കാഞ്ചനതാരകം
ഞങ്ങളുടെ കുന്നോത്തുമുക്ക് ഗ്രാമത്തില്‍ വക്കീല്‍ ചന്ദ്രശേഖരേട്ടന്റെ വീടിനുമുന്നിലായി ക്ലൈമാക്‌സ് എന്ന ടൈലര്‍ക്കട നടത്തി വരികയാണ് രാമകൃഷ്‌ണന്‍.
രാമകൃഷ്‌ണന് സതീദേവി എന്ന ഒരു സഹായിയുണ്ട്. ജീവിത പ്രശ്‌നങ്ങളെ ആഴ്‌ചപ്പതിപ്പുകളില്‍ വരുന്ന നോവലുകളിലൂടെ നേരിടുകയാണ് സതീദേവി. കടയിലെ നിത്യസന്ദര്‍ശകനായ കേശവന്‍നായര്‍ പറയുമ്പോലെ ``ഈ രാജ്യത്ത് പേപ്പര്‍ കിട്ടാനില്ലാതെ വന്നാല്‍ ആദ്യം ആത്മഹത്യ ചെയ്യുന്നത് സതീദേവിയായിരിക്കും' സതീദേവിയുടെ ഉള്ളില്‍ ഒരു കാമുകിയുണ്ട്, പക്ഷെ അതാരും അറിയാന്‍ സതീദേവി സമ്മതിക്കില്ല. കാരണം പാവപ്പെട്ടവരുടെ പ്രണയം സിനിമയാക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലം കഴിഞ്ഞുപോയെന്ന് അവള്‍ക്കറിയാം. മാത്രമല്ല, അനുജനായ ഇടിമണി അറിഞ്ഞാല്‍ പിന്നെ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല.
രാമകൃഷ്‌ണനാണെങ്കില്‍ പൂര്‍വ്വകാലത്തിന്റെ കടങ്ങളുമായി മല്ലിടുകയാണ്. അതിനിടെ വിമാനമെന്നെങ്ങാന്‍ ആരെങ്കിലും പറഞ്ഞുപോയാല്‍ രാമകൃഷ്‌ണന് കലികയറും. കാരണം മറ്റൊന്നുമല്ല. ഒരിക്കല്‍ ഗള്‍ഫില്‍ പോകാന്‍ ശ്രമിച്ചവനായിരുന്നു രാമകൃഷ്‌ണന്‍. അന്ന് അതു നടക്കാതെ പോയത് ബ്രോക്കര്‍ ഉസ്‌മാന്‍ പറ്റിച്ചതിനാലാണ്. അതുകാരണം മുറപ്പെണ്ണായ ഗീത രാമകൃഷ്‌ണനെ കാത്തുനില്‍ക്കാതെ അക്കരെയുള്ള ബാലരാമന്റെ ഭാര്യയായി.
എന്നെങ്കിലും ഒരിക്കല്‍ ഗള്‍ഫില്‍ പോയിവന്നാലെ ഇനി കല്ല്യാണത്തെക്കുറിച്ച് ചിന്തിക്കൂ എന്ന് പറയുന്ന രാമകൃഷ്‌ണന്റെ കയ്യിലുള്ള ചില്ലറപോലും അന്ന് അളിയനായ സുഗുണന്‍ പ്രാരാബ്‌ധം പറഞ്ഞ് വാങ്ങിയതാണ്. ഒരു കണക്കിന് അതു നന്നായെന്നാ ആട് കല്ല്യാണിയെന്ന കല്ല്യാണിയമ്മ പറഞ്ഞത.
കലത്തീന്ന് പോയാ കഞ്ഞിക്കലത്തിലല്ലേ. പക്ഷെ കഞ്ഞികലത്തിലുണ്ടായിട്ടും രാമകൃഷ്‌ണന് ഒരു ഗുണവുമില്ല, എന്നതാണനുഭവം. അല്ലെങ്കില്‍ രണ്ട് ദിവസം കുന്നിന്‍ചെരുവിലെ ചിറ്റടത്ത് വീട്ടില്‍ പനിച്ച് കെടന്ന രാമകൃഷ്‌ണനെ തിരിഞ്ഞ് നോക്കാനാളില്ലാണ്ട് വര്വോ? എന്തായാലും രാമകൃഷ്‌ണനെക്കൊണ്ട് ഒരു പെണ്ണു കെട്ടിക്കാനുള്ള കേശവന്‍ നായരുടെ ശ്രമം വിജയിച്ചപ്പോള്‍ ഉള്ളില്‍ കരഞ്ഞത് സതീദേവിയായിരുന്നു.
എന്നെങ്കിലും തന്നെ രാമകൃഷ്‌ണേട്ടന്‍ തിരിച്ചറിയുമെന്നവള്‍ കരുതിയിരുന്നു. അതുണ്ടായില്ല എന്നോര്‍ത്തപ്പോള്‍ അവളുടെ മനസ്സ് തേങ്ങി. അങ്ങിനെയാണ് ക്ലൈമാക്‌സില്‍ ജോലിക്ക് വരുന്നത് അവള്‍ നിര്‍ത്തിയത്. കുറച്ചുകാലമായി തന്റെ പിന്നാലെ നടന്ന് വിവാഹം കഴിക്കാമെന്നു പറയുന്ന ഗള്‍ഫുകാരന്‍-പഞ്ചമി രാജനോട് ഇനിയെന്തു പറഞ്ഞുനില്‍ക്കുമെന്നവള്‍ ആലോചിച്ചു.
രാജന്റെ ആദ്യഭാര്യ കിണറ്റില്‍ വീണു മരിച്ചതാണ്. ഒരു രണ്ടാം ഭാര്യയായി ആ വലിയ വീട്ടിലേക്ക് ചെല്ലുന്ന കാര്യം ആലോചിച്ചപ്പോള്‍ അവള്‍ക്കെന്തോ വല്ലായ്‌മ തോന്നി. അനിയന്‍ മണി ഇപ്പോള്‍ രാജന്റെ വലയിലാണെന്നവള്‍ മനസ്സിലാക്കി. അയാളുടെ ചെമ്മീന്‍കെട്ടിന്റെ കാവലാണവനിപ്പോള്‍. എത്രയോ തവണ അവനെ സ്റ്റേഷനില്‍ നിന്നിറക്കാന്‍ രാമകൃഷ്‌ണേട്ടന്‍ വന്നതാണെന്ന് അവളോര്‍ത്തു.അങ്ങിനെ ചന്ദ്രപ്രഭയെ തന്നെ വിവാഹം കഴിക്കാന്‍ രാമകൃഷ്‌ണന്‍ തയ്യാറായി. എന്തുകൊണ്ടോ അവളുടെയും വിവാഹം വൈകിപ്പോയതായിരുന്നു. കാണാന്‍ വലിയ തെറ്റില്ലെന്ന് കേശവന്‍ നായര്‍ പറഞ്ഞു.തെറ്റില്ല എന്നല്ല സുന്ദരിയാണ്...
കുട്ടമ്പാലന്‍ രാമകൃഷ്‌ണനെ നോക്കി പറഞ്ഞു.അങ്ങിനെ രാമകൃഷ്‌ണന്റെ അളിയന്‍ സുഗുണനേയും മറ്റുള്ളവരേയും കേശവന്‍ നായരും കുട്ടമ്പാലനുംകൂടി കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി.തൃപ്പൂണിത്തറയിലെ ലക്ഷ്‌മി ബേക്കറിയിലെ തിരക്കുകള്‍ മാറ്റിവെച്ച് സുഗുണന്‍ വന്നു... ചിറ്റടത്തെ പഴയ വീടിന്റെ ചായ്‌പില്‍ കുപ്പികള്‍ പൊട്ടി, അക്കരെ നിന്നും വന്ന വിജയനും ബാലരാമനുമൊക്കെ നല്ല ഫോമിലായി... മുറ്റത്ത് പന്തലുയര്‍ന്നു. അടുക്കളഭാഗത്ത് പെണ്ണുങ്ങള്‍ പരദൂഷണം പറഞ്ഞു ചിരിച്ചു.
കേശവന്‍ നായര്‍ വാഗ്‌ദാനം ചെയ്‌ത നവവരന്റെ ഉടുപ്പണിഞ്ഞ് രാമകൃഷ്‌ണന്‍ കല്യാണച്ചെക്കനായി മുറ്റത്തിറങ്ങി. അവര്‍ ചന്ദ്രപ്രഭയുടെ വീട്ടിലേക്കുള്ള വഴിയില്‍ കിടന്ന കാറിലും ജീപ്പുകളിലുമായി കയറി.തണുത്ത വെള്ളം കുടിച്ച് വലിയ ഫാനിന്റെ മുന്നിലായി ചെന്നിരുന്ന രാമകൃഷ്‌ന്റെ കൈയില്‍ ഒരു കൊച്ചുപെണ്‍കുട്ടി ഒരു കഷ്‌ണം കടലാസ് കൊണ്ടുവന്നു കൊടുത്തു ഒരുവശത്ത് മുട്ടായി വിതരണം നടക്കുന്നതിനാല്‍ എന്തോ തമാശയായിരിക്കുമെന്ന് രാമകൃഷ്‌ണന്‍ കരുതി. പക്ഷെ അതൊരു ആറ്റംബോംബായിരുന്നു.ബഹുമാനപ്പെട്ട രാമകൃഷ്‌ണന്‍ ചേട്ടന്, ഞാന്‍ ക്ഷമ യാചിക്കുകയാണ്. കാരണം, എന്നെ രക്ഷിക്കാന്‍ ഇപ്പോള്‍ രാമകൃഷ്‌ണനേട്ടനനേ കഴിയുകയുള്ളൂ. മരിക്കുന്നതിനു മുമ്പ് അച്ഛന് എന്നെ ആരുടെയെങ്കിലും കയ്യിലേല്‍പ്പിക്കണമെന്ന ആഗ്രഹം നിറവേറ്റാനായിരുന്നു ഇക്കാലമത്രയും സ്‌നേഹിച്ച പുരുഷനെ കാത്തിരുന്ന ഞാന്‍ നിങ്ങളുടെ ഭാര്യയാകാന്‍ തീരുമാനിച്ചത്. പക്ഷെ, അത് ഞാന്‍ കാണുന്ന പുരുഷന്‍ നിങ്ങളുടെ അനുജന്‍ ശിവനാണെന്നറിയാമായിരുന്നു. മറ്റാരുടെ ഭാര്യയായാലും ഞാന്‍ നിങ്ങളുടെ ഭാര്യയായി ആ വീട്ടിലേക്ക് ഒന്നുമറിയാത്തവളെപ്പോലെ വരുന്നതു ശരിയല്ല. ആ കുടുംബത്തിന്റെ നാശം കാണാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഈ വിവാഹത്തില്‍ നിന്നു ഞാന്‍ പിന്മാറുകയാണ്. എനിക്ക് മാപ്പ്‌തരണമെന്നപേക്ഷിക്കുന്നു.
സ്വന്തം അനുജത്തി ചന്ദ്രപ്രഭകത്ത് വായിച്ചു തീരുംമുമ്പെ രാമകൃഷ്‌ണന് മോഹാലസ്യമുണ്ടായി. പണ്ട് ഗള്‍ഫില്‍ പോകാനുള്ള അവസരം നഷ്‌ടപ്പെട്ടപ്പോള്‍ ഉണ്ടായതുപോലെ കേശവന്‍ നായര്‍ ഓടിവന്നതിനാല്‍ രാമകൃഷ്‌ണന്‍ ഫാനിന്ന് മുകളിലേക്ക് വീണില്ല. ആരെങ്കിലും കുറച്ച് വെള്ളം എടുക്കണേ കേശവന്‍നായര്‍ വിളിച്ചു പറഞ്ഞു.ആരോ കൊണ്ടുവന്ന തണുത്ത വെള്ളം രാമകൃഷ്‌ണന്റെ മുഖത്ത് തളിച്ച് കേശവന്‍ നായര്‍ ആ കുറിപ്പെടുത്ത് വായിച്ചു....
അതേ സമയത്തുതന്നെ ചന്ദ്രപ്രഭയുടെ വീട്ടിനകത്തുനിന്നും ഒരു നിലവിളിയുണ്ടായി... രാമകൃഷ്‌ണനെ ചാരിയിയിരുന്ന കേശവന്‍നായര്‍ അങ്ങോട്ടു ചെല്ലുമ്പോഴേക്കും ഗോവിന്ദേട്ടനെ രണ്ടാളുകള്‍ കസേരയിലിരുത്തി പുറത്തേക്ക് കൊണ്ടുവരികയുണ്ടായി. ഒരു ബോധക്ഷയം...
ശങ്കരന്‍ നായര്‍ പറഞ്ഞു.ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഗോവിന്ദേട്ടനെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നതിനാലും യഥാര്‍ത്ഥ പ്രതി രാമകൃഷ്‌ണന്റെ തന്റെ അനുജനായ ശിവനാണെന്നതിനാലും അഞ്ചാറ് കൊല്ലത്തിനുശേഷം അന്യനാട്ടില്‍ നിന്നും വന്ന അനുജന്‍ കൊടുത്ത സമ്മാനം കൊള്ളാം. റെയില്‍വെപ്പണിക്കാരന്‍ കീപ്രാണ്ടി ഗോപാലന്‍ നായര്‍ അരിശത്തോടെ അവണേരി ശങ്കരേട്ടനോട് പറഞ്ഞു.എന്ന് ചെയ്യാനാ ഗോപാലന്‍ നായരേ, ഒക്കെ വിധി. ഒന്നും നമ്മളെ കയ്യിലല്ലല്ലോ...
ശങ്കരേട്ടന്‍ ലോകതത്വം പറഞ്ഞു.അവന്‍ താലികെട്ടട്ടെ, ആദ്യത്തെ തളര്‍ച്ചയില്‍നിന്നും മോചിതനായ രാമകൃഷ്‌ണന്‍ പറഞ്ഞു.അതെ അതാ നല്ലത്, അപ്പോഴേക്കും സദ്യ മണത്തിനാല്‍ വിശന്നു തുടങ്ങിയ ബുദ്ധിമുട്ട് പപ്പനാവന്‍ അതിനോടു യോജിച്ചു. അങ്ങിനെ ആ വിവാഹം നടന്നു.ആള്‍ക്കൂട്ടത്തില്‍ നിന്നും രാമകൃഷ്‌ണന്‍ മെല്ലെ പുറത്തുകടന്നു. ഈ മണവാളന്റെ കുപ്പായം ഒന്നൂരണം. കടയില്‍ തന്റെ ഒരു ഷര്‍ട്ടിരിപ്പുണ്ട്. അവിടേക്കു പോകാം അവന്‍ ആശ്വാസത്തോടെ ചിന്തിച്ചു.
എതിരെ വരുന്നവരുടെ മുഖത്ത് ഒരു അന്ധാളിപ്പുണ്ടായിരുന്നു. രാമകൃഷ്‌ണന്‍ എവിടേക്ക്യാ, അടുത്തോന്‍ കുമാരന്‍ തന്റെ ആണിക്കാല് ഒരിഞ്ച് ഉയരത്തിലേക്ക് പൊക്കിപ്പിടിച്ചുകൊണ്ട് അവനോട് ചോദിച്ചു.
ഒന്നിവടം വരെ...
കടേന്ന് ഒരു സാധനം എടുക്കാനുണ്ട്....
രാമകൃഷ്‌ണന്‍ രണ്ടാമതൊരു ചോദ്യത്തിന് സമയം കൊടുക്കാതെ മുന്നോട്ട് ധൃതിയില്‍ നടന്നു.
കടയിലെ ഉത്തരത്തില്‍ വെച്ച താക്കോലെടുത്ത് തുറക്കാന്‍ ശ്രമിക്കവെ പിന്നില്‍ കേശവന്‍നായരുടെ ചുമ കേട്ടു.
രാമകൃഷ്‌ണാ താന്‍...
കേശവന്‍ നായര്‍ എന്തുപറയണമെന്നറിയാതെ രാമകൃഷ്‌ണന്റെ തോളില്‍ കൈവെച്ചു.
സാരല്യ... കേശവന്‍ നായരെ സാരല്യ...
- രാമകൃഷ്‌ണന്‍ കേശവന്‍നായരെ സമാധാനിപ്പിക്കാന്‍ പറഞ്ഞു.മോനെ നിന്റെ മനസ്സ് വലുതാണെടാ... ഞങ്ങക്കൊക്കെ അഭിമാനിക്കാന്‍ മാത്രം വലുത്...
കേശവന്‍നായര്‍ നിറകണ്ണുകളോടെ പറഞ്ഞു.
എന്തുപറയണമെന്നറിയാതെ രാമകൃഷ്‌ണന്‍ നിന്നു. അപ്പോള്‍ കുന്നോത്തുമുക്കിന്റെ ആകാശത്തിനു മുകളില്‍ ഒരു വിമാനത്തിന്റെ ശബ്‌ദമുണ്ടായി.
കേശവന്‍നായര്‍ ഒരു സ്വപ്‌നത്തിലെന്നപോലെ മന്ത്രിച്ചു; ഇന്നാണ് നമ്മുടെ സതീദേവി ദുബായിലേക്ക് പോകുന്നതെന്നു കേട്ടു....
ആ വാക്കുകളിലെ വേദനയില്‍ നിന്നും പ്രസരിച്ച പുതിയ ഒരൂര്‍ജ്ജത്താലെന്നപോലെ രാമകൃഷ്‌ണന്‍ മുറ്റത്തിറങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം ഒരു വിമാനത്തിന്റെ ശാന്തമായ പ്രയാണം കണ്ടു.
0 comments:
Post a Comment