Tuesday, January 4, 2011

ഇരുട്ടിനപ്പുറം

ഭാരതപുഴയോരത്തെ ആറ്റു വഞ്ചിയില്‍ വീഴുന്ന അസ്‌തമയ സൂര്യന്റെ സ്വര്‍ണ്ണ കിരണങ്ങളിലേക്ക്‌ നോക്കിയിരിക്കേ അയാളുടെ മനസ്സ്‌ ഈറനായി.

മടിയില്‍ ഒന്നുമറിയാത്തതുപോലെ ഉറങ്ങുകയാണ്‌ നന്ദു. ജന്മാന്തരങ്ങളുടെ വിദൂര സന്ധ്യകളിലെവിടെ നിന്നോ തന്നെ തേടിയെത്തിയ ഒരു നക്ഷത്രമാണവളെന്ന്‌ അമലിന്‌ തോന്നി. അല്ലെങ്കില്‍ ഇത്ര തന്ത്രപൂര്‍വ്വം ബന്ധങ്ങളുടെ വേദതനകളില്‍ നിന്നും അകന്നു നിന്ന തന്നെ തേടി അവളിങ്ങിനെ.....

ബര്‍ത്തില്‍ നിന്നും താഴേക്കു വീണ നാരങ്ങാതൊലി അമലിനെ ചിന്തകളില്‍നിന്നും ഉണര്‍ത്തി. തല പുറത്തേക്കിട്ട്‌ മുകളില്‍ നിന്നും ചെറുപ്പക്കാരന്‍ പറഞ്ഞു : "സോറി..." - അമല്‍ തലയാട്ടി....
സാരമില്ല, ഒന്നും സാരമില്ല... അയാളുടെ മനസ്സ്‌ ആദ്രമായി അങ്ങിനെ പറഞ്ഞുകൊണ്ടിരുന്നു....
അരികില്‍ അപരിചിതനായ സഹയാത്രികന്‍ വായിച്ചു മടക്കിവെച്ച സായാഹ്നപത്രത്തിന്റെ താളുകള്‍ കണ്ടാപ്പോള്‍ അയാള്‍ക്ക്‌ നേര്‍വര ഓര്‍മ്മ വന്നു. ആ നേര്‍വരയിലൂടേയായിരുന്നു അവള്‍ വന്നത്‌.

മീരാ നായര്‍ എന്ന തന്റേടിയും സമ്പന്നയുമായ ആ പതിനെട്ടുകാരി... പകുതി കാഴ്‌ചയില്ലാത്ത ജീവിതവുമായി ദൈവത്തിന്റെ തമാശയോര്‍ത്ത്‌ അടങ്ങിയൊതുങ്ങി ജീവിക്കാന്‍ ശ്രമിച്ച അമല്‍ എന്ന നാല്‍പതുകാരനെ തേടി നഗരത്തിലെ കോളേജ്‌ കേന്ദ്രീകരിച്ച്‌ താന്‍ നേര്‍വരയിലെഴുതിയ "വഴി തെറ്റുന്ന കൗമാരം" എന്ന പംക്തിയോടൊപ്പം ചേര്‍ത്ത ചെറിയ ഫോട്ടോയില്‍ അറിയാതെ വന്നു പെട്ട പെണ്‍കുട്ടി.

യാഥാസ്ഥികമായ അവളുടെ ചുറ്റുപാടുകളില്‍ നിന്നും അതിന്റെ തിക്തഫലം അനുഭവിച്ച അവള്‍ ആ പ്രതികാര മനോഭാവവുമായായിരുന്നു തന്നെ തേടി വന്നത്‌. മുറച്ചെറുക്കന്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ രോഷത്തിനു മുമ്പില്‍ തന്റെ പത്രത്തിന്റെ ഫോട്ടോഗ്രാഫറായ സതീശന്‍ വരട്ടഞ്ചേരിയെന്ന എന്തു പറഞ്ഞാലും ചിരിക്കുന്ന സഹായിയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട്‌ കാര്യമില്ലെന്നറിയാവുന്ന താന്‍ എല്ലാ ശകാരങ്ങളും കേട്ടു നിന്നു. ഒടുവില്‍ ഏതോ നാട്ടുകാരി പറഞ്ഞ തന്റെ ജീവിത ദുരന്തത്തിന്റെ കഥ ആര്‍ദ്രമാക്കിയ മനസ്സുമായി നിശ്ശബ്ദം അവള്‍ തന്റെ മുമ്പില്‍ വന്നു നിന്ന സന്ധ്യ ഇപ്പോഴും ഓര്‍മ്മയുണ്ട്‌.

എത്ര തെളിച്ചാലും അകന്നുപോവാത്ത ഒരു വളര്‍ത്തുമൃഗം പോലെയാണ്‌ താനെന്ന്‌ അവള്‍ ഒരിക്കല്‍ പറഞ്ഞത്‌ ഓര്‍മ്മയുണ്ട്‌. എന്നിട്ടും അവള്‍ പോയി. ഒരു നാടിന്റെ കപട സദാചാരത്തിനെ അവഗണിച്ച്‌ തന്റെ കൂട്ടുകാരിയായ അവള്‍ ഒടുവില്‍ മറ്റുള്ളവരുടെ അപവാദ കഥകള്‍ക്ക്‌ മുന്നില്‍ ഒരു തീരുമാനവുമയി വന്നപ്പോള്‍ താന്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചിരുന്നു. പക്ഷെ ദീര്‍ഘദുരമില്ലാത്ത ഒരു യാത്രയിലാണ്‌ താനെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ ആ സത്യത്തിന്റെ പതര്‍ച്ചയില്‍ മുത്തശ്ശിയുടെ അനുഗ്രഹത്തോടെ ചിറ്റം പറമ്പത്ത്‌ വീട്ടിലേക്ക്‌ അവള്‍ കയറി വന്നപ്പോള്‍ എല്ലാവരുടേയും സ്‌നേഹം പിടിച്ചടക്കി നന്ദുവിനെ തനിക്കു നല്‍കി കടന്നു പോയപ്പോള്‍ താന്‍ തളര്‍ന്നുപോയി. ഇരുട്ടുവീഴുന്ന തന്റെ ജന്മത്തിനു മുമ്പില്‍ സ്വന്തം കണ്ണുകള്‍ നല്‍കി അവള്‍ തന്റെ രാത്രികാലത്തെ നിലാവായി. ഒരു കെട്ടു കഥപോലെ വിചിത്രമായ ജീവിതത്തില്‍ സത്യത്തിന്റെ രക്ത സ്‌പര്‍ശമായി ഇപ്പോള്‍ നന്ദു നില്‍ക്കുന്നു.....

ഏതോ പാലത്തിനു മുകളില്‍ കയറിയ തീവണ്ടിയുടെ താളഭ്രംശത്തില്‍ നിദ്രാഭംഗം വന്ന നന്ദു ഒരു ഞരക്കത്തോടെ കണ്ണു തുറന്നപ്പോള്‍ അയാള്‍ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു.....

0 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP