Thursday, August 13, 2009

കഥാപാത്രങ്ങള്‍

ജയചന്ദ്രന്‍മാഷെ ഒരു മനുഷ്യനാക്കി മാറ്റ്യേത്‌ കള്ളന്‍ ദിവാകരനാണെന്ന കാര്യമറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക്‌ കൗതുകമായി..

"അല്ലെങ്കില്‍ കഥേം നാടകോംന്ന്‌ പറഞ്ഞ്‌ ജയചന്ദ്രന്‍ മാഷിന്റെ ജീവിതം തീര്യായിനു." - ഒരു ദിനേശ്‌ ബീഡി കത്തികൊണ്ട്‌ കാദര്‍ ഷിബുവിനോട്‌ പറഞ്ഞു.

"ഒക്കെ മാഷെ തോന്നലായിനു കാദറേ..." -സഹതാപത്തോടെ ഷിബു. " ആ ടീച്ചറ്‌ കൊഴപ്പക്കാര്യോന്ന്‌ല്ലായ്‌നു.. പക്ഷേ മാഷ്‌ക്ക്‌ ഒരു സംശയം. ശ്ശെന്താ ചെയ്യ്യാ... "

രണ്ടു ദിശയിലേക്ക്‌ നിത്യവും നെട്ടോട്ടമോടുന്ന യൂ.പി. സ്‌കൂള്‍ അദ്ധ്യാപകരായ എന്റെ ഈ നാട്ടുകാരെ അവരുടെ പാട്ടിനു വിടാന്‍ പരദൂഷണ വിദഗ്‌ധരായ ഞങ്ങള്‍ തയ്യാറായില്ല.

അതുകൊണ്ടാണ്‌ ജയചന്ദ്രന്‍മാഷ്‌ ഷേവ്‌ ചെയ്യാത്തതും മൂകനായി നടക്കുന്നതും ടീച്ചറുടെ സ്വഭാഷദൂഷ്യം കൊണ്ടാണെന്ന്‌ ഞങ്ങള്‍ ആറാട്ടുകടവുകാര്‍ ശ്രദ്ധിച്ചതും മനസ്സിലാക്കിയതും....

അതിനു ശേഷം ഞങ്ങള്‍ സിന്ധു ടീച്ചര്‍ക്കു പിന്നാലെയായി...

അതാ ഒരു വില്ലന്‍ രാധാകൃഷ്‌ണന്‍ മാഷ്‌...

മാഷ്‌ അങ്ങാടിയല്‍ ബസ്സിറങ്ങുന്നതും... ചായക്കടയില്‍ കയറി ചായ കുടിക്കുന്നതും... സിന്ധു ടീച്ചര്‍ കടന്നുപോയാല്‍ മുടി ചീകി ഓട്ടോ വിളിക്കാന്‍ ഓടുന്നതും..... ഒന്നുമറിയാത്തപോലെ... ഒരു സ്‌കൂളിലേക്കുള്ള സ്വാഭാവിക യാദൃശ്ചികതകളെപോലെ ടീച്ചര്‍ക്കരികില്‍ ഓട്ടോ നിര്‍ത്തുന്നതും.... ഞങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്നാണോ....

ഒന്നു രണ്ട്‌ ഊമകത്തുകള്‍ ജയചന്ദ്രന്‍ മാഷ്‌്‌ക്‌ പോയിട്ടുണ്ടാവുമെന്ന്‌ കൂട്ടിക്കോ...

എന്തായാലും പതിവിലും നേരത്തെ ജയചന്ദ്രന്‍ മാഷ്‌ സ്‌കൂളിലേക്ക്‌ പുറപ്പെടും... കുളിക്കാതെ.. അലസനായി.. എന്തോ ചിന്തിച്ചുകൊണ്ടുള്ള ആ യാത്രയില്‍ ഞങ്ങള്‍ കോള്‍മയിര്‍ കൊണ്ടു എന്നു പറയേണ്ടതില്ലല്ലൊ....

അതെ, അങ്ങിനെയായിരുന്നു തുടക്കം...

പിന്നെപ്പോഴോ കേട്ടു മാഷും ടീച്ചറും വേര്‍പിരിഞ്ഞെന്ന്‌...

അതോടെ ഞ്‌ങ്ങള്‍ ആ കേസ്‌ വിട്ടതായിരുന്നു.

പക്ഷേ, ജോലി രാജിവെച്ച്‌ മാഷ്‌ നാടു വിട്ടുപോയെന്ന വാര്‍ത്ത ഞങ്ങളെ ഞട്ടിച്ചു. എവിടേയോ ഒരു ചെറിയ വേദന... മാത്രവുമല്ല നിത്യവും ഞങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്ന പീടികവരാന്തയിലേക്ക്‌ എവിടെ നിന്നോ ഊരും പേരുമറിയാത്ത ഒരു മനുഷ്യന്‍ വന്നെത്തുകയും ഞ്‌ങ്ങളുടെ പരദൂഷണപരമായ ചര്‍ച്ചകള്‍ക്കുനേരെ പുച്ഛം കലര്‍ന്ന നോട്ടങ്ങളാല്‍ ഞ്‌ങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്‌തപ്പോള്‍ ഞങ്ങള്‍ ആകെ പരവശരാകുകയായിരുന്നു.

ജയചന്ദ്രന്‍ മാഷ്‌ കഥകള്‍ എഴുതാറുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ഒരിക്കലും അത്‌ വായിച്ചിരുന്നില്ല.

പക്ഷെ, ഒരു ദിവസം ജയചന്ദ്രന്‍ മാഷിന്റെ ഒരു കഥയുമായി കാദര്‍ വന്നു...

ഒരു കുട്ടിയുടെ മുഖമുള്ള ആ മാസികയില്‍ "ജയചന്ദ്രന്‍ ആറാട്ടുകടവ്‌" എന്ന പഴക്കമുള്ള കറുത്ത അക്ഷരങ്ങളിലേക്ക്‌ ഞങ്ങള്‍ ആകാംക്ഷയോടെ നോക്കി....

മാനസിക രോഗമുള്ള ഒരു സഹപ്രവര്‍ത്തകനെ സഹോദര സ്‌നേഹത്തോടെ ഇഷ്ടപ്പെട്ട ഒരു വീട്ടമ്മക്ക്‌ നാട്ടുകാരില്‍ നിന്നും ഏല്‍ക്കേണ്ടിവരുന്ന ജീവിത വ്യഥയാണ്‌ ആദ്യകഥയില്‍. വീട്ടമ്മയുടെ ഭര്‍ത്താവ്‌ സമൂഹത്തില്‍ പരിഹാസ്യനാവുകയും ഒടുവില്‍ ഒടുവില്‍ അയാള്‍ ആത്മഹത്യ ചെയ്യുകയും ചെയ്യുന്ന ആ കഥ വായിച്ച ഞങ്ങള്‍ അശാന്തരായി.... ദിവസങ്ങളോളം....

ഉര്‍വ്വശി ടാക്കീസില്‍ ഫസ്റ്റ്‌ഷോയ്‌ക്ക്‌ കയറുന്ന, പതിവു ശീലങ്ങള്‍ പോല ഞങ്ങള്‍ മറന്നു.... ജയന്റെ 'അനുപല്ലവി' വീണ്ടും വന്നുപോയ കാര്യംപോലും ഞങ്ങളറിഞ്ഞില്ല...

ഇതിനിടെ ഒരു ദിവസം : "ടാ ്‌മ്പളെ ജയചന്ദ്രന്‍ മാഷ്‌ തിരിച്ചുവന്നെടാ... ജന്റിലായിട്ട്‌...." - ഓടി കിതച്ചു വന്ന 'ധര്‍മ്മൂടന്‍' എന്ന മനോജ്‌ ഞങ്ങളോട്‌ പറഞ്ഞു.

"ഏട്യായ്‌നു.... ? ` -ഞങ്ങള്‍ ഒരേ സ്വരത്തില്‍ ധര്‍മ്മൂടനോട്‌ ചോദിച്ചു....

സിഗരറ്റിന്റെ പുക മൂക്കിലൂടെ വിട്ട്‌... ഒരു തുമ്മലിന്‌ സ്വാതന്ത്ര്യം കൊടുത്ത്‌.. ധര്‍മ്മജന്‍ ഞങ്ങളെ ആകാംക്ഷരാക്കി... "ഏട്യായിനെടാ.. ?"

"ബോംബേല്‌.... മ്മള്‌ കള്ളന്‍ ദിവാരനില്ലെ.. അമ്പലത്തീന്ന്‌ ഉരുളി കട്ട... അവനോടൊപ്പാണത്രെ..."

കൈ കൊടഞ്ഞ്‌, നെടുവീര്‍പ്പിട്ട്‌... ധര്‍മ്മൂടന്‍ : "ന്റെ മോനേ... ഇപ്പം ഇന്‍സൈഡൊക്കെ ചെയ്‌ത്‌ കുട്ടപ്പനായി...." - മുഴുമിപ്പിച്ചു.

ധര്‍മ്മൂടന്റെ വാര്‍ത്തകളിലൊക്കെ "ചക്ക പോലത്തെ ഒരു പേന്‍" ഉണ്ടാവുമെന്ന്‌ ഞങ്ങള്‍ക്കറിയാമെങ്കിലും സന്തോഷത്തോടെ ഞങ്ങള്‍ മാഷെ കാണാനായി ഇറങ്ങി....

1 comments:

ഗുരുജി August 14, 2009 at 7:05 AM  

കൈ വിട്ട കല്ല്
പിന്നെയും സഹിക്കാം
കൊഴിഞ്ഞ്‌ വീണ
വാക്ക്‌...ഹയ്യൊന്റമ്മോ

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP