Friday, November 7, 2008

സെന്റോഫ്‌

സായാഹ്ന വിരുന്നില്‍ രോഗികളും ആശുപത്രി ജീവനക്കാരും അയല്‍വാസികളുമൊക്കെ ഉണ്ടായിരുന്നു. മുറ്റത്തെ ബോഗണ്‍വില്ലയില്‍ വീണു കിടക്കുന്ന മഞ്ഞ വെയിലിലേക്ക്‌ നോക്കി ഡോക്ടര്‍ പ്രമോദ്‌ ശ്രീനിവാസന്‍ പാടി തുടങ്ങിയപ്പോള്‍ അതൊരു ശോക സാന്ദ്രമായ കഥയുടെ പര്യവസാനമായി അളകക്ക്‌ തോന്നി. അവള്‍ പൂര്‍വ്വകാലം മറന്നുപോയ മിഥുന്‍ മോഹന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ ശരിയാക്കികൊണ്ട്‌ നിന്നു... എന്തിനെന്നറിയാതെ അവന്‍ അവളെ നോക്കി ചിരിച്ചു.

മുന്നു മാസങ്ങള്‍ക്കപ്പുറത്തെ ആ രാത്രിക്കുറിച്ചോര്‍ക്കുകയായിരുന്നു അവള്‍. കുസൃതിക്കാരനായ മിഥുന്‍മോഹനോടൊപ്പം അവന്റെ കൂട്ടുകാരനായ അനില്‍ദാസിന്റെ ബാംഗ്ലൂരിലുള്ള താമസ സ്ഥലം തേടിയുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. ഇരു വീട്ടുകാരും എതിര്‍ക്കുന്ന ഒരു പ്രണയ ബന്ധത്തിന്റെ അനിവാര്യമായ ഒളിച്ചോട്ടമായിരുന്നു അത്‌. ഒടുവില്‍ ആ യാത്ര അവസാനിച്ചത്‌ ഒരു അപകടത്തിലാണ്‌.

മലയാളിയും മധ്യവയസ്‌കനുമായ ഡോക്ടര്‍ പ്രമോദിന്റെ സ്വകാര്യ ആശുപത്രിയില്‍ കിടക്കവേ മിഥുന്‍ മോഹനനെന്ന ത്‌ന്റെ കാമുകന്‌ ഇനി തിരിച്ചറിവിന്റെ ഓര്‍മ്മകള്‍ തിരികെ കിട്ടില്ലെന്ന സത്യമറിഞ്ഞു.

കലാകാരനായ ഡോക്ടറുടെ പ്രണയനൈരാശ്യ കഥയില്‍ നിന്നും തന്നോടുള്ള അനുരാഗം മനസ്സിലായെങ്കിലും മിഥുന്റെ ജീവനെക്കരുതി എല്ലാം ക്ഷമിക്കുകയായിരുന്നു. ഒടുവില്‍ നാട്ടില്‍ നിന്നും തന്നെ കാണാന്‍ വന്ന ഡോക്ടറുടെ അമ്മയോട്‌ സത്യം പറഞ്ഞപ്പോള്‍ അവര്‍ അനുഗ്രഹിച്ചു

ബന്ധുക്കളുമായി എല്ലാം സംസാരിച്ച്‌ തിരിച്ചു വന്ന ഡോക്ടര്‍ക്ക്‌ സ്വന്തം മകളുടെ വിവാഹം നടത്തുന്ന ഭാവമായിരുന്നു. അങ്ങിനെ ഒരു സായാഹ്ന വിരുന്നോടെ അദ്ദേഹം തങ്ങളെ നാട്ടിലേക്കയക്കുകയാണ്‌. ഇനി....

നീണ്ട കരഘോഷങ്ങള്‍ക്കിടയില്‍ അവള്‍ ചിന്തയില്‍ നിന്നുണര്‍ന്നു.. ഡോക്ടര്‍ മിഥുനെ വാല്‍സല്യപൂര്‍വ്വം കെട്ടിപ്പിടിച്ചു, പിന്നെ മെല്ലെ പറഞ്ഞു: പോയി വരൂ.... അവര്‍ ചാക്കോ ചേട്ടന്റെ കാറില്‍ കയറി. പുറത്ത്‌ അപ്പോഴും ബോഗണ്‍ വില്ലയില്‍ മഞ്ഞ വെയിലിന്റെ പൂക്കള്‍ മന്ദഹസിച്ചുകൊണ്ടിരുന്നു.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP