Thursday, August 4, 2011

പുരുഷോത്തമന്‍ നായര്‍ - 45 പുരുഷന്‍

പുരുഷോത്തമന്‍ നായര്‍ - 45 പുരുഷന്‍


ഗള്‍ഫ്‌ ചന്ദ്രമോഹന്റെ ഇരുനില വീടിന്റെ ചുറ്റുമതിലില്‍ ആ കറുത്ത രൂപം കാണപ്പെടുമ്പോള്‍ രാവണപുരം ഗ്രാമത്തില്‍ ഏകദേശം പത്തരയായിരിക്കുന്നു. മെല്ലെ അകത്തെ പരവതാനിപ്പുല്ലിലേക്ക്‌ ഒരു അഭ്യാസിയുടെ മെയ്യൊതുക്കത്തോടെ ചാടിയ ആ രൂപം പിന്നീട്‌ നമ്മള്‍ക്ക്‌ ദൃഷ്‌ടിഗോചരമല്ലാതാവുകയാണ്‌.
രണ്ടാം അംഗത്തില്‍ നമ്മള്‍ കാണുന്നത്‌ മങ്ങിയ വെളിച്ചത്തില്‍ നില്‌ക്കുന്ന ചന്ദ്രമോഹന്റെ വീടിന്റെ അടുക്കളഭാഗമാണ്‌. സുമാര്‍ നാല്‌പത്തഞ്ചു വയസ്സു തോന്നിക്കുന്ന ഒത്ത ഉയരമുള്ള ആ രൂപത്തിന്റെ മുഖം ഭയവും ആശങ്കയും നിറഞ്ഞതായി നമുക്ക്‌ കാണാവുന്നതാണ്‌. നമ്മുടെ ആകാംക്ഷയ്‌ക്ക്‌ മുന്നില്‍ നില്‌ക്കുന്ന ഇയാള്‍ ഒരു കള്ളനായി മുദ്ര കുത്തപ്പെടുവാന്‍ പോകുകയാണ്‌. അടുക്കള വാതില്‍ ശരിയായി അടച്ചോ എന്ന്‌ നോക്കാനായി വന്ന ചന്ദ്രമോഹന്റെ ഭാര്യ ഇന്ദുലേഖയെന്ന മുപ്പത്തഞ്ചുകാരിയായ സുന്ദരി ആ രൂപം കണ്ടതും അയ്യോ എന്ന അലര്‍ച്ചയോടെ തിരിഞ്ഞോടിയതും പെട്ടെന്നായിരുന്നു. തൊട്ടുമുമ്പ്‌ കണ്ട ഒരു സീരിയലിലെ പ്രേതനായികയായിരുന്നു അപ്പോള്‍ ഇന്ദുലേഖയുടെ മനസ്സില്‍. ആയതിനാല്‍ അവളെ രക്ഷിക്കാന്‍ ശ്രമിച്ച നമ്മുടെ നായകന്‍ പുറത്തുനിന്നും വീട്ടിലേക്ക്‌ തിരിക്കുന്ന ഏതാനും രാഷ്‌ട്രീയ പ്രവര്‍ത്തകരായ ചെറുപ്പക്കാരുടെ സന്നദ്ധസേവനം ആവശ്യപ്പെടുന്നതായിരുന്നതിനാല്‍ ഉടന്‍ തന്നെ നമ്മുടെ കഥാനായകനായ പുരുഷോത്തമന്‍ നായര്‍ 45 വയസ്സ്‌ ഓടിവന്നവര്‍ക്കിടയില്‍ അക്ഷോഭ്യനായി നിന്നു പോയതായി പിന്നീട്‌ ചരിത്ര അദ്ധ്യാപകനായ കെ.ആര്‍ രൂപകപ്പിച്ചു രേഖപ്പെടുത്തുകയുണ്ടായി.
കഥാനായകന്റെ ജീവിതം ഇത്രയും ദയനീയമായി അനുഭവപ്പെടാനുള്ള കാരണം അന്വേഷിച്ച്‌ നമ്മള്‍ വസ്‌തുതകളിലേക്ക്‌ ഇറങ്ങിച്ചെല്ലുമ്പോള്‍ മനസ്സിലാവുന്നത്‌ എന്തെന്നാല്‍ കോണ്‍ക്രീറ്റു പണിക്കാരനായ പുരുഷോത്തമന്‍ നായര്‍ ഏകമകളോടും ഭാര്യയുമൊത്ത്‌ തന്റെ ജന്മനാടായ ക്ഷേമങ്കരി ദേശത്ത്‌ മയിലാടും പാറയ്‌ക്ക്‌ എതിര്‍വശത്തായി ജീവിച്ചു വരികയായിരുന്നു. സര്‍ക്കാരിന്റെ ധനസഹായം കൊണ്ട്‌ എവിടെയുമെത്താത്ത വീട്ടില്‍ ഏകമകളെ പഠിപ്പിക്കാന്‍ തീരുമാനിച്ച്‌ കഴിയുന്ന പുരുഷോത്തമന്‍നായര്‍ക്ക്‌ മറ്റ്‌ വലിയ സ്വപ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും ദൈവം ചില അനീതികള്‍ കാണിച്ചു എന്നതിലാണ്‌. സ്വന്തം ജീവിതത്തിന്റെ ഗതി എന്നാല്‍ ഇനി വരുന്നതുപോലെ എന്ന വിധത്തില്‍ പുരുഷോത്തമന്‍നായര്‍ തീരുമാനിച്ചത്‌ ഉദ്ദേശം പതിനെട്ട്‌ വയസ്സ്‌ പ്രായമുള്ള തന്റെ മകള്‍ മാളവിക മായന്നൂര്‍ ഹയര്‍ സെക്കണ്ടറിയില്‍ പ്ലസ്‌ ടുവിന്‌ പഠിക്കവെയായിരുന്നു തന്റെ സ്വപ്‌നങ്ങളെ തൃണവല്‍ക്കരിച്ച്‌ പടച്ചവന്‍ പുരുഷോത്തമന്‍ നായരെ വഞ്ചിച്ചത്‌.
സ്വതവേ വായാടി പ്രകൃതമായ അവള്‍ ഈയിടെയായി അകാരണമായ മൗനത്തില്‍ പുരുഷോത്തമന്‍ നായരുടെ ശ്രദ്ധയില്‍ ആകുലത നിറച്ചിരുന്നുവെന്നതായിരുന്നു സത്യം. അങ്ങിനെയാണ്‌ തന്റെ ഭാര്യയെ പറഞ്ഞ്‌ ബോധ്യപ്പെടുത്തി പുരുഷോത്തമന്‍നായര്‍ കാര്യത്തിന്റെ നിജസ്ഥിതി അറിയാന്‍ ശ്രമിച്ചതും ഞെട്ടിക്കുന്ന ആ വാര്‍ത്തയില്‍ നിന്നും പുരുഷോത്തമന്‍ നായര്‍ക്ക്‌ ഉറക്കമില്ലാത്ത രാവുകളായിരുന്നു. കിട്ടിയത്‌ തന്റെ മകളുടെ ക്ലാസിലെ ഒരാണ്‍കുട്ടിയുടെ ഭാവനയായി, ക്രൂരമായി തന്റെ മകളുടെ നഗ്നചിത്രം ഉടലെടുത്തിരിക്കുന്നു. ആ ക്രൂരത ചെയ്‌തവനെ തേടി പുരുഷോത്തമന്‍നായര്‍ സ്‌കൂളിലെത്തിയെങ്കിലും അവന്‍ അവധിയിലാണെന്നറിഞ്ഞ്‌ പുരുഷോത്തമന്‍നായര്‍ അവന്റെ നാട്ടിലെത്തിയിരുന്നു. പക്ഷെ പയ്യന്‍ പുരുഷോത്തമന്‍ നായരെ കണ്ട്‌ രക്ഷപ്പെട്ടു കളഞ്ഞു. ആ ഈര്‍ഷ്യയിലാണ്‌ പുരുഷോത്തമന്‍ നായര്‍ പയ്യന്റെ വീട്ടിലെത്തി രഹസ്യമായി അവന്റെ മൊബൈല്‍ ഫോണ്‍ മോഷ്‌ടിക്കാന്‍ തീരുമാനിച്ചതും രാത്രി മതില്‍ ചാടിക്കടന്നു വന്നതും. നേരായ മാര്‍ഗ്ഗത്തില്‍ മൊബൈല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ആ നഗ്നചിത്രം ഒരുപാട്‌ പേര്‍ കാണുകയും തന്റെ മകളുടെ ഭാവി തകരുകയും ചെയ്യുമെന്ന്‌ ഊഹിച്ച വെറും നാട്ടിന്‍പുറത്തുകാരനായ പുരുഷോത്തമന്‍ നായര്‍ക്ക്‌ മറ്റ്‌ മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. ജീവിതത്തില്‍ ഒരു കോണ്‍ക്രീറ്റു പണിക്കാരന്റെ അറിവിനപ്പുറം പോകാനാവാത്ത അയാള്‍ സദാചാരത്തിന്റെ കാവല്‍ക്കാരുടെ മുന്നിലാണിപ്പോള്‍ നില്‌ക്കുന്നത്‌. മേല്‌പടി പറഞ്ഞ പ്രകാരം ഇനി പുരുഷോത്തമന്‍നായരുടെ ജീവിതത്തിന്റെ ഗതി എന്താവുമെന്ന്‌ നമുക്ക്‌ നമ്മുടെ ചാനലുകാരില്‍ നിന്നറിയാം.

Read more...

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP