Saturday, September 1, 2012

ദൈവത്തിന്‌ തോന്നാത്ത സങ്കടം



സദാശിവന്‍ പിന്നേയും കുടിച്ചു. ആദിപുരം ഗ്രാമത്തെ മറക്കാന്‍ അനാമികയെ മറക്കാന്‍...........സദാശിവന്‍ പിന്നേയും പിന്നേയും കുടിച്ചു. നാടന്‍ വാറ്റുകാരന്‍ രാഘവേട്ടന്റെ വീട്ടിന്റെ കോലായിലായിരുന്നു സദാശിവന്‍.....നാടന്‍ കോഴികളും, ടര്‍ക്കികോഴികളും പരസ്‌പരം കൊത്തിയകലുന്നതും രാഘവേട്ടന്‍ അവയെ ശകാരിക്കുന്നതും അര്‍ദ്ധബോധത്താല്‍ സദാശിവന്‍ കേട്ടു. ങ്‌ നെനക്കപ്പീട്യ തൊറന്നൂടെ ശിവാ.......... രാഘവേട്ടന്‍ തന്നോടാണ്‌ ചോദിക്കുന്നതെന്ന്‌ സദാശിവന്‍ അറിഞ്ഞു. എല്ലാം അറിയുന്ന രാഘവേട്ടന്‍ അങ്ങിനെ ചോദിക്കരുതായിരുന്നെന്ന്‌ സദാശിവന്റെ മനസ്സ്‌ പറഞ്ഞു.


വാതില്‍പ്പടിയില്‍ വന്ന്‌ നിന്ന്‌ തങ്കമണിചേച്ചി രാഘവേട്ടനെ വിലക്കുന്നത്‌ ശിവനറിഞ്ഞു പറയട്ടെ തങ്കേച്ച്യേ പറയട്ടെ സദാശിവന്‍ പിറു പിറുത്തു. അവന്റെ ഓര്‍മ്മകളില്‍ ആദിപുരം ഗ്രാമം നിറഞ്ഞു. കനാല്‍ കഴിഞ്ഞ്‌ കുന്നിന്‍ ചെരുവിലേക്ക്‌ പോകുന്ന വഴിയിലെ ഈസ്റ്റ്‌ യു. പി. സ്‌ക്കൂള്‍ തെളിഞ്ഞു. അതിനപ്പുറത്തെ ശിവക്ഷേത്രത്തില്‍ നിന്നും നവരാത്രി നാളില്‍ തൊഴുതു മടങ്ങുന്ന അനാമിക തെളിഞ്ഞു.
തങ്കമണിചേച്ചിയുടെ ഔദാര്യമായ മീന്‍ചാറ്‌ മുന്നിലേക്ക്‌ നീക്കിവെച്ച്‌ രാഘവേട്ടന്‍ ചുമച്ചു. സദാശിവന്റെ വിരലുകള്‍ മീന്‍ചാറിന്റെ സ്റ്റീല്‍പാത്രത്തിനുനേരെ നീണ്ടു. നെനക്കോര്‍മ്മണ്ടോ സദാശിവാ നമ്മള്‌ കാഞ്ഞിലശ്ശേരി ഉത്സവത്തിന്‌ പോകുന്നത്‌.......രാഘവേട്ടന്റെ കുഴഞ്ഞനാവില്‍ നിന്നും ഒരു തോട്ട പൊട്ടി പാറച്ചീളുകള്‍ സദാശിവന്റെ നെഞ്ചില്‍തന്നെ വന്ന്‌ വീണു... അന്ന്‌ പാറമടയിലെ തൊഴിലാളിയായിരുന്നു ശിവന്‍. അനാമിക തന്റെ ജീവിതത്തിലേക്ക്‌ വന്ന്‌ കയറുമ്പോള്‍ അച്ഛന്‍വകയില്‍ കിട്ടിയ ഒരു ചെറിയ വീടും ആറ്‌ സെന്റ്‌ മണ്ണുമായിരുന്നു സദാശിവന്റെ സമ്പാദ്യം.. ഒരു ഗായകനായി അറിയപ്പെടാനുള്ള അദമ്യമായ ആഗ്രഹം സദാശിവന്റെ ദൗര്‍ബല്യമായിരുന്നു. മറ്റുള്ളവര്‍ വിലക്കുമ്പോഴും സംഗീത ഗുരുനാഥന്മാര്‍ ഇത്‌ ശിവന്‌ പറ്റിയ പണിയല്ലെന്ന ധ്വനിയില്‍ സംസാരിക്കുമ്പോഴും അനാമികയുടെ പരിഹാസം കലര്‍ന്ന വാക്കുകള്‍ തന്നെ നിരാശപ്പെടുത്തുമ്പോഴും സദാശിവന്‍ വേദനിച്ചു. പക്ഷെ എന്നെങ്കിലും ഒരു ഗായകനാവുമെന്ന്‌ സദാശിവന്‍ വിശ്വസിച്ചു. ഏഴു വര്‍ഷത്തെ ദാമ്പത്യജീവിത്തില്‍ കുട്ടികളില്ലാത്ത വരണ്ട ജീവിതത്തിലൂടെ നടക്കേണ്ടി വന്നപ്പോള്‍ അനാമികയിലും നീരസമായിരുന്നെന്ന്‌ അയാളറിഞ്ഞു.. കാരണമില്ലാത്ത വാക്കുകള്‍ അന്യോന്യം അന്യരെപ്പോലെ ഒരുവീടിനുള്ളില്‍ ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങിയ നാളുകള്‍. അകാലത്തായിരുന്നു നാരായണന്‍ നായരുടെ ഫ്‌ളവര്‍മില്ലില്‍ തൊഴിലാളിയായി നില്‍ക്കുന്നത്‌ അതോടെ പാറമടയിലെ ജോലി ഉപേക്ഷിച്ചു. ധാന്യവുമായി കടയില്‍ വരുന്ന പെണ്ണുങ്ങളോട്‌ അധികം സംസാരിക്കുന്നുണ്ടോ എന്നു നോക്കാന്‍ അവള്‍ വരും. വീട്ടുജോലികള്‍ ചെയ്‌തു തീര്‍ത്ത്‌ സഹായത്തിനെന്നപോലെ അതു കാണുമ്പോള്‍ സഹതാപം തോന്നും സങ്കടവും. ഇത്രയും കാലം ജീവിച്ചിട്ടും ഇവള്‍ക്ക്‌ തന്നെ മനസ്സിലായില്ലല്ലോ എന്ന സങ്കടം. മില്ലിലിരുന്ന്‌ ഒരുപാട്‌ ദിവസങ്ങള്‍ വഴക്കടിച്ചിട്ടുണ്ട്‌. തന്റെ സംഗീത സപര്യയെ അവള്‍ എന്നും പരിഹസിക്കാന്‍ മറന്നില്ല. അങ്ങിനെയുള്ള ഒരു ദിവസമായിരുന്നു കറന്റ്‌ പോയ സമയത്ത്‌ സ്വിച്ച്‌ ഓഫ്‌ ചെയ്യാന്‍ മറന്ന്‌ താന്‍ സിഗരറ്റ്‌ വാങ്ങാന്‍ മായഞ്ചേരിപ്പീടികയിലേക്കിറങ്ങിയത്‌... തിരിച്ച്‌ വന്നപ്പോള്‍ കണ്ട കാഴ്‌ച...... ജീവിത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാതെ തന്റെ അനാമിക.......


ഒന്നൂടെ ഒഴിക്കട്ടെ....... രാഘവേട്ടന്റെ ശബ്‌ദം അയാളെ ഓര്‍മ്മകളുടെ പൊള്ളിച്ചയില്‍ നിന്നുണര്‍ത്തി. മ ്‌ഉം ഒഴിക്ക്‌ രാഘവേട്ടാ ഒഴിക്ക്‌ സദാശിവന്‍ പിറു പിറുത്തു. നീയൊക്കെ മറക്കണം ശിവാ... രാഘവേട്ടന്‍ ഉപദേശിക്കുകയാണ്‌. അതെ രാഘവേട്ടാ എന്റെ അനാമികയെ ഞാന്‍ യന്ത്രത്തിനുള്ളിലേക്ക്‌ തള്ളിയിട്ട്‌ കൊന്നു എന്ന കുറ്റത്തിന്‌ ഏഴ്‌ വര്‍ഷം ശിക്ഷയനുഭവിച്ച ഞാന്‍ എല്ലാം മറക്കുന്നു എവിടേയും ഒന്നും ഇനി സദാശിവന്‌ നേടാനില്ല. ഈ ആദിപുരം ഗ്രാമക്കാരയോ നിയമത്തേയോ സത്യം വിശ്വസിപ്പിച്ചതുകൊണ്ട്‌ സദാശിവന്‌ ഒരു ഗുണവുമില്ല. എന്റെ അനാമിക പോയി.അവളായിരുന്നു ശരി അതു ഞാന്‍ തിരിച്ചറിഞ്ഞില്ല. എനിക്ക്‌ ഗായകനാവണമായിരുന്നു. എല്ലാവരും ആരാധനയോടെ നോക്കുന്ന ഒരു ഗായകന്‍ ആ അതിമോഹത്തിനുള്ള ശിക്ഷയാണിത്‌..... സദാശിവന്‍ അടുത്ത ഗ്ലാസ്സിനായി കൈനീട്ടി..... ആദിപുരത്തെ പരാജയപ്പെട്ട ഗായകനുനേരെ അടുത്ത ഗ്ലാസ്സ്‌ നീക്കിവെക്കുമ്പോള്‍ മദ്യകച്ചവടക്കാരനായ രാഘവേട്ടന്റെ മുഖത്തും സങ്കടമായിരുന്നു. ദൈവത്തിനു തോന്നാത്ത സങ്കടം.

1 comments:

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP