Tuesday, December 30, 2008

അഭിമാനം


നെല്ലിക്കാവ്‌ ഗ്രാമത്തില്‍ അനിയനെ കൊന്നവനെന്ന്‌ തെറ്റിദ്ധിരിക്കപ്പെട്ട്‌ ജീവിക്കുന്ന സുധാകരന്റെ അനുജന്‍ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ അവന്റെ മുറപ്പെണ്ണായ പാര്‍വ്വതിയെ സംരക്ഷിച്ചു നിര്‍ത്തുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന ആത്മസംഘര്‍ഷങ്ങള്‍....

Read more...

അടച്ചിട്ട ജാലകങ്ങള്‍

ഇളവെയിലില്‍
മൂത്രശങ്കക്കിരിക്കുന്ന
മുത്തച്ഛനില്‍ നിന്നു മാറി
സങ്കോചപ്പെട്ടു നിന്നിരുന്നു അവള്‍

മലയാളം മാഷ്‌
വെട്ടിത്തിരുത്തിയ കവിത
എന്നെ കാണിച്ച്‌
നൊമ്പരപ്പെട്ടിരുന്നു

ചിറകൊടിഞ്ഞ ഒരു പരുന്തിനെ
പരിചരിച്ച്‌
ഒഴിവുകാലം മറന്നിരുന്നു

ഇന്നലെയായിരുന്നു
അവളുടെ മടക്കം

മേശപ്പുറത്തെ തിരികെ വന്ന
കവിതയില്‍ നിറയെ
ക്ലാസ്സിലെ അടച്ചിട്ട ജാലകങ്ങളായിരുന്നു

Read more...

Wednesday, December 24, 2008

ദശാവതാരമില്ലാതെ


.
.
.
.
.
.
ചരിത്രത്തെ
ദീര്‍ഘചുംബനത്താല്‍
പ്രണയിച്ച്‌
ഒരു ചിത്രം കൊണ്ട്‌
രാജന്‍
അനശ്വരനായി
.
കമലഹാസന്‌
ഒരു നൂറു ചിത്രമെങ്കിലും
വേണ്ടി വന്നു
ദശാവതാരവും കടന്ന്‌
അത്രയും കാലം
ജീവിക്കാന്‍
.................................................................
വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌-305 /21-12-2008

Read more...

Friday, November 7, 2008

സെന്റോഫ്‌

സായാഹ്ന വിരുന്നില്‍ രോഗികളും ആശുപത്രി ജീവനക്കാരും അയല്‍വാസികളുമൊക്കെ ഉണ്ടായിരുന്നു. മുറ്റത്തെ ബോഗണ്‍വില്ലയില്‍ വീണു കിടക്കുന്ന മഞ്ഞ വെയിലിലേക്ക്‌ നോക്കി ഡോക്ടര്‍ പ്രമോദ്‌ ശ്രീനിവാസന്‍ പാടി തുടങ്ങിയപ്പോള്‍ അതൊരു ശോക സാന്ദ്രമായ കഥയുടെ പര്യവസാനമായി അളകക്ക്‌ തോന്നി. അവള്‍ പൂര്‍വ്വകാലം മറന്നുപോയ മിഥുന്‍ മോഹന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ ശരിയാക്കികൊണ്ട്‌ നിന്നു... എന്തിനെന്നറിയാതെ അവന്‍ അവളെ നോക്കി ചിരിച്ചു.

മുന്നു മാസങ്ങള്‍ക്കപ്പുറത്തെ ആ രാത്രിക്കുറിച്ചോര്‍ക്കുകയായിരുന്നു അവള്‍. കുസൃതിക്കാരനായ മിഥുന്‍മോഹനോടൊപ്പം അവന്റെ കൂട്ടുകാരനായ അനില്‍ദാസിന്റെ ബാംഗ്ലൂരിലുള്ള താമസ സ്ഥലം തേടിയുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ഇരു വീട്ടുകാരും എതിര്‍ക്കുന്ന ഒരു പ്രണയ ബന്ധത്തിന്റെ അനിവാര്യമായ ഒളിച്ചോട്ടമായിരുന്നു അത്‌. ഒടുവില്‍ ആ യാത്ര അവസാനിച്ചത്‌ ഒരു അപകടത്തിലാണ്‌.

മലയാളിയും മധ്യവയസ്‌കനുമായ ഡോക്ടര്‍ പ്രമോദിന്റെ സ്വകാര്യ ആശുപത്രിയില്‍ കിടക്കവേ മിഥുന്‍ മോഹനനെന്ന ത്‌ന്റെ കാമുകന്‌ ഇനി തിരിച്ചറിവിന്റെ ഓര്‍മ്മകള്‍ തിരികെ കിട്ടില്ലെന്ന സത്യമറിഞ്ഞു.

കലാകാരനായ ഡോക്ടറുടെ പ്രണയനൈരാശ്യ കഥയില്‍ നിന്നും തന്നോടുള്ള അനുരാഗം മനസ്സിലായെങ്കിലും മിഥുന്റെ ജീവനെക്കരുതി എല്ലാം ക്ഷമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ നിന്നും തന്നെ കാണാന്‍ വന്ന ഡോക്ടറുടെ അമ്മയോട്‌ സത്യം പറഞ്ഞപ്പോള്‍ അവര്‍ അനുഗ്രഹിച്ചു

ബന്ധുക്കളുമായി എല്ലാം സംസാരിച്ച്‌ തിരിച്ചു വന്ന ഡോക്ടര്‍ക്ക്‌ സ്വന്തം മകളുടെ വിവാഹം നടത്തുന്ന ഭാവമായിരുന്നു. അങ്ങിനെ ഒരു സായാഹ്ന വിരുന്നോടെ അദ്ദേഹം തങ്ങളെ നാട്ടിലേക്കയക്കുകയാണ്‌. ഇനി....

നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. ഡോക്ടര്‍ മിഥുനെ വാല്‍സല്യപൂര്‍വ്വം കെട്ടിപ്പിടിച്ചു, പിന്നെ മെല്ലെ പറഞ്ഞു: പോയി വരൂ.... അവര്‍ ചാക്കോ ചേട്ടന്റെ കാറില്‍ കയറി. പുറത്ത്‌ അപ്പോഴും ബോഗണ്‍ വില്ലയില്‍ മഞ്ഞ വെയിലിന്റെ പൂക്കള്‍ മന്ദഹസിച്ചുകൊണ്ടിരുന്നു.

Read more...

Tuesday, September 16, 2008

കറുപ്പും കവിതയും

കപ്പലണ്ടിക്കാരനോട്‌
മാംസം വില്‍പക്കാരി
പറഞ്ഞതറിയാതെ-
കപ്പലോട്ടകാരനോട്‌
മന്ത്രിമാര്‍ പറയുന്നതു മാത്രമോ-
ഈ കറുത്ത കാലത്തിന്റെ
കറുത്ത അക്ഷരങ്ങള്‍

(തെരുവില്‍ ചത്തവന്റെ
പട്ടാളമാണോ
ഈ ഉറുമ്പിന്‍ കൂട്ടങ്ങള്‍)

-വര്‍ത്തമാനം ആഴ്‌ചപ്പതിപ്പ്‌(07-09-2008 -ഞായര്‍)

Read more...

Saturday, August 2, 2008

ബാലന്‍ മദിരാശിയില്

ഒരു മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ വരുന്നതോടെ മേലുകാവുകാര്‍ക്ക്‌ കൗതുകം നഷ്ടപ്പെടുന്നു.

അശോകിന്റെ ഫോണ്‍നമ്പറോ, വിലാസമോ താന്‍ കുറിച്ചു വെച്ചില്ലല്ലൊ എന്ന ചിന്ത ബാലനെ നിരാശപ്പെടുത്തി.

ബ്ലേഡുവേലായുധന്റെ മകനുമായി പ്രണയത്തിലായ തന്റെ മകള്‍ ആത്മഹത്യക്കൊരുങ്ങി എന്നറിഞ്ഞ ബാലന്‍ ഞെട്ടുന്നു.

നാട്ടുകാര്‍ ഇടപെട്ടപ്പോള്‍ പിശുക്കനായ വേലായുധന്‍ രണ്ടു ലക്ഷം രൂപ സ്‌ത്രീധനം തന്നാല്‍ തന്റെ മകന്‍ അവളെ വിവാഹം കഴിക്കുമെന്നറിയിക്കുന്നു.

എങ്ങിനെയെങ്കിലും അശോക്‌രാജിനെ കാണാന്‍ ബാലന്‍ തീരുമാനിക്കുന്നു.

മദ്രാസിലെത്തിയ ബാലന്‍ ഭാഷയറിയാതെ അലഞ്ഞുതിരിഞ്ഞ്‌ പോലീസ്‌ പിടിയിലാവുന്നു.

സ്റ്റേഷനില്‍ ചായ കൊടുക്കുന്ന കായം കുഞ്ഞിരാമന്‍ മുഖേന ബാലന്‍ രക്ഷപ്പെടുന്നു.

തന്റെ കടയില്‍ ചായ കുടിക്കാറുള്ള ആന്റണി പെരുമ്പാവൂരിനെ വിളിച്ച്‌ കുഞ്ഞിരാമേട്ടന്‍ സംസാരിക്കുന്നു.

അങ്ങിനെ കാര്യങ്ങള്‍ അറിഞ്ഞ മലയാള സിനിമയിലെ അതുല്യനായ ലാലേട്ടന്‍ മുഖേന, അശോക്‌ അമേരിക്കയിലാണെന്നും കായത്തിന്റെ കേരള റസ്‌റ്റോറന്റില്‍ താമസിക്കാനും തീരുമാനിക്കുന്നു. ഒരാഴ്‌ച കഴിഞ്ഞ്‌ അശോക്‌ രാജിന്റെ വീട്ടിലെത്തിയ ബാലനെ നിറഞ്ഞ സ്‌നേഹത്തോടെ അയാള്‍ വരവേല്‍ക്കുന്നു. മകളുടെ വിവാഹത്തിനു വേണ്ട എല്ലാ തയ്യാറെടുപ്പുകളും നടത്താന്‍ വലിയൊരു പണവുമായി ഒരാളെ ബാലനോടാപ്പം നാട്ടിലേക്ക്‌ പറഞ്ഞയക്കുകയും വിവാഹത്തിന്‌ താനെത്തുമെന്ന്‌ ഉറപ്പു നല്‍കുകയും ചെയ്യുന്നു....

Read more...

Wednesday, June 11, 2008

പ്രാര്‍ത്ഥന

വര്‍ഷങ്ങള്‍ക്കു മുമ്പ്‌
ഒരു കൂട്ടുകാരിയുടെ മുന്നില്‍ വെച്ച്
അവന്‍ അനുജനെ തല്ലി
അതൊരു പുഴക്കരയായിരുന്നു
അകന്നു പോയ അനുജന്‍
പുഴയിലാണെന്നു നാട്ടുകാര്‍
മറുനാട്ടിലാണെന്ന്‌
അയാളും ദൈവവും
ഒടുവില്‍ അയാള്‍ പരാജയപ്പെട്ടു
-ജയിലിലായി
പക്ഷേ
കഷ്ടമെന്നപ്പോള്‍
മറുനാടിനു തോന്നി,
മരിച്ച അനുജനെ
മറുനാടു കൊണ്ടുവന്നു
അന്നു പകല്‍
സൂര്യന്‍ ചിരിച്ചു
ആകാശം ചിരിച്ചു
അകന്നുപോയ അയാളുയെ ഭാര്യയും...
അതൊരു കവിതയാണെന്നു ഞാന്‍
കഥയാണെന്നയാള്‍

Read more...

പ്രാര്‍ത്ഥന

എല്ലാം എത്ര പെട്ടെന്നായിരുന്നു.
നാട്ടുകാര്‍ ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയതും അതിന്‌ കേശവന്‍ നായര്‍ മുന്നില്‍ നിന്നതും. എങ്ങിനേയെങ്കിലും മകളുടെ കല്ല്യാണം കഴിഞ്ഞുപോവണം എന്ന ഒരു ലക്ഷ്യമായിരുന്നു അയാളെ ആ നീചമായ പ്രവര്‍ത്തിക്ക്‌ പ്രേരിപ്പിച്ചത്‌.
സ്വന്തം അനുജനെ കൊന്ന കുറ്റത്തിന്‌ വര്‍ഷങ്ങള്‍ക്കുശേഷം ഒരാള്‍ക്ക്‌ ജയിലില്‍ കിടക്കേണ്ടി വന്നു. വരും തലമുറ അങ്ങിനേയാവും ഇതിനെ കാണുക......
അയാള്‍ സങ്കടത്തോടേയും അമര്‍ഷത്തോടേയും ഓര്‍ത്തു : എവിടേയാവും ശിവന്‍.
പാര്‍വ്വതികുട്ടിയോട്‌ അവന്‍ എന്തോ കുസൃതി കാണിച്ചതിനും അവളെ നുള്ളി വേദനിപ്പിച്ചതിനുമാണ്‌ താനവനെ പേടിപ്പിച്ചതും ചെറുതായി ശിക്ഷിച്ചതും.
പക്ഷേ, അക്കാരണം കൊണ്ട്‌ അവന്‍ നാടു വിട്ടു പോവുമെന്ന്‌ ആരറിഞ്ഞു....
ശിവനെ കാണാതായതും അവനെ താന്‍ തല്ലിയതിന്റെ സാക്ഷിയായ പാര്‍വ്വതികുട്ടിയുടെ വിവരണങ്ങളില്‍ നിന്നുമാണ്‌ നാട്ടുകാര്‍ തന്നെ കൊലയാളിയായി കണ്ടത്‌.
"എല്ലാം തിരുത്താന്‍ അവസരമുണ്ടാവുമോ എന്റെ കാവിലമ്മേ" -കരുണന്‍ നെഞ്ചത്തു കൈ വെച്ചു വിളിച്ചു. "സത്യം മനസ്സിലാക്കി കൊടുക്കാന്‍ എന്നെ സഹായിക്കണേ, എല്ലാവരും എന്നെ അവിശ്വസിക്കുന്ന, ഒറ്റപ്പെടുത്തുന്നു.. ഈ സങ്കടത്തില്‍ നിന്നും എന്നെ രക്ഷിക്കണേ...."
സുഭദ്ര പോലും അവളുടെ വീട്ടുകാരുടെ അഭിപ്രായത്തിലാണ്‌ തന്നെ കാണുന്നതെന്ന്‌ തോന്നുന്നു.. അനിയനെ കൊന്നവന്‍....
അയാള്‍ നിലവിളിച്ചു.
രണ്ടു വാര്‍ഡന്‍മാര്‍ ഓടി വന്നു...
അനുസരണകേടിന്റെ ശിക്ഷ അറിയാവുന്ന അയാള്‍ തല ചായ്‌ചു......
തണുത്ത സിമന്റു തറയില്‍ കിടന്നുകൊണ്ട്‌ മെല്ലെ കരഞ്ഞു....

Read more...

Thursday, June 5, 2008

ഞാന്‍ ജീവിക്കുന്നത്‌

ഞാന്‍ ജീവിക്കുന്നത്‌
സംസ്‌കാര സമ്പന്നരും
ഹൃദയാലുക്കളുമായ
ചിലരുടെ ജീവിതം കണ്ട്‌
കൊതിച്ചിട്ടു തന്നെയാണ്‌
പെട്ടെന്നൊരു ദിവസം
കൂട്ടു കൂടുന്ന ഷെയര്‍ മദ്യത്തില്‍ വെച്ച്‌
ഒരു വയസ്സന്‍ പ്രൊഫസറുടെ
രണ്ടാം ഭാര്യയെ പ്രാപിച്ച കഥ പറയാനല്ല
ചീട്ടു നിരത്തി
ക്ലാവറും ഡെയിമനും തിരഞ്ഞ്‌
ഞായറാഴ്‌ചകളെ കൊല്ലാനല്ല
ഒരു ചെറിയ ഇച്ഛാഭംഗത്തെ
ആത്മഹത്യയോളം പെരുക്കി കാട്ടാനല്ല
പൈങ്കിളികഥകള്‍ കണ്ട്‌
ടി.വി.ക്കു മുമ്പില്‍ മരിക്കാനല്ല
ഞാന്‍ ജീവിക്കുന്നത്‌
അദൃശ്യമായ കാറ്റ്‌ കടലിനെ
തിരമാലകളാക്കി ഉയര്‍ത്തുംപോലെ
ക്ഷണികമെങ്കിലും
ഈ ജീവിതത്തിന്റെ
അതിര്‍ വരമ്പുകളില്‍ തട്ടി വീഴുമ്പോഴും
ഒരു ആനന്ദത്തെ മഴവില്ലുകളായി മനസ്സില്‍
സൂക്ഷിച്ചുകൊണ്ടാവും
ഞാന്‍ ജീവിക്കുന്നത്‌
ഗണികന്‍മാര്‍ക്ക്‌ അടയാളം പറയാന്‍
നഗരത്തിലെ നിരത്തില്‍
ഒരു മഹാന്റെ പ്രതിമയാകാനല്ല
സ്വപ്‌നവാദികളെ കൊന്ന
തീവ്രവാദികള്‍ ലോപിച്ച്‌
മന്ത്രവാദികളാവുമ്പോള്‍
ഓശാന പാടാനല്ല
ഒരു ഗാന്ധി ശുഷ്‌കിച്ചലഞ്ഞൊരു നാട്ടില്‍
വറുതിയില്‍ ചാടി മരിച്ചു വീഴാന്‍
പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍

Read more...

Thursday, May 22, 2008

നിഴലുകള്‍

`ഇതൊക്ക്യാണ്‌ മോനേ വീട്‌...." -കല്യാണിയമ്മ പേരകുട്ടിയുടെ ചന്തിയില്‍ താളമടിച്ചുകൊണ്ട്‌ പുതിയ സീരിയലിലെ നായികയുടെ വീടു നോക്കികൊണ്ടു പറഞ്ഞപ്പോള്‍ പ്രേമ ചന്ദ്രന്‌ കലി കയറി.....

എന്നാലവിടെ പോയി താമസിക്കരുതോ എന്ന്‌ തള്ളയോടു ചോദിക്കാന്‍ തോന്നിപോയി അവന്‌.

പക്ഷേ അവര്‍ ഭാര്യയുടെ അമ്മയാണല്ലൊ. എത്രയായാലും ആ സ്‌ത്രീയോട്‌ പറയുന്നത്‌ ഭാര്യയേയും അലോസരപ്പെടുത്തില്ലെയെന്ന ചിന്ത പ്രേമനെ പിന്‍തിരിപ്പിച്ചതിനാല്‍ അവന്‍ തന്റെ തന്നെ തിരക്കിലേക്കു തിരിച്ചുപോയി.

രണ്ടു മാസം കൊണ്ട്‌ അനൂപിന്‌ കൊടുക്കേണ്ടതാണ്‌, അവന്റെ കെയറോഫിലാണ്‌ ഈ വര്‍ക്ക്‌ കിട്ടിയത്‌. മലയാളത്തിലെ കുടുംബചിത്രങ്ങളുടെ സംവിധായകനുവേണ്ടിയാണത്‌.

ഒരച്ഛന്റേയും മകന്റേയും തീവ്രമായ സ്‌നേഹ ബന്ധത്തിന്റെ കഥ. മകന്റെ ഭാവി വധുവിനെ കാണാന്‍ അവന്റെ ടൂവീലറില്‍ യാത്ര ചെയ്യുന്ന അമ്മ ഒരപകടത്തില്‍ മരിച്ചു പോവുമ്പോള്‍ ആ മരണത്തിന്‌ പരോക്ഷമായി കാരണക്കാരിയായ പെണ്‍കുട്ടിയോട്‌ അച്ഛനുണ്ടാവുന്ന വേറുപ്പിന്റെ കഥയാണത്‌.

`എന്തൊരു കളറാണ്‌ മോനേ ആ വീടിന്‌... വാതിലില്‍ മണിച്ചിത്രത്താഴ്‌... ഹോ... അവിട്യോക്കെ താമസിക്കുന്നവരുടെ ഒരു ഭാഗ്യേ.....` -കല്ല്യാണിയമ്മ ആത്മഗതം തുടരുകയാണ്‌...

തറവാട്ടിലേക്ക്‌ തിരിച്ചുവരുന്ന അച്ഛന്‍ ഭാര്യയുടെ ഓര്‍മ്മകളുള്ള ആ വീട്ടില്‍ അവസാനകാലം മകനോടും കുടുംബത്തോടുമൊപ്പം കഴിയാനാഗ്രഹിക്കുന്ന ഭാഗം എത്ര തവണ എഴുതിയിട്ടും തൃപ്‌തി കിട്ടാത്ത വെപ്രാളത്തിലായിരുന്നു പ്രേമചന്ദ്രന്‍....

അതിനിടയിലാണ്‌ കല്ല്യാണിയമ്മയുടെ സീരിയല്‍ വിവരണങ്ങള്‍....

അവന്‌ സഹികെട്ട്‌ മെല്ലെ പുറത്തിറങ്ങി വീടിനു പുറകിലേക്ക്‌ നടന്നു.
ഫീസൂരി ഒന്നും അറിയാത്തതുപോലെ തിരിച്ചു വന്നപ്പോള്‍, രസച്ചരടു പൊട്ടിയ കല്ല്യാണിയമ്മ തന്റെ വീടിനെക്കുറിച്ച്‌ നീരസത്തോടെ സംസാരിക്കുന്നതാണ്‌ പ്രേമചന്ദ്രന്‍ കേട്ടത്‌.....

"എങ്ങന്യാ ഇപ്പോരേല്‌ താമസിക്ക്യാ ദൈവമേ.. ചെതല്‌ പിടിച്ച ഈ വാതിലൊക്കെ വീഴുന്നതെപ്പഴാന്നറീല്ല..... ഇതൊന്നു മാറ്റാന്‍ പൂക്കണ്ടി ബാലേഷ്‌ണനോട്‌്‌ പറഞ്ഞൂടെ രാധേ......"

ഹോ... പ്രേമചന്ദ്രന്‍, ഭാര്യ നഷ്ടപ്പെട്ട്‌ ജീവിതത്തില്‍ ഒറ്റപ്പെട്ട മാധവന്‍നായരെ മറന്നു....... അയാളുടെ മകന്റെ ധര്‍മ്മ സങ്കടങ്ങള്‍ മറന്നു.... തന്റെ ഇല്ലായ്‌മയിലേക്ക്‌ വന്ന്‌ പരിഹസി്‌ക്കുന്ന അമ്മായിയമ്മയെ നോക്കി അയാള്‍ നിയന്ത്രണം വിട്ടലറി:

"അതേയ്‌... എനിക്ക്‌ ഏസീല്‌ ഇരുന്നാല്‍ ചൊറിച്ചിലു വരും... അതുകൊണ്ടാ... നിങ്ങള്‍ക്ക്‌ വേണേങ്കില്‌ ഏസീല്‌ പോയി താമസിച്ചോളൂ... ഇവിടെ ഇപ്പം ഇത്രേള്ളു...."

-ചമ്മലോടെ അമ്പരപ്പോടെ നില്‍ക്കുന്ന കല്ല്യാണിയമ്മയെ മറന്ന്‌ മാധവന്‍നായരുടെ ആത്മനൊമ്പരുവുമായി പ്രേമചന്ദ്രന്‍ തന്റെ ചിതലു പിടിച്ച എഴുത്തുമേശക്കടുത്തേക്കു നടന്നു.....

Read more...

Saturday, May 17, 2008

അവസരങ്ങള്‍അകലെ ചെമ്മണ്‍ നിരത്തിന്റെ അറ്റത്ത്‌ ജയദേവന്‍ മാഷിന്റെ ചെറിയ രൂപം പ്രത്യക്ഷമായപ്പോള്‍ സ്‌റ്റാഫ്‌റൂമിന്റെ വാതില്‍പ്പടിയില്‍ നിന്ന ഇന്ദു ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു.

മാഷ്‌ ഇത്രവേഗം ഇത്രവേഗം ഈ സ്‌കൂളിന്റെ സന്തോഷത്തില്‍ നിന്നും അകന്നുപോകുമെന്ന്‌ അവള്‍ കരുതിയിരുന്നില്ല.

ഒരു കാര്യത്തിലൊഴികെ എല്ലാവര്‍ക്കും ജയദേവന്‍മാഷെ ഇഷ്ടമായിരുന്നു. ആരോടും പണം കടം ചോദിക്കാന്‍ മാഷിന്‌ ഒരു മടിയുമുണ്ടായിരുന്നില്ല.

'എന്തിനാ മടിക്കുന്നെ, ഞാന്‍ തിരിച്ചു കൊടുക്കില്ലെ. പണം എല്ലാവര്‍ക്കും ഉപയോഗത്തിനുളളതാണ്‌.'-മാഷ്‌ അമ്മിണി ടീച്ചറുടെ നീരസം കലര്‍ന്ന തമാശയോട്‌ അങ്ങിനെയായിരുന്നു പ്രതികരിച്ചത്‌.

ആദ്യമാദ്യം മാഷോടു തോന്നിയ ഇഷ്ടം ഇല്ലാതാകാന്‍ തനിക്കും അതൊരു കാരണമായി...."ഗതി പിടിക്കാത്തവന്‍, എവിടെയെങ്കിലും ഭാര്യയും മക്കളുമുണ്ടാവും...." തന്റെ മനസ്സിലെ അഗ്നിയിലേക്ക്‌ എണ്ണയൊഴിക്കാന്‍ അമ്മിണി ടീച്ചര്‍ മറന്നില്ല.ക്രമേണെ ജയദേവന്‍ മാഷെ താന്‍ അവഗണിച്ചു., ആ നോട്ടത്തില്‍ നിന്നും മാറി നടന്നു.രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ ഇയാള്‍ എങ്ങോട്ടാണ്‌ പോകുന്നതെന്ന ചിന്ത ചിലപ്പോള്‍ എന്റെ രാത്രിയുറക്കങ്ങളെ അലോസരപ്പെടുത്തിയിരുന്നു. പിന്നെ ഞാനയാളെക്കുറിച്ച്‌ ഓര്‍ക്കാതായി..... കഴിഞ്ഞ ആഴ്‌ചയിലാണ്‌ എല്ലാ കാര്യങ്ങളുമറിയുന്നത്‌. മനോരോഗിയായ ജേഷ്‌ഠനെ ചികില്‍സിക്കാന്‍ പാടു പെടുന്ന ഒരനുജന്റെ നെട്ടോട്ടം.തന്റെ പ്രായത്തിന്റെ മോഹങ്ങള്‍ മാറ്റി വെച്ച അയാളുടെ മനസ്സ്‌ കാണാനുള്ള നന്മ തനിക്കില്ലാതെ പോയി. ഒടുവില്‍ എല്ലാമറിഞ്ഞ ആ ജ്യേഷ്‌ഠന്‍ അനുജന്റെ പ്രാരബ്ദങ്ങളോട്‌ നന്ദിപൂര്‍വ്വം യാത്ര പറഞ്ഞപ്പോള്‍ ഒറ്റക്കായിപോയ കുടുംബത്തിലേക്ക്‌ ജയദേവന്‍ മാഷ്‌ തിരിച്ചുപോയി....

Read more...

Friday, May 16, 2008

ഇവിടെ ഞാനൊരപരിചിതന്‍.
എന്റെ വാക്കുകള്‍ക്കും നിങ്ങള്‍ ഇടം തരില്ലെ. തിരുത്തേണ്ടവ തിരുത്തി തരില്ലേ.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP