Tuesday, January 19, 2010

മഞ്ഞുകൂടാരങ്ങള്‍

ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കോട മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലകള്‍ കാണുകയാണവള്‍. മനസ്സില്‍ സന്തോഷവും ദു:ഖവും ഇടകലര്‍ന്ന നിസ്സഹായാവസ്ഥയില്‍ അയാള്‍..... കാരണ മറിയാതെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ തൂവാലയില്‍ തുടച്ചു. പി.ടി.ആര്‍ മാഷ്‌ തന്നെ തോല്‍പിച്ചു കളഞ്ഞു- അയാള്‍ ചിന്തിച്ചു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നാട്ടിലെ മഠത്തില്‍വീട്ടില്‍ വാടകക്കു വന്ന പി.ടി.ആര്‍. മാഷിന്‌ അല്‍പം വൈദ്യവും അറിയാമെന്ന നാട്ടുവര്‍ത്തമാനമായിരുന്ന, കാഴ്‌ചയില്ലാത്ത അനിയത്തിയേയും കൊണ്ട്‌ മാഷെ കാണാന്‍ പ്രേരണയായത്‌. കണ്ടപ്പോള്‍ ഇതുവരേയും കണ്ടില്ലല്ലൊ എന്നു സങ്കടപ്പെട്ടു.

ഒരച്ഛന്റെ വാല്‍സല്യമായിരുന്നു, സംഗീതപ്രിയനായ അദ്ദേഹം എനിക്കു നല്‍കിയത്‌.

പക്ഷേ.... ചികില്‍സുടെ മൂന്നാം പക്കം മാഷ്‌ അനിയത്തിയെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നു കേട്ടു. തനിക്കു കയ്യില്‍ കിട്ടിയ ഇരുമ്പു വടികൊണ്ടു തല്ലേണ്ടിവന്നത്‌ ഏതോ ജന്മാന്തര ശാപം കൊണ്ടായിരിക്കുമെന്നു വിശ്വസിച്ചു

ഒരു വശം തളര്‍ന്ന മാഷ്‌ പിന്നെ നാട്ടിലേക്ക്‌ പോയി. മദ്യമായിരുന്നു മാഷെ നശിപ്പിച്ചതെന്ന്‌ മുരളിമാഷ്‌ പറഞ്ഞറിഞ്ഞു. ഒരുപാട്‌ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവത്രെ. രണ്ടു പെണ്‍മക്കളും... മുരളി മാഷുടെ വാക്കുകള്‍ കാതില്‍ മുഴങ്ങി....

രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ മാഷിന്റെ വേലക്കാരിയായി നിന്ന ശാന്തമ്മ ആ പൊള്ളുന്ന രഹസ്യം തന്നോടു പറഞ്ഞത്‌. അന്നു ബിന്ദുമോളെ നശിപ്പിക്കാന്‍ ശ്രമിച്ചത്‌ മാഷായിരുന്നില്ലത്രെ. മഠത്തില്‍ പറമ്പില്‍ തേങ്ങയിടാന്‍ വന്ന ഗോവിന്ദനായിരുന്നുവത്രെ...

ഗോവിന്ദന്‌ ശാന്തമ്മയോട്‌ അല്‍പം അടുപ്പമായിരുന്നെന്ന കഥ മുമ്പേ കേട്ടിരുന്നു..... മദ്യപിച്ചാല്‍ സ്ഥലകാലബോധമില്ലാത്ത മാഷെ മറ്റുള്ളവര്‍ കുറ്റവാളിയാക്കുകയായിരുന്നുവത്രെ....പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ ഗോവിന്ദന്‍ ശാന്തമ്മയോടു പറഞ്ഞുവത്രെ...

ശാന്തമ്മയുടെ വാക്കുകള്‍ ഉള്ളില്‍ കുറ്റബോധത്തിന്റെ കനലുകളായി തന്നെ പൊള്ളിച്ചപ്പോഴാണ്‌ മാഷിന്റെ നാടു തേടി വന്നത്‌.... അതു പക്ഷേ... മറ്റൊരു ദു:ഖം കൂടി സമ്മാനിക്കാനായിരുന്നുവെന്ന്‌ അയാള്‍ കരുതിയില്ല. മാഷിന്റെ മൂത്ത മകളായ രേവതിയും താനുമായുള്ള അടുപ്പം..... കഥകളൊന്നും പറയാതെ ആ നിരാലംബമായ കുടുംബത്തിന്റെ അയല്‍ക്കാരനായ തന്നോടവള്‍ അടുക്കുകയായിരുന്നു. താനാരാണെന്നറിയാതെ... ഒടുവില്‍ എല്ലാ സത്യങ്ങളും പറഞ്ഞ്‌ മാപ്പു ചോദിച്ചപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചില്ല. പകരം പുറത്തേക്കുള്ള വാതില്‍ ചൂണ്ടിക്കാണിച്ചു... അത്‌ മാന്യതയുടേയും സഹനത്തിന്റേം അവസാനമായിരുന്നു. ഇറങ്ങിപ്പോരേണ്ടിവന്നു.. അതിനു മുമ്പേ അനിയത്തിയുടെ കാഴ്‌ച ശക്തി തിരിച്ചു കിട്ടാനുള്ള എല്ലാ കാര്യങ്ങളും അവള്‍ ചെയ്‌തു വെച്ചിരുന്നു.

ഒരായുഷ്‌കാലത്തിന്റെ നന്ദിയും കടപ്പാടും ബാക്കിവെച്ചുകൊണ്ട്‌ ഒരപരാധിയെപോലെ പടിയിറങ്ങിയപ്പോള്‍ താന്‍ ഈ ലോകത്തില്‍ ഒന്നുമല്ലെന്ന്‌ തോന്നിപ്പോയി. തിരിച്ചുവന്ന്‌ ആ കാലില്‍ വീണ്‌ മാപ്പിരക്കാന്‍ തോന്നിപ്പോയി......

0 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP