Monday, November 16, 2009

മോഹന്‍ലാലിന്‌

പൂര്‍വ്വിക പ്രതിഭകള്‍
ക്കാദരം പോലെ തന്‍-
ജീവിതമര്‍പ്പിച്ചു
കൈരളിക്കല്ലൊ ലാലും

ദൂരെയാ ഹിമാലയ
സീമകള്‍ക്കകലെയും
പാടിയോ ഇളംതെന്നല്‍
കൈരളീയപദാനം

സ്വപ്‌നമാം സുഖഭോഗ
വേദിയില്‍ നിന്നും ത്യാഗ
പൂര്‍ണ്ണമായുയര്‍ത്തി ലാല്‍
ധീരമാം തന്‍ ജീവിതം

ഭാരതം സ്‌മിക്കൂമീ
കൈരളീ വരദാനം
ഭാഗ്യമായുയരത്തില്‍
നാട്ടിയ പതാകപോല്‍

(ലഫ്‌റ്റനന്റ്‌ കേണല്‍ പദവിയില്‍ സേവനമനുഷ്ടിക്കാന്‍ തയ്യാറായ പത്മശ്രീ ഭരത്‌ മോഹന്‍ലാലിന്‌ ആദരപൂര്‍വ്വം ഈ കവിത സമര്‍പ്പിക്കുന്നു.)

Tuesday, November 10, 2009

ഇത്രയെങ്കിലും

ഇത്ര വിഷം കുടിച്ചില്ലെങ്കിലെങ്ങിനെ
ഇക്കണ്ട കാലം കവിയാകും ?
ഇത്ര വലിയ ശിലയുരുട്ടാതെ ഞാന്‍
എങ്ങിനെ ഭ്രാന്തന്‍മല കയറും ,
വാക്കില്ലാ കാട്ടില്‍ നിലവിളിക്കുന്നൊരാ
വാല്‍മീകി വംശനെ കണ്ടു നില്‍ക്കും ?
കുട്ടു കിടന്നു പനിച്ച പഴമയെ
പാട്ടില്‍ ഇറയത്തിരുത്തിവെക്കും ?
ഇത്ര വിഷം കുടിച്ചില്ലങ്കിലെങ്ങിനെ
നഷ്ടസ്‌മൃതികളെയോര്‍ത്തിരിക്കും ?
തീപ്പെട്ട സ്വപ്‌നത്തില്‍ പട്ടയം കാക്കുന്ന
കാട്ടു കരച്ചിലില്‍ മുങ്ങി നില്‍ക്കും ?
ദീന വിലാപ സ്‌മൃതികളെ വിറ്റൊരു
കൂനന്‍ കവിയായവതരിക്കും ?
ഇത്ര വിഷം കുടിച്ചില്ലെങ്കിലിന്ത്യയില്‍
ചിത്തഭ്രമം വന്നു ചത്തുപോവും.
ഇത്ര പറഞ്ഞു പിരിഞ്ഞുപോയില്ലെങ്കില്‍
എത്ര ചതിയെന്നോര്‍ത്തുപോകും.


  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP