Wednesday, December 7, 2011

മൂത്തു പഴുത്ത മാങ്ങ

മൂത്തു മൂത്തു പഴുത്ത മാങ്ങ
മുകളിലാരോ തിന്നപ്പോള്‍
കാത്തു കാത്തു നിന്ന പെണ്ണിന്‍
കരളിലാരോ കൊത്തുമ്പോള്‍

വടിയെടുക്ക്‌ മുത്തപ്പാ
തുടിയെടുക്ക്‌ മുത്തപ്പാ
മലയിലുള്ള മാഞ്ചുവട്ടില്‍
മാങ്ങ വീഴും നേരത്ത്‌

വലയെടുക്ക്‌ മുത്തപ്പാ
തുഴയെടുക്ക്‌ മുത്തപ്പാ
പുഴയിലുള്ള തോണിയേറി
വലയെറിയൂ മുത്തപ്പാ

കലമെടുക്ക്‌ മുത്തപ്പാ
അരിയെടുക്ക്‌ മുത്തപ്പാ
കനലു പെയ്‌ത പഥിയടക്കാന്‍
കഞ്ഞി വെക്ക്‌ മുത്തപ്പാ

Read more...

Thursday, November 24, 2011

മലയാളം

പണ്ടൊരു കവി ഓണ-
ക്കാലമീ വഴി പോകവെ

കണ്ടതിശയം പൂണ്ടു
മണ്ടനീ മലയാളം

പൂവുകള്‍ മൊഴിഞ്ഞത്രെ
പുണ്യമീ മലയാളം

മായുകില്ലൊരിക്കലും
മാധവം മലയാളം

കാവുകള്‍ മൊഴിഞ്ഞത്രെ
കാറ്റിലും മലയാളം

കാതരം കിളികളും
പാ്‌ട്ടുമീ മലയാളം

അന്യമാകരുതേ യീ
പുണ്യമാം മലയാളം

അന്നകഥ നിറഞ്ഞുടന്‍
ചൊല്ലിയാ കവിയത്രെ

പൂവുകള്‍ മറഞ്ഞേപോയ്‌
കാവുകള്‍ കരിഞ്ഞേപോയ്‌

കാണുകള്‍ വയ്യാതിന്നീ
കഷ്ടമായ്‌ മലയാളം

പാറുമാ പൂമ്പാറ്റയെ
പാവമീ മനുഷ്യരെ

ചൊല്ലുവാന്‍ മടിക്കേണ്ട
നിങ്ങളില്‍ മരിക്കാതെ

കാക്കുകീ മലയാളം
നാടിനെ മനുഷ്യരെ

Read more...

Monday, November 21, 2011

കാലത്ത്‌
മൂന്നാം തരത്തിലെ വിഷ്‌്‌ണുവിനേയും
രണ്ടാം തരത്തിലെ മെഹറുന്നിസയേയും
കുന്നിപിടിച്ചു തിരിച്ചപ്പോള്‍ കേട്ട
ആ..... എന്ന അക്ഷരം

വൈകുന്നേരം
നാരായണന്‍ മാഷില്‍ നിന്നും
അറിയാതെ വീണു
പേരറിയാത്ത ഒരു പെണ്‍കുട്ടിയുടെ
മൊട്ടുസൂചിയാലെ സിറ്റി ബസ്സില്‍

Read more...

Saturday, November 5, 2011

തിരക്കഥാ മര്‍മ്മം

മാടാക്കര എല്‍.പി. സ്‌കൂളില്‍ പ്യൂണായ മനോജ്‌ ബാലചന്ദ്രനും ഭാര്യ മല്ലിക, മകള്‍ ആര്യയും മകന്‍ അര്‍ജുനനുമായി കഴിയുന്ന അണുകുടുംബത്തിന്റെ കഥ. - ആര്യയുടെ പരിചയത്തില്‍പെട്ട പത്താംതരക്കാരിയുടെ മരണ ആര്യയെ പിടിച്ചുലക്കുന്നു. - ആര്യയുടെ സ്‌കൂളില്‍ ആണ്‍-പെണ്‍ ബന്ധങ്ങളെക്കുറിച്ച്‌ എല്ലാവര്‍ക്കും വേണ്ടി കൗണ്‍സിലിംഗ്‌ നടക്കുന്നു - പക്ഷേ ആര്യ കൂടുതല്‍ ഉള്‍വലിയലുകളിലേക്ക്‌ മാറുന്നു. - മനോജ്‌ മകളെ ശാസിക്കുന്നു - ഇത്‌ കാര്യങ്ങളെ വഷളാക്കി മാറ്റുന്നു - എല്ലാ സത്യങ്ങളും തുറന്നു പറയാറുള്ള മോഹനന്‍മാഷിനോട്‌ മനോജ്‌ ബാലചന്ദ്രന്‍ എല്ലാം തുറന്നു പറയുന്നു. - എല്ലാറ്റിനും കാരണക്കാരന്‍ മനോജാണെന്ന നാട്ടുകാരുടെ അഭിപ്രായങ്ങള്‍ മനോജിനെ വിഷമത്തിലാക്കുന്നു - വിഷമം കാരണം മനോജ്‌ മൂകാംബികയിലേക്ക്‌ ഒളിച്ചോടുന്നു - അവിടെ വെച്ച്‌ ഒരു സ്വാമിയുടെ ഉപദേശങ്ങള്‍ മനോജിനെ മാറ്റി തീര്‍ക്കുന്നു - തിരിച്ചു നാട്ടിലെത്തുന്നു

.........................................


അമ്പലമുക്കില്‍ ഹോട്ടല്‍ നടത്തുന്ന ചന്ദ്രേട്ടന്‌ രണ്ടു മക്കള്‍ - സുധര്‍മന്‍, ഷംന. മേലനങ്ങി അദ്ധ്വാനിക്കാന്‍ തയ്യാറാവാത്ത സുധര്‍മന്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്‌ പഠിക്കുന്നു. - കലാസ്‌നേഹിയായ ചന്ദ്രേട്ടനെ തൊട്ടടുത്ത ചിത്രശാലാ നാടകപ്രവര്‍ത്തകര്‍ വേണ്ടപോലെ മുടിക്കുന്നുണ്ട്‌. - കടം കൊണ്ടു മുടിഞ്ഞ ചന്ദ്രേട്ടന്‍ സഹികെടുന്നു. - ജോലിക്കാര്‍ക്കൊക്കെ വേണ്ടത്ര കോമ്പന്‍സേഷന്‍ നല്‍കി ഹോട്ടല്‍ പൂട്ടാനാണെങ്കില്‍ അതിനും കഴിയുന്നില്ല. - മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഹോട്ടല്‍ പൂട്ടി കിണം, അതിനുള്ള തന്ത്രങ്ങള്‍ സ്വയം ആവിഷ്‌കരിക്കുവാന്‍ ശ്രമിക്കുകയാണ്‌ ചന്ദ്രേട്ടന്‍.

Read more...

Thursday, August 4, 2011

പുരുഷോത്തമന്‍ നായര്‍ - 45 പുരുഷന്‍

പുരുഷോത്തമന്‍ നായര്‍ - 45 പുരുഷന്‍


ഗള്‍ഫ്‌ ചന്ദ്രമോഹന്റെ ഇരുനില വീടിന്റെ ചുറ്റുമതിലില്‍ ആ കറുത്ത രൂപം കാണപ്പെടുമ്പോള്‍ രാവണപുരം ഗ്രാമത്തില്‍ ഏകദേശം പത്തരയായിരിക്കുന്നു. മെല്ലെ അകത്തെ പരവതാനിപ്പുല്ലിലേക്ക്‌ ഒരു അഭ്യാസിയുടെ മെയ്യൊതുക്കത്തോടെ ചാടിയ ആ രൂപം പിന്നീട്‌ നമ്മള്‍ക്ക്‌ ദൃഷ്‌ടിഗോചരമല്ലാതാവുകയാണ്‌.
രണ്ടാം അംഗത്തില്‍ നമ്മള്‍ കാണുന്നത്‌ മങ്ങിയ വെളിച്ചത്തില്‍ നില്‌ക്കുന്ന ചന്ദ്രമോഹന്റെ വീടിന്റെ അടുക്കളഭാഗമാണ്‌. സുമാര്‍ നാല്‌പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒത്ത ഉയരമുള്ള ആ രൂപത്തിന്റെ മുഖം ഭയവും ആശങ്കയും നിറഞ്ഞതായി നമുക്ക്‌ കാണാവുന്നതാണ്‌. നമ്മുടെ ആകാംക്ഷയ്‌ക്ക്‌ മുന്നില്‍ നില്‌ക്കുന്ന ഇയാള്‍ ഒരു കള്ളനായി മുദ്ര കുത്തപ്പെടുവാന്‍ പോകുകയാണ്‌. അടുക്കള വാതില്‍ ശരിയായി അടച്ചോ എന്ന്‌ നോക്കാനായി വന്ന ചന്ദ്രമോഹന്റെ ഭാര്യ ഇന്ദുലേഖയെന്ന മുപ്പത്തഞ്ചുകാരിയായ സുന്ദരി ആ രൂപം കണ്ടതും അയ്യോ എന്ന അലര്‍ച്ചയോടെ തിരിഞ്ഞോടിയതും പെട്ടെന്നായിരുന്നു. തൊട്ടുമുമ്പ്‌ കണ്ട ഒരു സീരിയലിലെ പ്രേതനായികയായിരുന്നു അപ്പോള്‍ ഇന്ദുലേഖയുടെ മനസ്സില്‍. ആയതിനാല്‍ അവളെ രക്ഷിക്കാന്‍ ശ്രമിച്ച നമ്മുടെ നായകന്‍ പുറത്തുനിന്നും വീട്ടിലേക്ക്‌ തിരിക്കുന്ന ഏതാനും രാഷ്‌ട്രീയ പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ സന്നദ്ധസേവനം ആവശ്യപ്പെടുന്നതായിരുന്നതിനാല്‍ ഉടന്‍ തന്നെ നമ്മുടെ കഥാനായകനായ പുരുഷോത്തമന്‍ നായര്‍ 45 വയസ്സ്‌ ഓടിവന്നവര്‍ക്കിടയില്‍ അക്ഷോഭ്യനായി നിന്നു പോയതായി പിന്നീട്‌ ചരിത്ര അദ്ധ്യാപകനായ കെ.ആര്‍ രൂപകപ്പിച്ചു രേഖപ്പെടുത്തുകയുണ്ടായി.
കഥാനായകന്റെ ജീവിതം ഇത്രയും ദയനീയമായി അനുഭവപ്പെടാനുള്ള കാരണം അന്വേഷിച്ച്‌ നമ്മള്‍ വസ്‌തുതകളിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ മനസ്സിലാവുന്നത്‌ എന്തെന്നാല്‍ കോണ്‍ക്രീറ്റു പണിക്കാരനായ പുരുഷോത്തമന്‍ നായര്‍ ഏകമകളോടും ഭാര്യയുമൊത്ത്‌ തന്റെ ജന്മനാടായ ക്ഷേമങ്കരി ദേശത്ത്‌ മയിലാടും പാറയ്‌ക്ക്‌ എതിര്‍വശത്തായി ജീവിച്ചു വരികയായിരുന്നു. സര്‍ക്കാരിന്റെ ധനസഹായം കൊണ്ട്‌ എവിടെയുമെത്താത്ത വീട്ടില്‍ ഏകമകളെ പഠിപ്പിക്കാന്‍ തീരുമാനിച്ച്‌ കഴിയുന്ന പുരുഷോത്തമന്‍നായര്‍ക്ക്‌ മറ്റ്‌ വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ദൈവം ചില അനീതികള്‍ കാണിച്ചു എന്നതിലാണ്‌. സ്വന്തം ജീവിതത്തിന്റെ ഗതി എന്നാല്‍ ഇനി വരുന്നതുപോലെ എന്ന വിധത്തില്‍ പുരുഷോത്തമന്‍നായര്‍ തീരുമാനിച്ചത്‌ ഉദ്ദേശം പതിനെട്ട്‌ വയസ്സ്‌ പ്രായമുള്ള തന്റെ മകള്‍ മാളവിക മായന്നൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ്‌ ടുവിന്‌ പഠിക്കവെയായിരുന്നു തന്റെ സ്വപ്‌നങ്ങളെ തൃണവല്‍ക്കരിച്ച്‌ പടച്ചവന്‍ പുരുഷോത്തമന്‍ നായരെ വഞ്ചിച്ചത്‌.
സ്വതവേ വായാടി പ്രകൃതമായ അവള്‍ ഈയിടെയായി അകാരണമായ മൗനത്തില്‍ പുരുഷോത്തമന്‍ നായരുടെ ശ്രദ്ധയില്‍ ആകുലത നിറച്ചിരുന്നുവെന്നതായിരുന്നു സത്യം. അങ്ങിനെയാണ്‌ തന്റെ ഭാര്യയെ പറഞ്ഞ്‌ ബോധ്യപ്പെടുത്തി പുരുഷോത്തമന്‍നായര്‍ കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ശ്രമിച്ചതും ഞെട്ടിക്കുന്ന ആ വാര്‍ത്തയില്‍ നിന്നും പുരുഷോത്തമന്‍ നായര്‍ക്ക്‌ ഉറക്കമില്ലാത്ത രാവുകളായിരുന്നു. കിട്ടിയത്‌ തന്റെ മകളുടെ ക്ലാസിലെ ഒരാണ്‍കുട്ടിയുടെ ഭാവനയായി, ക്രൂരമായി തന്റെ മകളുടെ നഗ്നചിത്രം ഉടലെടുത്തിരിക്കുന്നു. ആ ക്രൂരത ചെയ്‌തവനെ തേടി പുരുഷോത്തമന്‍നായര്‍ സ്‌കൂളിലെത്തിയെങ്കിലും അവന്‍ അവധിയിലാണെന്നറിഞ്ഞ്‌ പുരുഷോത്തമന്‍നായര്‍ അവന്റെ നാട്ടിലെത്തിയിരുന്നു. പക്ഷെ പയ്യന്‍ പുരുഷോത്തമന്‍ നായരെ കണ്ട്‌ രക്ഷപ്പെട്ടു കളഞ്ഞു. ആ ഈര്‍ഷ്യയിലാണ്‌ പുരുഷോത്തമന്‍ നായര്‍ പയ്യന്റെ വീട്ടിലെത്തി രഹസ്യമായി അവന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ തീരുമാനിച്ചതും രാത്രി മതില്‍ ചാടിക്കടന്നു വന്നതും. നേരായ മാര്‍ഗ്ഗത്തില്‍ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ആ നഗ്നചിത്രം ഒരുപാട്‌ പേര്‍ കാണുകയും തന്റെ മകളുടെ ഭാവി തകരുകയും ചെയ്യുമെന്ന്‌ ഊഹിച്ച വെറും നാട്ടിന്‍പുറത്തുകാരനായ പുരുഷോത്തമന്‍ നായര്‍ക്ക്‌ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരു കോണ്‍ക്രീറ്റു പണിക്കാരന്റെ അറിവിനപ്പുറം പോകാനാവാത്ത അയാള്‍ സദാചാരത്തിന്റെ കാവല്‍ക്കാരുടെ മുന്നിലാണിപ്പോള്‍ നില്‌ക്കുന്നത്‌. മേല്‌പടി പറഞ്ഞ പ്രകാരം ഇനി പുരുഷോത്തമന്‍നായരുടെ ജീവിതത്തിന്റെ ഗതി എന്താവുമെന്ന്‌ നമുക്ക്‌ നമ്മുടെ ചാനലുകാരില്‍ നിന്നറിയാം.

Read more...

Friday, July 22, 2011

ഉദ്‌ഘാടന മഹാമഹം

കടല്‍ക്കരയില്‍ ചായക്കട നടത്തിയിരുന്ന കരുണേട്ടന്റെ മകന്‍ ഷാജിക്ക്‌ കടലമ്മ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ അച്ഛന്റെ ചായക്കടയില്‍ നിന്നും സത്യന്‍ മാഷ്‌ ചായ കുടിച്ച കഥ ഒരു അഭിമാനമായിരുന്നു. അച്ഛന്റെ മരണത്തിനു ശേഷം കല്യാണിയമ്മ മക്കളോട്‌ ഈ കഥ പറയാറുണ്ടായിരുന്നു. സിനിമയോടുള്ള താല്‌പര്യം ഇങ്ങിനെയായിരുന്നു നന്നേ കുട്ടിക്കാലത്ത്‌ ഷാജിയുടെ മനസ്സില്‍ കുടിയേറിയത്‌. ഇന്ന്‌ മലയാള സിനിമയിലെ മെഗാസ്റ്റാറിന്റെ കടുത്ത ആരാധകനായി മാറിയ ഷാജിക്ക്‌ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. താന്‍ വീടും പുരയിടവും പണയം വെച്ച്‌ അമ്പലമുക്കില്‍ തുടങ്ങിയ കാസെറ്റ്‌ കട തന്റെ ആരാധനാ പാത്രമായ അദ്ദേഹം ഉദ്‌ഘാടനം ചെയ്യണം. അതിനായി ഷാജി കാത്തിരുന്നു. അതിനു ശേഷമേ ഒരു വിവാഹം പോലുമുണ്ടാവുകയുള്ളൂ. ബ്ലേഡ്‌ വേലായുധന്റെ മകളായ ബിന്ദുവെന്ന തന്നെ ഇഷ്‌ടപ്പെടുന്ന മാളുവിനെ പോലും അവന്‍ അതു പറഞ്ഞാണ്‌ അകറ്റി നിര്‍ത്തിയിരിക്കുന്നത്‌. മകന്റെ സിനിമാക്കമ്പം കണ്ട്‌ ചിരിക്കുന്നവര്‍ കടയില്‍ കല്യാണിയമ്മ മനോവിഷമത്തോടെ മകന്‍ നന്നാവാനുള്ള പ്രാര്‍ത്ഥനയോടെ പടിഞ്ഞാറെ കാവിലേക്ക്‌ നേര്‍ച്ചയുമായി കഴിഞ്ഞുവന്നു. അങ്ങിനെ ഒരുനാള്‍ മെഗാസ്റ്റാറിന്റെ സിനിമയുടെ ഷൂട്ടിംഗ്‌ അടുത്ത ഗ്രാമത്തില്‍ നടക്കുന്നതായി ഷാജിക്ക്‌ അറിവു കിട്ടി. മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച്‌ അവന്‍ അങ്ങോട്ട്‌ യാത്ര തിരിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ മനോജിനെ പരിചയപ്പെട്ട ഷാജി തന്റെ ആഗ്രഹം അയാളെ അറിയിച്ചു. അത്യാവശ്യം ചില്ലറ കയ്യില്‍ തടയുന്ന ഒരു ഇരയാണ്‌ ഷാജി എന്നു കരുതിയ മനോജ്‌ ഷാജിയോട്‌ ഉദ്‌ഘാടനത്തിന്‌ മെഗാസ്റ്റാറിനെ ഏര്‍പ്പാടാക്കുന്ന കാര്യം താന്‍ ഏറ്റു എന്നു പറയുന്നു. മനോജിന്റെ വാക്ക്‌ വിശ്വസിച്ച സുഹൃത്തുക്കളുടെ വിലക്കുകളെ കണക്കിലെടുക്കാതെ ഉദ്‌ഘാടന ദിവസത്തിന്റെ നോട്ടീസ്‌ പുറത്തിറക്കുന്നു.



(ഈ കഥ കൈരളി ചാനല്‍ കൊച്ചിയിലെ ഉണ്ണികൃഷ്‌ണന്‍ കാഞ്ഞങ്ങാടിനോട്‌ സംസാരിച്ചു. 22-07-11))

Read more...

Tuesday, July 12, 2011

അതിജീവനം


മരണത്തെ പേടിച്ചാണ്‌
ഞാന്‍ കവിതകള്‍ എഴുതുന്നത്‌
ജീവിതത്തെ പേടിച്ച്‌
ചിലര്‍ സമ്പാദിക്കുന്നതുപോലെ






Read more...

Monday, July 11, 2011

രാജയോഗം

ഗാന്ധി എന്ന അപരനാമത്തിലറിയപ്പെടുന്ന സൂധാകരന്‍ നാട്ടുകാര്‍ക്ക്‌ എന്നും തമാശ കലര്‍ന്ന കൗതുകമായിരുന്നു. സത്യസന്ധവും ലളിതവുമായ സൂധാകരന്റെ ജീവിതം പക്ഷേ, ആരും മാതൃകയാക്കിയില്ല. അതായിരുന്നു പൂങ്കുലങ്ങര എന്ന കൊച്ചു ഗ്രാമത്തിന്റെ പ്രത്യേകതയും.

രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചപ്പോഴേക്കും തറവാട്ടു വക ഒന്നും ബാക്കിയില്ലാതായ സുധാകരന്‍ ഇനി ഒരു ജീവിതം വേണ്ടെന്നു തീരുമാനിച്ചതായിരുന്നു. പക്ഷേ, വിധി സുധാകരന്റെ ജീവിതം മാറ്റി മറിച്ചു.

അളകനന്ദ എന്ന സമ്പന്ന യുവതി സുധാകരന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നത്‌ വളരെ പെട്ടെന്നും യാദൃശ്ചികവുമായിരുന്നു. ജാതക ദോഷത്താല്‍ വിവാഹയോഗമില്ലാത്ത അളകനന്ദയെ എത്രയും പെട്ടെന്ന്‌ നല്ല ഒരാളെ കൊണ്ട്‌ വിവാഹം കഴിപ്പിക്കാനുള്ള അച്ഛന്‍ ഭാസ്‌കരക്കുറുപ്പിന്റെ തീരുമാനം സുധാകരനില്‍ ചെന്നു നില്‍ക്കുകയായിരുന്നു. അത്യാവശ്യം വിദ്യാഭ്യാസവും ലോക പരിചയവുമുള്ള ഒരാളായിരുന്നുവല്ലൊ സുധാകരന്‍. പോരാത്തതിന്‌ നാട്ടുപുറത്തെ ഒരു യുവഗായകനും അങ്ങിനെയായിരുന്നു അളകനന്ദടീച്ചര്‍ സുധാകരന്റെ ഭാര്യായത്‌.

പക്ഷേ, നാട്ടുകാര്‍ക്കു മുഴുവന്‍ തമാശ പറയുവാനുള്ള സത്യസന്ധതയും നിഷ്‌കളങ്കതയുമൊക്കെയുള്ള ശു്‌ദ്ധനായ സുധാകരന്‍ തന്റെ ഇ്‌ല്ലിക്കര യു.പി. സ്‌കൂളിലും പരിഹാസ്യനാവുന്നതു കണ്ടപ്പോള്‍ അവള്‍ക്കു സഹിക്കാനാവുന്നില്ല. അങ്ങിനെയായിരുന്ന അവള്‍ സുധാകരനെ മാറ്റാന്‍ ശ്രമിച്ചത്‌. പക്ഷേ, ഭാര്യയുടെ വാ്‌ക്കുകള്‍ അയാള്‍ ശ്രദ്ധിച്ചില്ല. പകരം തന്റെ വേഷവും രൂപവും ഭാര്യക്ക്‌ ഇഷ്ടമാകുന്നില്ലെന്ന അപകര്‍ഷതാ ബോധത്താല്‍ ്‌സ്വയം ഉള്‍വലിയുകയായിരുന്നു. അങ്ങിനെയാണ്‌ സൂധാകരന്‍ ഒരു രാത്രി അമ്മയേയും ഭാര്യയേയും തനിച്ചാക്കി എങ്ങോട്ടെന്നില്ലാതെ ഇറങ്ങിപോവുന്നതും.


മൂകാംബിക ദേവിയുടെ മുന്നിലാണ്‌ ആ യാത്ര സുധാകരനെ കൊണ്ടെത്തിച്ചത്‌. എല്ലാം മറന്ന്‌ ദേവിയുടെ മുന്നില്‍ കൈ കൂപ്പി നിന്നു... അറിയാതെ കണ്ണു നിറഞ്ഞു.

ഒരു അപകടത്തില്‍പെട്ടു മരിച്ചുപോയ മകനെക്കുറിച്ചുള്ള ആധിയുമായി മൂകാംബിയിലെത്തിയ ഗണേഷ്‌ വര്‍മ്മയെ വളരെ യാദൃശ്ചികമായി പരിചയപ്പെടാനായത്‌ സുധാകരന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നു. തെന്നിന്ത്യയിലെ പരസ്യകലാരംഗത്തെ ഒന്നാം നിരക്കാരനായ ഗണേഷ്‌ വര്‍മ്മയേയും അയാളുടെ മനോരോഗിയായി മാറി പോയ ഭാര്യയുടേയും വിശ്വസ്‌തനായി സുധാകരന്‍ മാറി.

............... ഗണേഷ്‌ വര്‍മ്മയുടെ മകന്‍ ആദിത്യന്‍ മരണപ്പെട്ടത്‌ കേവലം യാദൃശ്ചികമല്ലെന്നും വര്‍മ്മയുടെ അനന്തിരവന്‍ സിന്ധു രാജന്റെ കുടില കൈകള്‍ അതിനു പിന്നിലുണ്ടെന്ന്‌ സൂധാകരന്‍ തിരിച്ചറിയുന്നു. ഈ നെറികേടിനെ നേരിടാന്‍ സുധാകരന്‍ മറ്റൊരാളായി മാറുന്നു....




Read more...

Tuesday, April 5, 2011

നക്ഷത്രങ്ങളുടെ വീട്‌



പ്രിയേ
ഇന്ധനം തീര്‍ന്ന്‌ സൂര്യന്‍
മടങ്ങിപ്പോവുംമുമ്പേ
ജാതിമതങ്ങള്‍ക്കതീതമായി നിന്ന്‌
ഒരു പ്രാര്‍ത്ഥന കേള്‍ക്കാന്‍
ദൈവം കൊതിക്കുന്നതിനു മുമ്പേ
രക്തസാക്ഷികളുടെ വീട്ടില്‍ നിന്നും
യൂദാസുകള്‍ ഇറങ്ങും മുമ്പേ
പ്രണയത്തിന്റെ പച്ച വരമ്പുകളിലൂടെ
നമുക്കു നടക്കാം....
തടവിലാക്കപ്പെട്ടവന്റെ കവിത പാടാം...
നക്ഷത്രങ്ങള്‍ കാത്തിരിക്കുന്ന
ഒരാകാശമായിരിക്കും
നാളത്തെ നമ്മുടെ വീട്‌...


Read more...

Friday, March 25, 2011

മേല്‍വിലാസം



ഇത്‌
ഒറ്റ സംഖ്യകള്‍ തീര്‍ന്നുപോയ
ഒരു കലണ്ടറിന്റെ
അവസാനത്തെ ഞായറാഴ്‌ച

പൊട്ടിപ്പൊകാതെ പകലുകള്‍ കൊണ്ട്‌
ഒരു കുന്നിന്‍പുറത്തെ വെയില്‍
മേല്‍ക്കൂര പണിതുകൊണ്ടിരിക്കുകയാണ്‌.

ഞാനിവിടെ താമസിക്കും
ഭ്രാന്തന്‍ കവിതകളുടെ മേല്‍വിലാസം
ഇനി മറ്റാര്‍ക്കും കൊടുക്കില്ല.


Read more...

Friday, March 18, 2011

സണ്‍ ഓഫ്‌ പത്രാസ്‌ രാമന്‍


ധര്‍മ്മിഷ്‌ഠനും അതേ പോലെ ആഡംബരപ്രിയനായിരുന്ന പിതാവ്‌ വരുത്തിവെച്ച വലിയ സാമ്പത്തിക ബാദ്ധ്യതകള്‍ അദ്ധേഹത്തിന്റെ മരണശേഷം ഏറ്റെടുക്കേണ്ടി വന്ന രമേശന്‍ എന്ന ചെറുപ്പക്കാരന്‍. താന്‍ വളര്‍ത്തിയ അനിയന്റെയും കുടുംബത്തിന്റെയും മുന്നില്‍ പോലും മോശക്കാരനും ഒറ്റപ്പെടുന്നവനുമാകുന്നു. അയാളുടെ മനസ്സിന്റെ നന്മകണ്ടെത്തിയ ഒരു പെണ്‍കുട്ടിയുടേയും അങ്ങിനെയൊരു സാഹചര്യമുണ്ടാക്കിയ പന്ത്രണ്ടുകാരന്റെയും കഥ ജീവിതത്തിനുമുന്നില്‍ കോമാളിവേഷം കെട്ടിനടന്ന അയാളുടെ ഉള്ളില്‍ ഒരു കലാകാരനുണ്ടെന്ന്‌ മനസ്സിലാക്കിയ ഒരു ഗ്രാമത്തിന്റെ കഥ.



Read more...

സ്വന്തം ചെഗുവേര

പാരലല്‍ കോളേജ്‌ അദ്ധ്യാപകനായ സജീവന്‍ കാക്കാത്തിയമ്മയുടെ പ്രവചനം പോലെ താന്‍ സമ്പന്നയും സുന്ദരിയുമായ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുമെന്ന വിശ്വാസത്തില്‍ കഴിയുന്നു താന്‍ പഠിപ്പിക്കുന്ന ഫിനിക്‌സ്‌ എന്ന കോളേജില്‍ പുതുതായി വന്ന സ്വപ്‌ന എന്ന അദ്ധ്യാപികയില്‍ സജീവന്‍ കാക്കാത്തിയമ്മ പറഞ്ഞ പെണ്‍കുട്ടിയെ കാണുന്നു. ചതുപ്പുനിലത്തിനോടടുത്ത ഗ്രാമീണ പശ്‌ചാത്തലത്തിലെ വീടിന്റെ അന്തരീക്ഷത്തില്‍ അപകര്‍ഷതാബോധമുള്ള സജീവന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്റെ ഓര്‍ക്കിഡ്‌ സംരക്ഷണത്തെക്കുറിച്ച്‌ വാചാലനാവുന്നു. ഒരിക്കല്‍ സജീവന്റെ വീട്‌ സന്ദര്‍ശിക്കാന്‍ വരുമെന്ന്‌ സ്വപ്‌ന ടീച്ചര്‍ പറഞ്ഞപ്പോള്‍ സജീവന്‍ ഞെട്ടിപ്പോകുന്നു. അമ്മയും അനിയനും അനിയത്തിയുമടങ്ങിയ വീടിന്റെ ജീര്‍ണ്ണാവസ്ഥ അറിയാതിരിക്കാന്‍ ആഗ്രഹിച്ച സജീവന്‍ ഗ്രാമത്തിലെ കളളനായ അശോകന്‍ മുഖേന കുറെ ഓര്‍ക്കിഡുകളും മറ്റും സമ്പാദിക്കുന്നു മറുനാട്ടുകാരനായ മത്തായിമാഷ്‌ നാട്ടില്‍ പോയ സമയത്ത്‌ ആ വീട്ടില്‍ നിന്നും മോഷ്‌ടിച്ചതായിരുന്നു അശോകന്‍ ഓര്‍ക്കിഡുകള്‍. താല്‍ക്കാലികമായി സൃഷ്‌ടിച്ച വീട്ടിലെ സെറ്റപ്പുകള്‍ കണ്ട്‌ കമന്റുകള്‍ പാസ്സാക്കി സഹപ്രവര്‍ത്തകര്‍ പോയപ്പോള്‍ സജീവന്‍ ചമ്മിപ്പോയി. അധികം വൈകാതെ സ്വപ്‌നടീച്ചറുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ്‌ നടന്നു അതിന്റെ ഭാഗമായി കോളേജില്‍ ഒരു റിസപ്‌ഷനും ഉണ്ടായി. റിസപ്‌ഷനില്‍ സജീവന്‍മാഷ്‌ പാടിയ ശോകഗാനം കേട്ട്‌ എല്ലാവരും ചിരിച്ചു. സ്വപ്‌നടീച്ചറുടെ വിവാഹം കെങ്കേമമായി നടന്നു. പിന്നീട്‌ ഫിനിക്‌സ്‌ കോളേജില്‍ അദ്ധ്യാപകനായി തുടരാനാവാതെ സജീവന്‍ വീട്ടിലിരിപ്പായി. ഒരുനാള്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കാണശ്ശേരി ഫല്‍ഗുനന്‍ മുതലാളിയെ ചെന്ന്‌ കണ്ട്‌ സജീവന്‍ കുറച്ച്‌ രൂപ ചോദിച്ചുവെങ്കിലും അതു കൊടുക്കാതെ ഫല്‍ഗുനന്‍ മുതലാളി സജീവനെ ഉപദേശിച്ചുകൊണ്ട്‌ തിരിച്ചയച്ചു.


ദിവസങ്ങള്‍ കടന്നുപോയി ജോലി ചെയ്യാതെ ഭക്ഷണം കഴിക്കുന്ന സജീവന്‍ അനുജന്റെ മുറുമുറുപ്പുകള്‍ കേട്ട്‌ സജീവന്‍ നാണംകെട്ടു. അച്ഛന്റെ കല്ലുവെട്ട്‌ മഴുവിലേക്ക്‌ അവന്റെ ശ്രദ്ധ പതിഞ്ഞു. അച്ഛന്റെ കൂടെ പണ്ട്‌ കുറച്ചുകാലം സഹായിയായി കല്ലുവെട്ടാന്‍ പോയ കാര്യം അവനോര്‍ത്തു. പിറ്റെ ദിവസം തന്നെ കുന്നിന്‍ ചരുവിലെ സുകുമാരന്‍ നായരുടെ കല്ലുവെട്ടു കുഴിയില്‍ ചെന്ന്‌ അവന്‍ ജോലി ആരംഭിച്ചു. ദിവസങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഒരു ദിവസം കല്ലുവെട്ടുതൊഴിലും കഴിഞ്ഞ്‌ തിരിച്ചുവരുന്നതിനിടയില്‍ ശിഷ്യന്‍മാരായ കുട്ടികള്‍ക്കിടയില്‍ പെട്ട്‌ സജീവന്‍ ചമ്മുന്നു. പരശ്ശുരാമന്‍മാഷ്‌ എന്ന്‌ കളിയാക്കി അവര്‍ സ്ഥലം വിടുന്നു. സഹോദരി ഗായത്രിക്ക്‌ ഒരു ആലോചന വന്നപ്പോള്‍ സജീവന്‍ വീടുപണയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ അവള്‍ കൊപ്രകച്ചവടക്കാരന്‍ മുരളിയുമായി പ്രണയത്തിലാണെന്ന്‌ സജീവന്‍ മനസ്സിലാക്കുന്നു. മദ്യപാനിയായ മുരളിയെ സജീവന്‍ ഉപദേശിക്കുന്നു. മുരളി സജീവന്റെ ദാരിദ്യത്തെ പരിഹസിക്കുന്നു. ഇതില്‍ മാനക്കേടു തോന്നിയ ഗായത്രി മുരളിയുമായി അകലുന്നു.

ഒരു ദിവസം കുന്നിന്‍ ചെരുവിലെ കല്ലുവെട്ടുകുഴിയില്‍ നിന്ന്‌ ഒരു അലര്‍ച്ച കേട്ട്‌ അവിടേക്ക്‌ ഓടിയെത്തിയ മില്ലുടമ റസാക്കും ചായക്കടക്കാരന്‍ രാമന്‍ നായരും കല്ലുവെട്ടുകുഴി ഒരു ഗുഹയായിമാറിയിരിക്കുന്നതു കാണുന്നു പക്ഷെ സജീവനെ അവര്‍ കണ്ടില്ല. പരിഭ്രാന്തരായ നാട്ടുകാര്‍ രാവുംപകലും തിരഞ്ഞെങ്കിലും അവര്‍ക്ക്‌ സജീവനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഫല്‍ഗുനന്‍ കാര്യസ്ഥനായ ഉപേന്ദ്രനില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഗുഹയില്‍ കോടിക്കണക്കിന്‌ രൂപയുടെ നിധിയുണ്ടായിരുന്നെന്നും അവ സജീവന്‍ കൊണ്ടുപോയി എന്നും ഇനി ആ നിധി സജീവന്‍ സര്‍ക്കാരിനു നല്‍കിയാല്‍ തന്നെ അതിന്റെ ഇരുപതു ശതമാനം സജീവന്‌ കിട്ടുമെന്നും അവ നാലു തലമുറയ്‌ക്കു തിന്നാനുള്ള വകയായി അവശേഷിക്കുമെന്നു ഉപേന്ദ്രന്‍ മുതലാളിയെ ധരിപ്പിക്കുന്നു.

സജീവന്റെ ധനവും പ്രശസ്‌തിയും കൈവിട്ടുപോകരുതെന്ന്‌ കരുതിയ ഫല്‍ഗുനന്‍ മുതലാളി വര്‍ഷങ്ങളായി സജീവനും തന്റെ മകളും തമ്മില്‍ പ്രണയത്തിലാണെന്നും താന്‍ അവരുടെ വിവാഹം കഴിച്ച്‌ കൊടുക്കാന്‍ തയ്യാറായിരുന്നതാണെന്നും നാട്ടുകാരുടെ മുന്നില്‍ തട്ടിവിടുന്നു. ഇക്കാര്യം കേട്ട്‌ ഫല്‍ഗുനന്റെ മകള്‍ നീതു അച്ഛനുമായി തെറ്റുന്നു. ഇതിനിടയില്‍ ഒരു രാത്രി ഫല്‍ഗുനന്‍ മുതലാളിയുടെ മാളിക മുകളില്‍ കണ്ട രൂപത്തെ നാട്ടുകാര്‍ പിടികൂടുന്നു. അത്‌ സജീവനായിരുന്നു. അവന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെങ്കിലും മുഴുവന്‍ അവനെ വിശ്വസിക്കുന്നില്ല. ഇതിനിടയില്‍ പോലീസ്‌ വന്നെത്തുന്നു. അതൊരു ശവകല്ലറയായിരുന്നുവെന്നും താന്‍ ഭയന്ന്‌ പനിപിടിച്ച്‌ കിടപ്പിലായിരുന്നുവെന്നും അതിനിടയില്‍ ആളുകള്‍ തന്നെക്കുറിച്ച്‌ തെറ്റിദ്ധരിച്ചതിനാലാണ്‌ താന്‍ പുറത്തുവരാതിരുന്നതെന്നും ഇപ്പോള്‍ താന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിച്ചുപോകരുതെന്ന്‌ കരുതിയാണ്‌ താന്‍ സത്യം ബോധിപ്പിക്കുവാനും നീതുവിനെ കാണാന്‍ ശ്രമിച്ചതെന്നും ആ പെണ്‍കുട്ടിയും താനുമായി യാതൊരു ബന്ധവുമില്ലെന്നും അതിനുള്ള അര്‍ഹത തനിക്കില്ലെന്നും സജീവന്‍ കൂടിനിന്നവരോട്‌ പറയുന്നു. കൂടാതെ നാടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഏതാനും രേഖകള്‍ ആ കല്ലുവെട്ടുകുഴിയില്‍ നിന്നും തനിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും അത്‌ താന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടിനെ ഏല്‍പ്പിക്കുന്നുവെന്നും സജീവന്‍ പറയുന്നു. അങ്ങനെ സജീവന്‍ തന്റെ പക്കലുള്ള ചില കടലാസുകള്‍ ഫല്‍ഗുനന്‍ മുതലാളിയെ ഏല്‍പ്പിക്കുന്നു.

അതോടെ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയ ചെറുപ്പക്കാരന്‍ വാര്‍ത്തകളില്‍ നിറയുന്നു. സജീവന്റെ ഹൃദയവിശുദ്ധിയില്‍ ആദരവു തോന്നിയ നീതു അവനെ കാണാനെത്തുന്നു. താന്‍ സജീവനെ സ്‌നേഹിക്കുന്നതായി അവള്‍ അറിയുന്നു. തന്റെ അതിമോഹം കാരണം ഭാവി നഷ്‌ടപ്പെടുമായിരുന്ന മകളോട്‌ മാപ്പ്‌ ചോദിച്ചുകൊണ്ട്‌ ഫല്‍ഗുനന്‍ മുതലാളി അവളെ സജീവനെ ഏല്‍പ്പിക്കുന്നു. ഇതിനിടയില്‍ ഗായത്രിയോട്‌ ക്ഷമചേദിച്ച്‌ മുരളി അവളെ താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതായി സജീവനെ അറിയിക്കുന്നു. അങ്ങിനെ ഒരേ വേദിയില്‍ രണ്ടു വിവാഹങ്ങള്‍ ആര്‍ഭാടമായി നടക്കുന്നു. കോളേജിലെ പഴയ സഹപ്രവര്‍ത്തകരും ആ ചടങ്ങില്‍ ഉണ്ടായിരുന്നു.










Read more...

Thursday, January 27, 2011

പത്രാസ്‌ രാമന്‍



ഉച്ചവരെ എല്ലുമുറിയെ പണിയെടുത്ത്‌, ഉച്ചക്കു ശേഷം സ്‌റ്റൈലായി മലയാളവും ഇംഗ്ലീഷും കൂട്ടികലര്‍ത്തി നാലാം ക്ലാസ്‌ ജീവിതം ആഘോഷിക്കുന്ന പത്രാസ്‌ രാമനെക്കുറിച്ചു കഥ സംവിധായകനായ വി.എം. വിനുവിന്‌ പറഞ്ഞു കൊടുക്കുന്നു.

Read more...

Wednesday, January 19, 2011

റെയ്‌ഞ്ചര്‍

ആനപ്പാറയില്‍ ഫോറസ്റ്റ്‌ റെയ്‌ഞ്ചറായിവന്ന ചന്ദ്രമോഹന്‍ പരുക്കന്‍ സ്വഭാവക്കാരനായ ദിലീപിനെ പരിചയപ്പെടുന്നു. വീട്ടില്‍ സൗകര്യങ്ങള്‍ കുറവായതിനാല്‍ കാട്ടിലെ റെയ്‌ഞ്ചോഫീസില്‍ കിടക്കുകയായിരുന്നു ദിലീപിന്റെ സ്വഭാവം. ആദ്യം ഈ ശീലത്തെ എതിര്‍ത്ത ചന്ദ്രമോഹന്‍ പിന്നീട്‌ ദിലീപിന്റെ ജീവിതകഥകള്‍ മനസ്സിലാക്കിയപ്പോള്‍ അവനുമായി സൗഹ്യദത്തിലാവുന്നു. ചന്ദ്രമോഹനന്റെ ഏത്‌ ആവശ്യത്തിനും ദിലീപ്‌ ഒരു സഹായിയാവുന്നു. ദിലീപിന്റെ അച്ഛനായ രാഘവേട്ടനെ കാട്ടുകള്ളന്‍മാരും ഫോറസ്റ്റുകാരും ചേര്‍ന്ന്‌ കൊലപ്പെടുത്തിയതാണെന്ന കഥ ചന്ദ്രമോഹന്‍ അറിയുന്നു. അമ്മയും രണ്ട്‌ സഹോദരിമാരുമുള്ള ദിലീപ്‌ ചന്ദ്രമോഹനുമായുള്ള സൗഹ്യദത്തിന്‌ ശേഷം പെട്ടെന്ന്‌ ധനവാനാകുന്നു. അനിയത്തിയുടെ വിവാഹം കഴിച്ചയച്ച ദിലീപ്‌ ക്രമേണ ചന്ദ്രമോഹനനുമായി അകലുന്നു. ദിലീപിന്റെ മാറ്റങ്ങള്‍ ചന്ദ്രമോഹനെ വിസ്‌മയിപ്പിക്കുന്നു. കാട്ടില്‍ നിന്നും അനധിക്യതമായി മരവും ആനക്കൊമ്പുകളും നഷ്‌ടപ്പെടുന്നതായി മേലുദ്യോഗസ്ഥന്റെ പരാതിയില്‍ ചന്ദ്രമോഹനന്‍ അസ്വസ്ഥനാവുന്നു. കൂട്ടുകാരനായ സുനില്‍ എന്ന പത്രപ്രവര്‍ത്തകന്‍ ദിലീപിനെ ശ്രദ്ധിക്കാന്‍ ചന്ദ്രമോഹനന്‍ പറയുന്നു. അതിനിടയില്‍ ദിലീപിന്റെ മൂത്തസഹോദരി ഹേമയുമായി ചന്ദ്രമോഹനന്‍ പ്രണയത്തിലാവുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ദിലീപ്‌ തന്നെയാണ്‌ വനംകൊള്ളക്കാരെ സഹായിക്കുന്നതെന്നും ചന്ദ്രമോഹന്‌ മനസ്സിലാവുന്നു . എന്നാല്‍ അതിനിടയില്‍ ചന്ദ്രമോഹനന്‍ ജോലിയിലെ അനാസ്ഥ കാരണം സസ്‌പെന്‍ഷലാവുന്നു. ഒടുവില്‍ നിയമത്തിന്റെ പിടിയിലായ ദിലീപിന്റെ കുടുംബത്തെ ചന്ദ്രമോഹനന്‍ സഹായിക്കുകയും ഹേമയെ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ എത്തുകയും ചെയ്യുന്നതാണ്‌ ഈ കഥയുടെ അവസാനം.

Read more...

Monday, January 17, 2011

വിധുബാലയും കൊല്ലത്തെ കായലുകളും

വേനല്‍ക്കാലത്ത്‌,
വിധുബാലയുടെ കണ്ണുകള്‍പോലെ
തോന്നും
കൊല്ലത്തെ ചില കാലയുകള്‍ കണ്ടിട്ടുണ്ട്‌.

മന: പാഠങ്ങളില്‍ നിന്നും കിട്ടില്ല
അവയുടെ ചില നേരങ്ങളിലെ
മയക്കവും തിളക്കവം

തെങ്ങിന്‍ തലപ്പുകളില്‍ കൂടു കെട്ടിയ
പരുന്തുകള്‍ക്കറിയില്ല
അവയുടെ നിദ്രാഭംഗം

വിദൂരതയിലേക്ക്‌ പോവും
കാഷായ മേഘങ്‌ഹളെ അവ തിരികെ
വിളിക്കും

തുളസിത്തറയില്‍ നിന്നും
പാഴിലകള്‍ മാറ്റി
ഒരു നക്ഷത്രം വിളക്കു വെക്കും

ഉപ്പുകറ്റില്‍ കണ്ണീര്‍ നനവുകളില്‌
പ്രണയത്തോടെ ഉമ്മ വെക്കും

തലെ ദിവസത്തെ നിലാവുകള്‍
അടിവയറ്റില്‍ സൂക്ഷിക്കുന്ന അവയുടെ
കൗമാരത്തെക്കുറിച്ച്‌ ഒരു ഗുരുനാഥനും
പഠിപ്പിക്കാനാവില്ല

Read more...

Tuesday, January 4, 2011

ഇരുട്ടിനപ്പുറം

ഭാരതപുഴയോരത്തെ ആറ്റു വഞ്ചിയില്‍ വീഴുന്ന അസ്‌തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങളിലേക്ക്‌ നോക്കിയിരിക്കേ അയാളുടെ മനസ്സ്‌ ഈറനായി.

മടിയില്‍ ഒന്നുമറിയാത്തതുപോലെ ഉറങ്ങുകയാണ്‌ നന്ദു. ജന്മാന്തരങ്ങളുടെ വിദൂര സന്ധ്യകളിലെവിടെ നിന്നോ തന്നെ തേടിയെത്തിയ ഒരു നക്ഷത്രമാണവളെന്ന്‌ അമലിന്‌ തോന്നി. അല്ലെങ്കില്‍ ഇത്ര തന്ത്രപൂര്‍വ്വം ബന്ധങ്ങളുടെ വേദതനകളില്‍ നിന്നും അകന്നു നിന്ന തന്നെ തേടി അവളിങ്ങിനെ.....

ബര്‍ത്തില്‍ നിന്നും താഴേക്കു വീണ നാരങ്ങാതൊലി അമലിനെ ചിന്തകളില്‍നിന്നും ഉണര്‍ത്തി. തല പുറത്തേക്കിട്ട്‌ മുകളില്‍ നിന്നും ചെറുപ്പക്കാരന്‍ പറഞ്ഞു : "സോറി..." - അമല്‍ തലയാട്ടി....
സാരമില്ല, ഒന്നും സാരമില്ല... അയാളുടെ മനസ്സ്‌ ആദ്രമായി അങ്ങിനെ പറഞ്ഞുകൊണ്ടിരുന്നു....
അരികില്‍ അപരിചിതനായ സഹയാത്രികന്‍ വായിച്ചു മടക്കിവെച്ച സായാഹ്നപത്രത്തിന്റെ താളുകള്‍ കണ്ടാപ്പോള്‍ അയാള്‍ക്ക്‌ നേര്‍വര ഓര്‍മ്മ വന്നു. ആ നേര്‍വരയിലൂടേയായിരുന്നു അവള്‍ വന്നത്‌.

മീരാ നായര്‍ എന്ന തന്റേടിയും സമ്പന്നയുമായ ആ പതിനെട്ടുകാരി... പകുതി കാഴ്‌ചയില്ലാത്ത ജീവിതവുമായി ദൈവത്തിന്റെ തമാശയോര്‍ത്ത്‌ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ശ്രമിച്ച അമല്‍ എന്ന നാല്‍പതുകാരനെ തേടി നഗരത്തിലെ കോളേജ്‌ കേന്ദ്രീകരിച്ച്‌ താന്‍ നേര്‍വരയിലെഴുതിയ "വഴി തെറ്റുന്ന കൗമാരം" എന്ന പംക്തിയോടൊപ്പം ചേര്‍ത്ത ചെറിയ ഫോട്ടോയില്‍ അറിയാതെ വന്നു പെട്ട പെണ്‍കുട്ടി.

യാഥാസ്ഥികമായ അവളുടെ ചുറ്റുപാടുകളില്‍ നിന്നും അതിന്റെ തിക്തഫലം അനുഭവിച്ച അവള്‍ ആ പ്രതികാര മനോഭാവവുമായായിരുന്നു തന്നെ തേടി വന്നത്‌. മുറച്ചെറുക്കന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ രോഷത്തിനു മുമ്പില്‍ തന്റെ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ സതീശന്‍ വരട്ടഞ്ചേരിയെന്ന എന്തു പറഞ്ഞാലും ചിരിക്കുന്ന സഹായിയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട്‌ കാര്യമില്ലെന്നറിയാവുന്ന താന്‍ എല്ലാ ശകാരങ്ങളും കേട്ടു നിന്നു. ഒടുവില്‍ ഏതോ നാട്ടുകാരി പറഞ്ഞ തന്റെ ജീവിത ദുരന്തത്തിന്റെ കഥ ആര്‍ദ്രമാക്കിയ മനസ്സുമായി നിശ്ശബ്ദം അവള്‍ തന്റെ മുമ്പില്‍ വന്നു നിന്ന സന്ധ്യ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.

എത്ര തെളിച്ചാലും അകന്നുപോവാത്ത ഒരു വളര്‍ത്തുമൃഗം പോലെയാണ്‌ താനെന്ന്‌ അവള്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ട്‌. എന്നിട്ടും അവള്‍ പോയി. ഒരു നാടിന്റെ കപട സദാചാരത്തിനെ അവഗണിച്ച്‌ തന്റെ കൂട്ടുകാരിയായ അവള്‍ ഒടുവില്‍ മറ്റുള്ളവരുടെ അപവാദ കഥകള്‍ക്ക്‌ മുന്നില്‍ ഒരു തീരുമാനവുമയി വന്നപ്പോള്‍ താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ദീര്‍ഘദുരമില്ലാത്ത ഒരു യാത്രയിലാണ്‌ താനെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ആ സത്യത്തിന്റെ പതര്‍ച്ചയില്‍ മുത്തശ്ശിയുടെ അനുഗ്രഹത്തോടെ ചിറ്റം പറമ്പത്ത്‌ വീട്ടിലേക്ക്‌ അവള്‍ കയറി വന്നപ്പോള്‍ എല്ലാവരുടേയും സ്‌നേഹം പിടിച്ചടക്കി നന്ദുവിനെ തനിക്കു നല്‍കി കടന്നു പോയപ്പോള്‍ താന്‍ തളര്‍ന്നുപോയി. ഇരുട്ടുവീഴുന്ന തന്റെ ജന്മത്തിനു മുമ്പില്‍ സ്വന്തം കണ്ണുകള്‍ നല്‍കി അവള്‍ തന്റെ രാത്രികാലത്തെ നിലാവായി. ഒരു കെട്ടു കഥപോലെ വിചിത്രമായ ജീവിതത്തില്‍ സത്യത്തിന്റെ രക്ത സ്‌പര്‍ശമായി ഇപ്പോള്‍ നന്ദു നില്‍ക്കുന്നു.....

ഏതോ പാലത്തിനു മുകളില്‍ കയറിയ തീവണ്ടിയുടെ താളഭ്രംശത്തില്‍ നിദ്രാഭംഗം വന്ന നന്ദു ഒരു ഞരക്കത്തോടെ കണ്ണു തുറന്നപ്പോള്‍ അയാള്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു.....

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP