്ലേ.. നാലാള്‌ കേട്ടാ മോശം ങ്ങ്‌ക്ക്‌ തന്ന്യാ.."

അയാള്‍ ഒന്നയഞ്ഞ തക്കം നോക്കി സുലൈമാന്‍ അയാളുടെ പോക്കറ്റില്‍ നിന്നും നുറിന്റെ മുന്നു നോട്ടുകളുമെടുത്ത്‌ നടന്നു നീങ്ങി.. അമ്മക്ക്‌ ചായ്‌പ്‌ കെട്ടാനയക്കാനുള്ള പണമായിരു്‌ന്നു. രാത്രി അയാള്‍ ലൈറ്റിടാതെ ഉമ്മറത്തെ തിണ്ണയിലിരുന്ന്‌ ഓരോന്ന്‌ ആലോചിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ചത്‌... അതിനിടയില്‍ അച്ഛന്റെ മരണം... ജോലി കിട്ടി ഏറെ വൈകിയിട്ടും ഒരു വിവാഹത്തെക്കുറിച്ച്‌ താന്‍ ചിന്തിക്കാതിരുന്നത്‌ മനസ്ലില്‍ ഏഴു വര്‍ഷത്തിന്റെ നഷ്ടബോധമുള്ളതിനാലായിരുന്നു. തന്റെ പാടെ തള്ളിക്കളഞ്ഞ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മ... ഈ ലോകത്ത്‌ താന്‍ എത്രയോ ചെറുതായി പോയി... പണക്കാരനുമായുള്ള അവളുടെ വിവാഹചോറുണ്ടു വന്ന ചങ്ങാതെമാരെക്കുറിച്ചൊക്കെ എനിക്കറപ്പായി. ആ നാളുകളില്‍ താനെത്രമാത്രം വേദനിച്ചു.

"എന്താ മാഷേ, ലൈറ്റില്ലേ ?" -സുലൈമാന്റെ ചോദ്യം കേട്ട്‌ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. നിവര്‍ന്നിരുന്ന്‌ ഒരു സിഗരറ്റു കൊളുത്തുമ്പോള്‍ സുലൈമാന്‍ അടുത്തു വന്നിരുന്നു.

"നിങ്ങക്കെന്താ പറ്റ്യേത്‌ ?"

"എന്തു പറ്റാന്‍" -അയാള്‍ ഈര്‍ഷ്യയോടെ സുലൈമാന്‌ മറുപടി നല്‍കി. ഇഷ്ടന്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി.

"ഇന്ന" -സുലൈമാന്‍ ഒരു പൊതി നീട്ടി. "എന്തായിത്‌ ?"

"ഇത്തിരി കോഴ്യേറച്ച്യാ" -ഇരുട്ടില്‍ സുലൈമാന്റെ പല്ലുകള്‍ തിളങ്ങി.

"എവിടുന്നാത്‌ ?" അയാളുടെ ചോദിച്ചു

"സംശയിക്കേണ്ട ഇത്‌ ഇമ്പളെ കോയേറച്ച്യല്ല. അത്‌ വെഷം തിന്ന്‌ ചത്തതല്ലെ. ഇത്‌ ഓള്‌ മാഷ്‌ക്കൊരു കോഴീനെ സന്തോഷത്തോടെ തന്നതാ..."


"കൊണ്ടുപോടോ..." -അയാള്‍ സുലൈമാനോട്‌ ഉച്ചത്തില്‍ പറഞ്ഞു.

"ന്നാപ്പം വേണ്ട" സുലൈമാന്‍ പെട്ടെന്നു തന്നെ ഇരുട്ടിലൂടെ മറഞ്ഞുപോയി. അയാള്‍ വീണ്ടും തനിച്ചായി.

പിറ്റേന്ന്‌ അയാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഉമ്മറപ്പടിയില്‍ മുന്നൂറു രൂപയുണ്ടായിരുന്നു. ഒപ്പം ഒരു കുറിപ്പും :

"കോഴികള്‍ക്കറിയില്ല മനുഷ്യരുടെ വലുപ്പചെറുപ്പവും ജാതിയും മതങ്ങളും"

അയാള്‍ അത്‌ വായിച്ചു ചിരിച്ചു. മനസ്സിലെ ഈര്‍ഷ്യയെല്ലാം അലിഞ്ഞുപോയി.

അന്നു പകല്‍ അങ്ങാടിയില്‍ വെച്ച്‌ സുലൈമാനോട്‌ അയാള്‍ സ്‌നേഹത്തോടെ സംസാരിച്ചു. ഹോട്ടല്‍ രാമചന്ദ്രയില്‍ കയറി ചായ കുടിച്ചു. അതിനിടയില്‍ സുലൈമാന്‍ അവളുടെ കഥ പറഞ്ഞു. ജയിലില്‍ കിടക്കുന്ന ചെറിയച്ഛന്‍ വന്നാല്‍ അതോടെ അവളുടെ ജീവിതം തീരും. അച്ഛന്‍ കിടപ്പിലായപ്പോള്‍ അമ്മയുടെ സ്വന്തക്കാരനായവനാണ്‌ ആനമണിയെന്ന ചെറിയച്ഛന്‍. അവളേയും അയാള്‍ നോട്ടമിട്ടതിനാലാണ്‌ അവള്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയത്‌. അവള്‍ പീഢിപ്പിച്ചെന്നു പറഞ്ഞ്‌ അയാള്‍ക്കെതിരെ തിരിച്ചു കേസും കൊടുത്തു. അങ്ങിനെ പ്രാണരക്ഷാര്‍ത്ഥമുള്ള വെട്ടായി മാറി അത്‌. അയാള്‍ അകത്തായി.

"വന്നാലൊരു ചുക്കും സംഭവിക്കില്ല, പണ്ടാരക്കണ്ടി തറവാട്ടില്‍ വരാന്‍ ഒരാനമണിക്കും കഴിയില്ല." -അയാള്‍ ഗൗരവത്തോടെ പറഞ്ഞു.

മനസ്സിലാവാത്തതുപോലെ സുലൈമാന്‍ അന്ധാളിച്ചുകൊണ്ട്‌ അയാളെ നോക്കി.

"അതേട്യാ"

സുലൈമാന്‍ ചോദിച്ചു "ഏത്‌" -അയാള്‍ തിരിച്ചും.

"ഈ പണ്ടാരക്കണ്ടി"

"അതെന്റെ വീട്ടു പേരാണ്‌" -അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞപ്പോള്‍ സുലൈമാന്‍ കാര്യങ്ങളുടെ പോക്ക്‌ പിടി കിട്ടി.

"നിങ്ങളെ ദൈവം രക്ഷിക്കും..." -അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ സുലൈമാനത്‌ പറഞ്ഞത്‌ കണ്ണുകള്‍ നിറഞ്ഞുകൊണ്ടായിരുന്നു.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP