Tuesday, January 19, 2010

മഞ്ഞുകൂടാരങ്ങള്‍

ബസ്സിന്റെ ഗ്ലാസ്സിലൂടെ പുറത്തെ കോട മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന മലകള്‍ കാണുകയാണവള്‍. മനസ്സില്‍ സന്തോഷവും ദു:ഖവും ഇടകലര്‍ന്ന നിസ്സഹായാവസ്ഥയില്‍ അയാള്‍..... കാരണ മറിയാതെ നിറഞ്ഞ കണ്ണുകള്‍ അയാള്‍ തൂവാലയില്‍ തുടച്ചു. പി.ടി.ആര്‍ മാഷ്‌ തന്നെ തോല്‍പിച്ചു കളഞ്ഞു- അയാള്‍ ചിന്തിച്ചു.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ നാട്ടിലെ മഠത്തില്‍വീട്ടില്‍ വാടകക്കു വന്ന പി.ടി.ആര്‍. മാഷിന്‌ അല്‍പം വൈദ്യവും അറിയാമെന്ന നാട്ടുവര്‍ത്തമാനമായിരുന്ന, കാഴ്‌ചയില്ലാത്ത അനിയത്തിയേയും കൊണ്ട്‌ മാഷെ കാണാന്‍ പ്രേരണയായത്‌. കണ്ടപ്പോള്‍ ഇതുവരേയും കണ്ടില്ലല്ലൊ എന്നു സങ്കടപ്പെട്ടു.

ഒരച്ഛന്റെ വാല്‍സല്യമായിരുന്നു, സംഗീതപ്രിയനായ അദ്ദേഹം എനിക്കു നല്‍കിയത്‌.

പക്ഷേ.... ചികില്‍സുടെ മൂന്നാം പക്കം മാഷ്‌ അനിയത്തിയെ കയറിപിടിക്കാന്‍ ശ്രമിച്ചെന്നു കേട്ടു. തനിക്കു കയ്യില്‍ കിട്ടിയ ഇരുമ്പു വടികൊണ്ടു തല്ലേണ്ടിവന്നത്‌ ഏതോ ജന്മാന്തര ശാപം കൊണ്ടായിരിക്കുമെന്നു വിശ്വസിച്ചു

ഒരു വശം തളര്‍ന്ന മാഷ്‌ പിന്നെ നാട്ടിലേക്ക്‌ പോയി. മദ്യമായിരുന്നു മാഷെ നശിപ്പിച്ചതെന്ന്‌ മുരളിമാഷ്‌ പറഞ്ഞറിഞ്ഞു. ഒരുപാട്‌ സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നുവത്രെ. രണ്ടു പെണ്‍മക്കളും... മുരളി മാഷുടെ വാക്കുകള്‍ കാതില്‍ മുഴങ്ങി....

രണ്ടു വര്‍ഷം കഴിഞ്ഞാണ്‌ മാഷിന്റെ വേലക്കാരിയായി നിന്ന ശാന്തമ്മ ആ പൊള്ളുന്ന രഹസ്യം തന്നോടു പറഞ്ഞത്‌. അന്നു ബിന്ദുമോളെ നശിപ്പിക്കാന്‍ ശ്രമിച്ചത്‌ മാഷായിരുന്നില്ലത്രെ. മഠത്തില്‍ പറമ്പില്‍ തേങ്ങയിടാന്‍ വന്ന ഗോവിന്ദനായിരുന്നുവത്രെ...

ഗോവിന്ദന്‌ ശാന്തമ്മയോട്‌ അല്‍പം അടുപ്പമായിരുന്നെന്ന കഥ മുമ്പേ കേട്ടിരുന്നു..... മദ്യപിച്ചാല്‍ സ്ഥലകാലബോധമില്ലാത്ത മാഷെ മറ്റുള്ളവര്‍ കുറ്റവാളിയാക്കുകയായിരുന്നുവത്രെ....പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന്‌ ഗോവിന്ദന്‍ ശാന്തമ്മയോടു പറഞ്ഞുവത്രെ...

ശാന്തമ്മയുടെ വാക്കുകള്‍ ഉള്ളില്‍ കുറ്റബോധത്തിന്റെ കനലുകളായി തന്നെ പൊള്ളിച്ചപ്പോഴാണ്‌ മാഷിന്റെ നാടു തേടി വന്നത്‌.... അതു പക്ഷേ... മറ്റൊരു ദു:ഖം കൂടി സമ്മാനിക്കാനായിരുന്നുവെന്ന്‌ അയാള്‍ കരുതിയില്ല. മാഷിന്റെ മൂത്ത മകളായ രേവതിയും താനുമായുള്ള അടുപ്പം..... കഥകളൊന്നും പറയാതെ ആ നിരാലംബമായ കുടുംബത്തിന്റെ അയല്‍ക്കാരനായ തന്നോടവള്‍ അടുക്കുകയായിരുന്നു. താനാരാണെന്നറിയാതെ... ഒടുവില്‍ എല്ലാ സത്യങ്ങളും പറഞ്ഞ്‌ മാപ്പു ചോദിച്ചപ്പോള്‍ അവള്‍ പൊട്ടിത്തെറിച്ചില്ല. പകരം പുറത്തേക്കുള്ള വാതില്‍ ചൂണ്ടിക്കാണിച്ചു... അത്‌ മാന്യതയുടേയും സഹനത്തിന്റേം അവസാനമായിരുന്നു. ഇറങ്ങിപ്പോരേണ്ടിവന്നു.. അതിനു മുമ്പേ അനിയത്തിയുടെ കാഴ്‌ച ശക്തി തിരിച്ചു കിട്ടാനുള്ള എല്ലാ കാര്യങ്ങളും അവള്‍ ചെയ്‌തു വെച്ചിരുന്നു.

ഒരായുഷ്‌കാലത്തിന്റെ നന്ദിയും കടപ്പാടും ബാക്കിവെച്ചുകൊണ്ട്‌ ഒരപരാധിയെപോലെ പടിയിറങ്ങിയപ്പോള്‍ താന്‍ ഈ ലോകത്തില്‍ ഒന്നുമല്ലെന്ന്‌ തോന്നിപ്പോയി. തിരിച്ചുവന്ന്‌ ആ കാലില്‍ വീണ്‌ മാപ്പിരക്കാന്‍ തോന്നിപ്പോയി......

കേശു ഫ്രം ആഫ്രിക്ക

കുന്നിന്‍ മുകളില്‍ നിന്നും മണ്ണെടുത്ത്‌ വയലില്‍ കൊണ്ടുപോയി തള്ളുന്നത്‌ എന്തിനാണെന്ന്‌ കേശുവിന്‌ മനസ്സിലായില്ല.
"എന്താമ്മേ ഇങ്ങിനെ ചെയ്യുന്നത്‌" -അവന്‍ അകത്ത്‌ വയ്യാതെ കിടക്കുന്ന അമ്മൂമ്മയോട്‌ ചെന്നു ചോദിച്ചു. അമ്മൂമ്മയെ കേശു അമ്മ എന്നായിരുന്നു വിളിച്ചിരുന്നത്‌. ആഫ്രിക്കയില്‍ നിന്നും വന്ന പാതി മലയാളിയായ കേശുവിന്റെ മലയാളം, ടി.വി. ചാനലുകളിലെ മലയാളത്തേക്കാള്‍ കേമമാണെന്ന്‌ അമ്മാവന്‍ പറയുകയും ചെയ്‌തു.

"അതൊക്കെ അങ്ങിനെയാണ്‌" -അമ്മൂമ്മ വെറ്റിലടക്ക ചവക്കുന്നതിനിടയില്‍ കേശുവിനെ നോക്കി ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
"വയലുകളും കുളങ്ങളും നികത്തുന്ന നാട്ടുപ്രമാണിമാരോട്‌ മ്പക്കാവ്വോ.. മോനേ.." -അമ്മായി അടുക്കളയിലിരുന്ന്‌ മുറത്തിലെ അരിയില്‍ നിന്നും നെല്ലു തിരയുന്നതിനിടയില്‍ കേശുവിനോട്‌ ചോദിച്ചു.
"മ്പ്‌ളെ ദാമോദരന്‍ ആഫ്രിക്കയില്‍ മരപ്പണിക്ക്‌ പോയതിലുണ്ടായ മോന്‍..." എന്നാണവനെ ചായക്കടക്കാരന്‍ ഗോപാലേട്ടന്‍ നാടക കൃത്തായ ദാമു മാഷിന്‌ പരിചയപ്പെടുത്തിയത്‌...
ഓ ഒരു നാടകത്തിന്‌ തീമായല്ലോ... എന്ന്‌ ദാമുമാഷ്‌ പറഞ്ഞതു കേട്ട്‌ അവനു സന്തോഷമായി...
മുറ്റത്തിനരുകിലെ ചെമ്പരത്തിയില്‍ വന്നിരിക്കുന്ന അടക്കാ കിളിയെ നോക്കി കേശു കോലായിലിരുന്നു....
ഇവനെക്കൊണ്ട്‌ ഇനിയെന്താണ്‌ ചെയ്യിക്കുക..
മുകളില്‍ ഒരു ഷാജി കൈലാസ്‌ ചിത്രം കണ്ടു കൊണ്ടിരിക്കേ ദൈവം ചിന്തിച്ചുപോയി.

Tuesday, January 5, 2010

വയനാട്‌ രേഖകള്‍

വൃക്ഷികത്തില്‍
കാപ്പിച്ചെടികള്‍ക്കിടയില്‍
കാമം പൂണ്ട സൂര്യ രശ്‌മികള്‍
നീല നിറത്തില്‍ പെയ്യുന്നു

പുകവള്ളികള്‍
ആകാശത്തിലേക്ക്‌ പടര്‍ന്ന്‌
നെരൂദയുടെ കവിതയാവുന്നു.

അടുത്തെവിടെയോ കരയുന്നു
കന്യകയായ കാട്ടാറ്‌

തീപ്പെട്ടിയുയരത്തിലുള്ള പടികള്‍
കയറി വരുന്നു, കല്‍പ്പറ്റ മാഷിന്റെ കരിഞ്ചി (1)

പ്രണയത്താല്‍
ആകാശം ആദ്യമായി ചുംബിച്ച
ഒറ്റമുലച്ചിയാണ്‌ വയനാട്‌

ഒരുരുളി തിളപ്പിച്ച വെള്ളത്തിലിരുത്തിയ (2)
വിപ്ലവകാരിയുടെ കവിത
ഇനിയും കേട്ടിട്ടില്ല നമ്മള്‍
--------------------------------------------------
* ഒ.കെ. ജോണിയുടെ വയനാടു രേഖകള്‍ എന്ന പുസ്‌തകം
(1) കല്‍പറ്റ നാരായണന്റെ 'കോന്തല' എന്ന ആത്മകഥയിലെ കഥാപാത്രം
(2) സഖാവ്‌ വര്‍ഗ്ഗീസിനെ തിളപ്പിച്ച വെള്ളത്തില്‍ നഗ്നമായി ഇരുത്തി എന്നു പയപ്പെടുന്നു.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP