ഓ മൈ ലിവര്‍
JKഹോസ്പിറ്റലിലെ രോഗികള്‍ക്കെല്ലാം വിഷ്ണുവിനെ വളരെ ഇഷ്ടമാണ്. പാവം അമ്മയുടെ ഹൃദയസംബന്ധമായ അസുഖം മാറുന്നതുവരെ അവരെ ചികിത്സിക്കാനായി മകനായ വിഷ്ണുവും JKഹോസ്പിറ്റലില്‍ തന്നെ കഴിയുന്നു. മാത്രമല്ല മറ്റ് രോഗികള്‍ക്കെല്ലാം അവന്‍ ഒരു അത്താണിയുമാണ്. ഹോസ്പിറ്റലിനെ കുറിച്ച് ഒരു അറിവുമില്ലാതെവരുന്ന പുതിയ രോഗികളുടെ ബന്ധുക്കള്‍ അങ്കലാപ്പോടെ നില്‍ക്കുമ്പോള്‍ അവര്‍ക്കുമുമ്പില്‍ വിഷ്ണു ഒരു ദൈവദൂതനെപ്പോലെ എത്തുന്നു. തിരിച്ചു പോകുമ്പോഴും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത 'ഒരാള്‍' എന്ന് അവര്‍ ആ ചെറുപ്പക്കാരനെകൊണ്ട് ആത്മാര്‍ത്ഥമായി പറയുകയും ചെയ്യും. വളരെ അവിചാരിതമായാണ് വിഷ്ണു ഡോക്ടര്‍ ദേവനാരായണനില്‍ നിന്നും മാളുവിനെ കുറിച്ചറിയുന്നത്. ലിവര്‍ കംപ്ലയിനന്റായിരുന്നു അവള്‍ക്ക്. കുറച്ച്കാലം മുമ്പാണ് അത് കണ്ടെത്തിയത്. പെട്ടന്ന് ആവശ്യമായ ചികിത്സവേണം. അവള്‍ക്കിണങ്ങുന്ന രക്തത്തിലുള്ള ലിവര്‍പീസ് കിട്ടണം. അവളുടെ അച്ഛന്‍ ആര്‍. കെ നമ്പ്യാര്‍ കോടീശ്വരനാണെങ്കിലും അയാള്‍ക്ക് നിയമപരമായ കാലതാമസം ചികിത്സക്ക് ആവശ്യമായിരുന്നു. മാത്രമല്ല ഒരേ രക്തത്തിലുള്ള ആള്‍ ദാദാവും വേണം. ഒരുപെണ്‍കുട്ടിയായതിനാല്‍ അവളുടെ ഭാവിയോര്‍ത്ത് ചികിത്സ രഹസ്യമായി നടത്താനായിരുന്നു നമ്പ്യാരുടെ ആഗ്രഹം.
ദേവനാരായണനും ആര്‍. കെ നമ്പ്യാരും പരിചയക്കാരും ഒരേനാട്ടുകാരുമായിരുന്നു. മാളുവിന്റെ അസുഖം അതിന്റെ മൂര്‍ദ്ധന്യത്തിലായിരുന്നു കണ്ടെത്തിയത്. വളരെ യാദൃശ്ചികമായ് അന്നുതന്നെ ചെക്കപ്പിനുശേഷം എത്രയും പെട്ടന്ന് ചികിത്സ വേണമെന്ന് ഡോക്ടര്‍ ദേവനാരായണന്‍ പറഞ്ഞതുമാണ്. പക്ഷേ കരള്‍ കിട്ടാനുള്ള കാലതാമസം അത് നല്കാനുള്ള നിയമപ്രകാരമുള്ള സമയം എല്ലാം മര്യാദക്കാരായ അവരെ കുഴപ്പത്തിലാക്കുകയായിരുന്നു. ഇപ്പോഴിതാ മാളുവിന്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുന്നു. അമ്മയില്ലാത്ത കുട്ടിയല്ലേ. ആര്‍. കെ നമ്പ്യാര്‍ വല്ലാത്ത സങ്കടത്തിലാണ്. ഡോക്ടറില്‍നിന്നും കാര്യങ്ങളെല്ലാം മനസ്സിലാക്കിയ വിഷ്ണു തന്റെ അമ്മയെ കുറിച്ചോര്‍ത്തു. അമ്മയുടെ ചികിത്സക്കായി പണം കണ്ടെത്താന്‍ കഴിയാതെ നടക്കുന്ന തനിക്ക് ഡോക്ടര്‍ ദേവനാരായണന്റെ കെയര്‍ഓഫില്‍ ആര്‍. കെ നമ്പ്യാരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ ഒരു ജോലികിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു. പെണ്‍മക്കളും മരുമക്കളും സൗകര്യപൂര്‍വ്വം ഒഴിവാക്കിയ തന്നെ ചികിത്സിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന മകനെ ഓര്‍ത്ത് ആ അമ്മയുടെ ഹൃദയം തേങ്ങി .അസുഖത്തിന് അല്പം കുറവുണ്ടാകുന്ന സന്ദര്‍ഭത്തിലവര്‍ വിഷ്ണുവിനോട് പറയും മോനെ ക്ഷമ വേണം പരിശ്രമവും. 'ഒരു കയറ്റത്തിന് ഒരിറക്കമുണ്ടാവും' അവന്‍ നിഷ്‌കളങ്കതയോടെ തലയാട്ടും.
എല്ലാം വളരെ പെട്ടന്നായിരുന്നു. ദേവനാരായണന്റെ യാദൃശ്ചികമായൊരുചോദ്യം ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരമായ് വിഷ്ണു അതിനെ കാണുകയും ചെയ്തു. മാളുവിന്റെ അസുഖം മാറ്റാനായി ആര്‍. കെ. നമ്പ്യാര്‍ എന്തും ചെയ്യുമായിരുന്നു. എന്നാല്‍ അയാളുടെ സമ്പത്ത്‌കൊണ്ടൊന്നും ഒരുകാര്യവുമില്ലാതെപോയി എന്ന ഡോക്ടറുടെ ആത്മഗതത്തിന്റെ മറുപടിയെന്നോണമായിരുന്നു വിഷ്ണുവിന്റെ ചോദ്യം! തന്റെ കരളിന്റെ ഒരുഭാഗം കൊടുത്താലോ? ആദ്യം തമശയായ് തോന്നിയ ആ കാര്യം ഒരേ രക്തമാണ് അവര്‍ക്കെന്ന് മനസ്സിലാക്കിയപ്പോള്‍ ആശ്വാസമായും സഹതാപമായും ഡോകടര്‍ ദേവനാരായണനെ ചൂഴ്ന്നു. ഒരു ജീവന്‍ രക്ഷിക്കാന്‍ നിയമത്തിന്റെ അനുവാദം കാത്തുനില്ക്കാന്‍ പിന്നെ അദ്ദേഹം നിന്നില്ല. അങ്ങിനെ ആ ശസ്ത്രക്രിയ നടന്നു. ഏതാനും മാസങ്ങള്‍ക്കുശേഷം മാളു ഹിന്ദി കംപ്ലീറ്റ് ചെയ്യാന്‍ പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിലേക്ക് പോയി. എന്നാല്‍ അവള്‍ തനിക്ക് കരള്‍ നല്കിയ ചെറുപ്പക്കാരന്‍ ആരെന്ന് കണ്ടിരുന്നില്ല.