സ്വന്തം ചെഗുവേര
പാരലല്‍ കോളേജ് അദ്ധ്യാപകനായ സജീവന്‍ കാക്കാത്തിയമ്മയുടെ പ്രവചനം പോലെ താന്‍ സമ്പന്നയും സുന്ദരിയുമായ ആ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുമെന്ന വിശ്വാസത്തില്‍ കഴിയുന്നു താന്‍ പഠിപ്പിക്കുന്ന ഫിനിക്‌സ് എന്ന കോളേജില്‍ പുതുതായി വന്ന സ്വപ്‌ന എന്ന അദ്ധ്യാപികയില്‍ സജീവന്‍ കാക്കാത്തിയമ്മ പറഞ്ഞ പെണ്‍കുട്ടിയെ കാണുന്നു. ചതുപ്പുനിലത്തിനോടടുത്ത ഗ്രാമീണ പശ്‌ചാത്തലത്തിലെ വീടിന്റെ അന്തരീക്ഷത്തില്‍ അപകര്‍ഷതാബോധമുള്ള സജീവന്‍ സഹപ്രവര്‍ത്തകര്‍ക്കിടയില്‍ തന്റെ ഓര്‍ക്കിഡ് സംരക്ഷണത്തെക്കുറിച്ച് വാചാലനാവുന്നു. ഒരിക്കല്‍ സജീവന്റെ വീട് സന്ദര്‍ശിക്കാന്‍ വരുമെന്ന് സ്വപ്‌ന ടീച്ചര്‍ പറഞ്ഞപ്പോള്‍ സജീവന്‍ ഞെട്ടിപ്പോകുന്നു. അമ്മയും അനിയനും അനിയത്തിയുമടങ്ങിയ വീടിന്റെ ജീര്‍ണ്ണാവസ്ഥ അറിയാതിരിക്കാന്‍ ആഗ്രഹിച്ച സജീവന്‍ ഗ്രാമത്തിലെ കളളനായ അശോകന്‍ മുഖേന കുറെ ഓര്‍ക്കിഡുകളും മറ്റും സമ്പാദിക്കുന്നു മറുനാട്ടുകാരനായ മത്തായിമാഷ് നാട്ടില്‍ പോയ സമയത്ത് ആ വീട്ടില്‍ നിന്നും മോഷ്‌ടിച്ചതായിരുന്നു അശോകന്‍ ഓര്‍ക്കിഡുകള്‍. താല്‍ക്കാലികമായി സൃഷ്‌ടിച്ച വീട്ടിലെ സെറ്റപ്പുകള്‍ കണ്ട് കമന്റുകള്‍ പാസ്സാക്കി സഹപ്രവര്‍ത്തകര്‍ പോയപ്പോള്‍ സജീവന്‍ ചമ്മിപ്പോയി. അധികം വൈകാതെ സ്വപ്‌നടീച്ചറുടെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങ് നടന്നു അതിന്റെ ഭാഗമായി കോളേജില്‍ ഒരു റിസപ്‌ഷനും ഉണ്ടായി. റിസപ്‌ഷനില്‍ സജീവന്‍മാഷ് പാടിയ ശോകഗാനം കേട്ട് എല്ലാവരും ചിരിച്ചു. സ്വപ്‌നടീച്ചറുടെ വിവാഹം കെങ്കേമമായി നടന്നു. പിന്നീട് ഫിനിക്‌സ് കോളേജില്‍ അദ്ധ്യാപകനായി തുടരാനാവാതെ സജീവന്‍ വീട്ടിലിരിപ്പായി. ഒരുനാള്‍ പഞ്ചായത്ത് പ്രസിഡണ്ട് കാണശ്ശേരി ഫല്‍ഗുനന്‍ മുതലാളിയെ ചെന്ന് കണ്ട് സജീവന്‍ കുറച്ച് രൂപ ചോദിച്ചുവെങ്കിലും അതു കൊടുക്കാതെ ഫല്‍ഗുനന്‍ മുതലാളി സജീവനെ ഉപദേശിച്ചുകൊണ്ട് തിരിച്ചയച്ചു.
ദിവസങ്ങള്‍ കടന്നുപോയി ജോലി ചെയ്യാതെ ഭക്ഷണം കഴിക്കുന്ന സജീവന്‍ അനുജന്റെ മുറുമുറുപ്പുകള്‍ കേട്ട് സജീവന്‍ നാണംകെട്ടു. അച്ഛന്റെ കല്ലുവെട്ട് മഴുവിലേക്ക് അവന്റെ ശ്രദ്ധ പതിഞ്ഞു. അച്ഛന്റെ കൂടെ പണ്ട് കുറച്ചുകാലം സഹായിയായി കല്ലുവെട്ടാന്‍ പോയ കാര്യം അവനോര്‍ത്തു. പിറ്റെ ദിവസം തന്നെ കുന്നിന്‍ ചരുവിലെ സുകുമാരന്‍ നായരുടെ കല്ലുവെട്ടു കുഴിയില്‍ ചെന്ന് അവന്‍ ജോലി ആരംഭിച്ചു. ദിവസങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഒരു ദിവസം കല്ലുവെട്ടുതൊഴിലും കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയില്‍ ശിഷ്യന്‍മാരായ കുട്ടികള്‍ക്കിടയില്‍ പെട്ട് സജീവന്‍ ചമ്മുന്നു. പരശ്ശുരാമന്‍മാഷ് എന്ന് കളിയാക്കി അവര്‍ സ്ഥലം വിടുന്നു. സഹോദരി ഗായത്രിക്ക് ഒരു ആലോചന വന്നപ്പോള്‍ സജീവന്‍ വീടുപണയപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇതിനിടയില്‍ അവള്‍ കൊപ്രകച്ചവടക്കാരന്‍ മുരളിയുമായി പ്രണയത്തിലാണെന്ന് സജീവന്‍ മനസ്സിലാക്കുന്നു. മദ്യപാനിയായ മുരളിയെ സജീവന്‍ ഉപദേശിക്കുന്നു. മുരളി സജീവന്റെ ദാരിദ്യത്തെ പരിഹസിക്കുന്നു. ഇതില്‍ മാനക്കേടു തോന്നിയ ഗായത്രി മുരളിയുമായി അകലുന്നു.
ഒരു ദിവസം കുന്നിന്‍ ചെരുവിലെ കല്ലുവെട്ടുകുഴിയില്‍ നിന്ന് ഒരു അലര്‍ച്ച കേട്ട് അവിടേക്ക് ഓടിയെത്തിയ മില്ലുടമ റസാക്കും ചായക്കടക്കാരന്‍ രാമന്‍ നായരും കല്ലുവെട്ടുകുഴി ഒരു ഗുഹയായിമാറിയിരിക്കുന്നതു കാണുന്നു പക്ഷെ സജീവനെ അവര്‍ കണ്ടില്ല. പരിഭ്രാന്തരായ നാട്ടുകാര്‍ രാവുംപകലും തിരഞ്ഞെങ്കിലും അവര്‍ക്ക് സജീവനെ കണ്ടെത്താനായില്ല. ഇതിനിടയില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫല്‍ഗുനന്‍ കാര്യസ്ഥനായ ഉപേന്ദ്രനില്‍ നിന്നു കാര്യങ്ങള്‍ മനസ്സിലാക്കുന്നു. ഗുഹയില്‍ കോടിക്കണക്കിന് രൂപയുടെ നിധിയുണ്ടായിരുന്നെന്നും അവ സജീവന്‍ കൊണ്ടുപോയി എന്നും ഇനി ആ നിധി സജീവന്‍ സര്‍ക്കാരിനു നല്‍കിയാല്‍ തന്നെ അതിന്റെ ഇരുപതു ശതമാനം സജീവന് കിട്ടുമെന്നും അവ നാലു തലമുറയ്‌ക്കു തിന്നാനുള്ള വകയായി അവശേഷിക്കുമെന്നു ഉപേന്ദ്രന്‍ മുതലാളിയെ ധരിപ്പിക്കുന്നു.
സജീവന്റെ ധനവും പ്രശസ്‌തിയും കൈവിട്ടുപോകരുതെന്ന് കരുതിയ ഫല്‍ഗുനന്‍ മുതലാളി വര്‍ഷങ്ങളായി സജീവനും തന്റെ മകളും തമ്മില്‍ പ്രണയത്തിലാണെന്നും താന്‍ അവരുടെ വിവാഹം കഴിച്ച് കൊടുക്കാന്‍ തയ്യാറായിരുന്നതാണെന്നും നാട്ടുകാരുടെ മുന്നില്‍ തട്ടിവിടുന്നു. ഇക്കാര്യം കേട്ട് ഫല്‍ഗുനന്റെ മകള്‍ നീതു അച്ഛനുമായി തെറ്റുന്നു. ഇതിനിടയില്‍ ഒരു രാത്രി ഫല്‍ഗുനന്‍ മുതലാളിയുടെ മാളിക മുകളില്‍ കണ്ട രൂപത്തെ നാട്ടുകാര്‍ പിടികൂടുന്നു. അത് സജീവനായിരുന്നു. അവന്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നുവെങ്കിലും മുഴുവന്‍ അവനെ വിശ്വസിക്കുന്നില്ല. ഇതിനിടയില്‍ പോലീസ് വന്നെത്തുന്നു. അതൊരു ശവകല്ലറയായിരുന്നുവെന്നും താന്‍ ഭയന്ന് പനിപിടിച്ച് കിടപ്പിലായിരുന്നുവെന്നും അതിനിടയില്‍ ആളുകള്‍ തന്നെക്കുറിച്ച് തെറ്റിദ്ധരിച്ചതിനാലാണ് താന്‍ പുറത്തുവരാതിരുന്നതെന്നും ഇപ്പോള്‍ താന്‍ കാരണം ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിച്ചുപോകരുതെന്ന് കരുതിയാണ് താന്‍ സത്യം ബോധിപ്പിക്കുവാനും നീതുവിനെ കാണാന്‍ ശ്രമിച്ചതെന്നും ആ പെണ്‍കുട്ടിയും താനുമായി യാതൊരു ബന്ധവുമില്ലെന്നും അതിനുള്ള അര്‍ഹത തനിക്കില്ലെന്നും സജീവന്‍ കൂടിനിന്നവരോട് പറയുന്നു. കൂടാതെ നാടിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഏതാനും രേഖകള്‍ ആ കല്ലുവെട്ടുകുഴിയില്‍ നിന്നും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് താന്‍ പഞ്ചായത്ത് പ്രസിഡണ്ടിനെ ഏല്‍പ്പിക്കുന്നുവെന്നും സജീവന്‍ പറയുന്നു. അങ്ങനെ സജീവന്‍ തന്റെ പക്കലുള്ള ചില കടലാസുകള്‍ ഫല്‍ഗുനന്‍ മുതലാളിയെ ഏല്‍പ്പിക്കുന്നു.
അതോടെ വന്‍ ദുരന്തങ്ങള്‍ ഒഴിവാക്കിയ ചെറുപ്പക്കാരന്‍ വാര്‍ത്തകളില്‍ നിറയുന്നു. സജീവന്റെ ഹൃദയവിശുദ്ധിയില്‍ ആദരവു തോന്നിയ നീതു അവനെ കാണാനെത്തുന്നു. താന്‍ സജീവനെ സ്‌നേഹിക്കുന്നതായി അവള്‍ അറിയുന്നു. തന്റെ അതിമോഹം കാരണം ഭാവി നഷ്‌ടപ്പെടുമായിരുന്ന മകളോട് മാപ്പ് ചോദിച്ചുകൊണ്ട് ഫല്‍ഗുനന്‍ മുതലാളി അവളെ സജീവനെ ഏല്‍പ്പിക്കുന്നു. ഇതിനിടയില്‍ ഗായത്രിയോട് ക്ഷമചേദിച്ച് മുരളി അവളെ താന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നതായി സജീവനെ അറിയിക്കുന്നു. അങ്ങിനെ ഒരേ വേദിയില്‍ രണ്ടു വിവാഹങ്ങള്‍ ആര്‍ഭാടമായി നടക്കുന്നു. കോളേജിലെ പഴയ സഹപ്രവര്‍ത്തകരും ആ ചടങ്ങില്‍ ഉണ്ടായിരുന്നു.
0 comments:
Post a Comment