Thursday, January 1, 2009

കോഴികള്‍ക്ക്‌ ജാതിയില്ല








ചിത്രങ്ങള്‍ : വി. മോഹനന്‍ :





കുറ്റിയാടിചന്ത മുഴുവന്‍ കറങ്ങി, അവസാനം അഹ്‌്‌മ്മദ്‌ക്കാന്റെ പീട്യേന്നാണ്‌ ചോദിച്ചത്‌. സാധനം തരുമ്പോള്‍ മുപ്പരൊന്നു ചുഴിഞ്ഞു നോക്കി, അതില്‍ സഹതാപമായിരുന്നുവെന്ന്‌ പ്രകാശന്‌ തോന്നി.

'എന്താപ്പം ഇങ്ങനെ' എന്ന ഒരു ചോദ്യം അതില്‍ അടങ്ങിയിരുന്നു. മര്യാദ ഓര്‍ത്ത മൂപ്പരത്‌ ചോദിച്ചില്ലെന്നേയുള്ളു. അയാള്‍ക്ക്‌ ലോകത്തോടു മുഴുവന്‍ സ്‌നേഹമായിരുന്നു. പക്ഷെ, താമസിക്കുന്ന വാടകവീട്ടിന്റെ അയല്‍ക്കാരിയായ വെട്ടുകത്തി ഭവാനിയോടും അവളുടെ നാശം പിടിച്ച കോഴികളോടും വല്ലാത്ത വെറുപ്പായിരുന്നു.

ഇന്നലെ പഞ്ചായത്തില്‍ തൊഴിലില്ലായ്‌മാ വേതനത്തിന്റെ തിരക്കുകളൊക്കെ കഴിഞ്ഞ്‌ പരിക്ഷീണനായി എത്തിയപ്പോഴാണ്‌ കണ്ടത്‌ മുറ്റത്തും വരാന്തയിലും കോഴികള്‍ നിരങ്ങുന്നു. വിസര്‍ജ്ജനത്തിന്റെ പൂരവും.

"കോഴി പോ...." എന്ന തന്റെ നിലവിളിക്ക്‌ വേലിക്കപ്പറുത്തുനിന്നും ഒരു പരിഹാസച്ചിരിയായിരുന്നു മറുപടി. ഞെട്ടലോടെ തിരിഞ്ഞുനോക്കിയിപ്പോള്‍ വെട്ടുകത്തി ഭവാനി പരിഹാസത്തോടെ നോക്കുന്നു... നിയമങ്ങളെല്ലാം ഉളുപ്പില്ലാത്ത സ്‌ത്രീകള്‍ക്കനുകൂലമായ കാലം. സ്വയം നിയന്ത്രിച്ചു. വാടകവീടിന്റെ അഡ്വാന്‍സ്‌ കൊടുത്ത്‌ താമസമാരംഭിച്ചതിന്റെ പിറ്റേ ദിവസം ബ്രോക്കര്‍ സൂലൈമാന്‍ പറഞ്ഞതോര്‍ത്തു : 'ഓക്കിത്തിരി വട്ടാണിട്ടോ, കോളണീലെ ആനമണീനെ വെട്ട്യോളാ....'

‌അതു കേട്ട്‌ ഞാന്‍ ഞെട്ടിപ്പോയിരുന്നു. 'ഈ ചെറിയ പെണ്ണോ ?' ഞാന്‍ സുലൈമാനെ തമാശ പറഞ്ഞതുപോലെ നോക്കി.

'എന്താ കത്തികൊണ്ടു വെട്ടുന്നോര്‍ക്കൊക്കെ കീരിക്കാടന്‍ ജോസിന്റത്ര വലിപ്പം വേണോ ?' - സുലൈമാന്റെ തിരിച്ചു ചോദ്യം സത്യമായിരിക്കുമെന്നു തോന്നി.

പിറ്റേ ദിവസം വരുമ്പോള്‍ കോലായില്‍ കയറി തന്റെ ബനിയന്‍ തിന്നുകയാണ്‌ അവളുടെ ഒടുക്കത്തെ ആ കറുത്ത ആട്‌. നിയന്ത്രണം വിട്ട്‌ ഓടി ഒരു ചുള്ളിക്കമ്പെടുത്ത്‌ ആടിനെ അടിച്ചോടിച്ചു. പിന്നേയും ആടുകളുടേയും കോഴികളുടേയും വരവായിരുന്നു. തന്റെ കഷ്ടപ്പാടുകള്‍ കണ്ട്‌ അവള്‍ അപ്പുറം നിന്നു ചിരിക്കും.

ഒരു ദിവസം സുലൈമാനെ കണ്ടമ്പോള്‍, വേറെ വിടു കിട്ടാനുണ്ടോ എന്ന്‌ അന്വേഷിച്ചു. "എന്താ മാഷെ നിങ്ങളിങ്ങിനെ ചോയ്‌ക്കുന്നത്‌. ഇന്നാട്ടില്‍ വെറെ വിടില്ല..' -സുലൈമാന്‍ നിസ്സഹായനായി.

വല്ലാത്ത നിരാശതോന്നി. സുലൈമാന്‍ തന്റെ ശത്രുവാണോ എന്നു പോലും തോന്നി. എന്തായാലും അവളെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചാണ്‌ കുറ്റിയാടി ചന്ത മുഴുവന്‍ പരതി എലിവിഷം വാങ്ങിയത്‌.

എലിവിഷം കോഴികള്‍ക്കായി ഒരുക്കുവെച്ചാണ്‌ പിറ്റേന്നു കാലത്ത്‌ ഓഫീസിലേക്ക്‌ പോയത്‌. ഇടക്കൊക്കെ വേണ്ടായിരുന്നു എന്ന ചിന്തയും തികട്ടി വന്നു. വൈകീട്ടി നേരത്തെ ഇറങ്ങി. റീഡിംഗ്‌റൂമിലൊന്നും കയറാതെ നേരെ വിട്ടീലേക്ക്‌.

ഇടവഴിയില്‍ നിന്നേ കണ്ടു. അടുത്ത വിട്ടിലെ രണ്ടു പെണ്ണുങ്ങള്‍ നില്‍ക്കുന്നത്‌. പറങ്കിമാവിനടുത്തുള്ള പടികള്‍ കയറി കോലായിലേക്ക്‌ നോക്കിയപ്പോള്‍ ഞെട്ടിപ്പോയി, മുന്നിലതാ ചത്തതാണെന്നു തോന്നുന്ന രണ്ടു കോഴികളുമായി ഭവാനി നില്‍ക്കുന്നു.

"ഇതോ ഒറോട്ടും പാറേമ്മലെ കൂട്ടിച്ചാത്തന്‌ നേര്‍ന്നിട്ടതാ.... അനുഭവിക്കും." തുറു കണ്ണുകളോടെ അവള്‍ ശപിച്ചു.

കാലില്‍ നിന്നൊരു വിറയല്‍ മേലോട്ട്‌...

എവിടെ നിന്നോ സൂലൈമാന്‍ അറ്റു വീണു : 'മാഷേ, എങ്ങളാ പൈസങ്ങ്‌ കൊട്‌ക്ക്‌.... നാരാണേട്ടന്‌ മരുന്ന്‌ വാങ്ങിക്കോട്ടേ...."

"ഇല്ല്യ... ശല്യം സഹിക്കാഞ്ഞിട്ടാ ഞാനിത്‌ ചെയ്‌തത്‌. " -അയാള്‍ പറഞ്ഞു.

സുലൈമാന്‍ പിടിച്ച പിടിയാലെ തെക്കേ മുറ്റത്തേക്കു കൊണ്ടുപോയി. "നാറ്റ കേസാണ്‌ ങ്ങ്‌ളൊക്കെ പഠിപ്പും വിവരോള്ള മനുഷ്യരല്ലേ.. നാലാള്‌ കേട്ടാ മോശം ങ്ങ്‌ക്ക്‌ തന്ന്യാ.."

അയാള്‍ ഒന്നയഞ്ഞ തക്കം നോക്കി സുലൈമാന്‍ അയാളുടെ പോക്കറ്റില്‍ നിന്നും നുറിന്റെ മുന്നു നോട്ടുകളുമെടുത്ത്‌ നടന്നു നീങ്ങി.. അമ്മക്ക്‌ ചായ്‌പ്‌ കെട്ടാനയക്കാനുള്ള പണമായിരു്‌ന്നു. രാത്രി അയാള്‍ ലൈറ്റിടാതെ ഉമ്മറത്തെ തിണ്ണയിലിരുന്ന്‌ ഓരോന്ന്‌ ആലോചിച്ചു. കഷ്ടപ്പെട്ട്‌ പഠിച്ചത്‌... അതിനിടയില്‍ അച്ഛന്റെ മരണം... ജോലി കിട്ടി ഏറെ വൈകിയിട്ടും ഒരു വിവാഹത്തെക്കുറിച്ച്‌ താന്‍ ചിന്തിക്കാതിരുന്നത്‌ മനസ്ലില്‍ ഏഴു വര്‍ഷത്തിന്റെ നഷ്ടബോധമുള്ളതിനാലായിരുന്നു. തന്റെ പാടെ തള്ളിക്കളഞ്ഞ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള പൊള്ളുന്ന ഒരോര്‍മ്മ... ഈ ലോകത്ത്‌ താന്‍ എത്രയോ ചെറുതായി പോയി... പണക്കാരനുമായുള്ള അവളുടെ വിവാഹചോറുണ്ടു വന്ന ചങ്ങാതെമാരെക്കുറിച്ചൊക്കെ എനിക്കറപ്പായി. ആ നാളുകളില്‍ താനെത്രമാത്രം വേദനിച്ചു.

"എന്താ മാഷേ, ലൈറ്റില്ലേ ?" -സുലൈമാന്റെ ചോദ്യം കേട്ട്‌ അയാള്‍ ചിന്തയില്‍ നിന്നും ഉണര്‍ന്നു. നിവര്‍ന്നിരുന്ന്‌ ഒരു സിഗരറ്റു കൊളുത്തുമ്പോള്‍ സുലൈമാന്‍ അടുത്തു വന്നിരുന്നു.

"നിങ്ങക്കെന്താ പറ്റ്യേത്‌ ?"

"എന്തു പറ്റാന്‍" -അയാള്‍ ഈര്‍ഷ്യയോടെ സുലൈമാന്‌ മറുപടി നല്‍കി. ഇഷ്ടന്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി.

"ഇന്ന" -സുലൈമാന്‍ ഒരു പൊതി നീട്ടി. "എന്തായിത്‌ ?"

"ഇത്തിരി കോഴ്യേറച്ച്യാ" -ഇരുട്ടില്‍ സുലൈമാന്റെ പല്ലുകള്‍ തിളങ്ങി.

"എവിടുന്നാത്‌ ?" അയാളുടെ ചോദിച്ചു

"സംശയിക്കേണ്ട ഇത്‌ ഇമ്പളെ കോയേറച്ച്യല്ല. അത്‌ വെഷം തിന്ന്‌ ചത്തതല്ലെ. ഇത്‌ ഓള്‌ മാഷ്‌ക്കൊരു കോഴീനെ സന്തോഷത്തോടെ തന്നതാ..."


"കൊണ്ടുപോടോ..." -അയാള്‍ സുലൈമാനോട്‌ ഉച്ചത്തില്‍ പറഞ്ഞു.

"ന്നാപ്പം വേണ്ട" സുലൈമാന്‍ പെട്ടെന്നു തന്നെ ഇരുട്ടിലൂടെ മറഞ്ഞുപോയി. അയാള്‍ വീണ്ടും തനിച്ചായി.

പിറ്റേന്ന്‌ അയാള്‍ ഉറക്കമുണര്‍ന്നപ്പോള്‍ ഉമ്മറപ്പടിയില്‍ മുന്നൂറു രൂപയുണ്ടായിരുന്നു. ഒപ്പം ഒരു കുറിപ്പും :

"കോഴികള്‍ക്കറിയില്ല മനുഷ്യരുടെ വലുപ്പചെറുപ്പവും ജാതിയും മതങ്ങളും"

അയാള്‍ അത്‌ വായിച്ചു ചിരിച്ചു. മനസ്സിലെ ഈര്‍ഷ്യയെല്ലാം അലിഞ്ഞുപോയി.

അന്നു പകല്‍ അങ്ങാടിയില്‍ വെച്ച്‌ സുലൈമാനോട്‌ അയാള്‍ സ്‌നേഹത്തോടെ സംസാരിച്ചു. ഹോട്ടല്‍ രാമചന്ദ്രയില്‍ കയറി ചായ കുടിച്ചു. അതിനിടയില്‍ സുലൈമാന്‍ അവളുടെ കഥ പറഞ്ഞു. ജയിലില്‍ കിടക്കുന്ന ചെറിയച്ഛന്‍ വന്നാല്‍ അതോടെ അവളുടെ ജീവിതം തീരും. അച്ഛന്‍ കിടപ്പിലായപ്പോള്‍ അമ്മയുടെ സ്വന്തക്കാരനായവനാണ്‌ ആനമണിയെന്ന ചെറിയച്ഛന്‍. അവളേയും അയാള്‍ നോട്ടമിട്ടതിനാലാണ്‌ അവള്‍ വെട്ടുകത്തികൊണ്ട്‌ വെട്ടിയത്‌. അവള്‍ പീഢിപ്പിച്ചെന്നു പറഞ്ഞ്‌ അയാള്‍ക്കെതിരെ തിരിച്ചു കേസും കൊടുത്തു. അങ്ങിനെ പ്രാണരക്ഷാര്‍ത്ഥമുള്ള വെട്ടായി മാറി അത്‌. അയാള്‍ അകത്തായി.

"വന്നാലൊരു ചുക്കും സംഭവിക്കില്ല, പണ്ടാരക്കണ്ടി തറവാട്ടില്‍ വരാന്‍ ഒരാനമണിക്കും കഴിയില്ല." -അയാള്‍ ഗൗരവത്തോടെ പറഞ്ഞു.

മനസ്സിലാവാത്തതുപോലെ സുലൈമാന്‍ അന്ധാളിച്ചുകൊണ്ട്‌ അയാളെ നോക്കി.

"അതേട്യാ"

സുലൈമാന്‍ ചോദിച്ചു "ഏത്‌" -അയാള്‍ തിരിച്ചും.

"ഈ പണ്ടാരക്കണ്ടി"

"അതെന്റെ വീട്ടു പേരാണ്‌" -അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞപ്പോള്‍ സുലൈമാന്‍ കാര്യങ്ങളുടെ പോക്ക്‌ പിടി കിട്ടി.

"നിങ്ങളെ ദൈവം രക്ഷിക്കും..." -അയാളുടെ കൈകള്‍ കൂട്ടിപ്പിടിച്ച്‌ സുലൈമാനത്‌ പറഞ്ഞത്‌ കണ്ണുകള്‍ നിറഞ്ഞുകൊണ്ടായിരുന്നു.

0 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP