Wednesday, June 11, 2008

പ്രാര്‍ത്ഥന

വര്‍ഷങ്ങള്‍ക്കു മുമ്പ്‌
ഒരു കൂട്ടുകാരിയുടെ മുന്നില്‍ വെച്ച്
അവന്‍ അനുജനെ തല്ലി
അതൊരു പുഴക്കരയായിരുന്നു
അകന്നു പോയ അനുജന്‍
പുഴയിലാണെന്നു നാട്ടുകാര്‍
മറുനാട്ടിലാണെന്ന്‌
അയാളും ദൈവവും
ഒടുവില്‍ അയാള്‍ പരാജയപ്പെട്ടു
-ജയിലിലായി
പക്ഷേ
കഷ്ടമെന്നപ്പോള്‍
മറുനാടിനു തോന്നി,
മരിച്ച അനുജനെ
മറുനാടു കൊണ്ടുവന്നു
അന്നു പകല്‍
സൂര്യന്‍ ചിരിച്ചു
ആകാശം ചിരിച്ചു
അകന്നുപോയ അയാളുയെ ഭാര്യയും...
അതൊരു കവിതയാണെന്നു ഞാന്‍
കഥയാണെന്നയാള്‍

പ്രാര്‍ത്ഥന

എല്ലാം എത്ര പെട്ടെന്നായിരുന്നു.
നാട്ടുകാര്‍ ഒരു ആക്ഷന്‍ കമ്മിറ്റിയുണ്ടാക്കിയതും അതിന്‌ കേശവന്‍ നായര്‍ മുന്നില്‍ നിന്നതും. എങ്ങിനേയെങ്കിലും മകളുടെ കല്ല്യാണം കഴിഞ്ഞുപോവണം എന്ന ഒരു ലക്ഷ്യമായിരുന്നു അയാളെ ആ നീചമായ പ്രവര്‍ത്തിക്ക്‌ പ്രേരിപ്പിച്ചത്‌.
സ്വന്തം അനുജനെ കൊന്ന കുറ്റത്തിന്‌ വര്‍ഷങ്ങള്‍ക്കുശേഷം ഒരാള്‍ക്ക്‌ ജയിലില്‍ കിടക്കേണ്ടി വന്നു. വരും തലമുറ അങ്ങിനേയാവും ഇതിനെ കാണുക......
അയാള്‍ സങ്കടത്തോടേയും അമര്‍ഷത്തോടേയും ഓര്‍ത്തു : എവിടേയാവും ശിവന്‍.
പാര്‍വ്വതികുട്ടിയോട്‌ അവന്‍ എന്തോ കുസൃതി കാണിച്ചതിനും അവളെ നുള്ളി വേദനിപ്പിച്ചതിനുമാണ്‌ താനവനെ പേടിപ്പിച്ചതും ചെറുതായി ശിക്ഷിച്ചതും.
പക്ഷേ, അക്കാരണം കൊണ്ട്‌ അവന്‍ നാടു വിട്ടു പോവുമെന്ന്‌ ആരറിഞ്ഞു....
ശിവനെ കാണാതായതും അവനെ താന്‍ തല്ലിയതിന്റെ സാക്ഷിയായ പാര്‍വ്വതികുട്ടിയുടെ വിവരണങ്ങളില്‍ നിന്നുമാണ്‌ നാട്ടുകാര്‍ തന്നെ കൊലയാളിയായി കണ്ടത്‌.
"എല്ലാം തിരുത്താന്‍ അവസരമുണ്ടാവുമോ എന്റെ കാവിലമ്മേ" -കരുണന്‍ നെഞ്ചത്തു കൈ വെച്ചു വിളിച്ചു. "സത്യം മനസ്സിലാക്കി കൊടുക്കാന്‍ എന്നെ സഹായിക്കണേ, എല്ലാവരും എന്നെ അവിശ്വസിക്കുന്ന, ഒറ്റപ്പെടുത്തുന്നു.. ഈ സങ്കടത്തില്‍ നിന്നും എന്നെ രക്ഷിക്കണേ...."
സുഭദ്ര പോലും അവളുടെ വീട്ടുകാരുടെ അഭിപ്രായത്തിലാണ്‌ തന്നെ കാണുന്നതെന്ന്‌ തോന്നുന്നു.. അനിയനെ കൊന്നവന്‍....
അയാള്‍ നിലവിളിച്ചു.
രണ്ടു വാര്‍ഡന്‍മാര്‍ ഓടി വന്നു...
അനുസരണകേടിന്റെ ശിക്ഷ അറിയാവുന്ന അയാള്‍ തല ചായ്‌ചു......
തണുത്ത സിമന്റു തറയില്‍ കിടന്നുകൊണ്ട്‌ മെല്ലെ കരഞ്ഞു....

Thursday, June 5, 2008

ഞാന്‍ ജീവിക്കുന്നത്‌

ഞാന്‍ ജീവിക്കുന്നത്‌
സംസ്‌കാര സമ്പന്നരും
ഹൃദയാലുക്കളുമായ
ചിലരുടെ ജീവിതം കണ്ട്‌
കൊതിച്ചിട്ടു തന്നെയാണ്‌
പെട്ടെന്നൊരു ദിവസം
കൂട്ടു കൂടുന്ന ഷെയര്‍ മദ്യത്തില്‍ വെച്ച്‌
ഒരു വയസ്സന്‍ പ്രൊഫസറുടെ
രണ്ടാം ഭാര്യയെ പ്രാപിച്ച കഥ പറയാനല്ല
ചീട്ടു നിരത്തി
ക്ലാവറും ഡെയിമനും തിരഞ്ഞ്‌
ഞായറാഴ്‌ചകളെ കൊല്ലാനല്ല
ഒരു ചെറിയ ഇച്ഛാഭംഗത്തെ
ആത്മഹത്യയോളം പെരുക്കി കാട്ടാനല്ല
പൈങ്കിളികഥകള്‍ കണ്ട്‌
ടി.വി.ക്കു മുമ്പില്‍ മരിക്കാനല്ല
ഞാന്‍ ജീവിക്കുന്നത്‌
അദൃശ്യമായ കാറ്റ്‌ കടലിനെ
തിരമാലകളാക്കി ഉയര്‍ത്തുംപോലെ
ക്ഷണികമെങ്കിലും
ഈ ജീവിതത്തിന്റെ
അതിര്‍ വരമ്പുകളില്‍ തട്ടി വീഴുമ്പോഴും
ഒരു ആനന്ദത്തെ മഴവില്ലുകളായി മനസ്സില്‍
സൂക്ഷിച്ചുകൊണ്ടാവും
ഞാന്‍ ജീവിക്കുന്നത്‌
ഗണികന്‍മാര്‍ക്ക്‌ അടയാളം പറയാന്‍
നഗരത്തിലെ നിരത്തില്‍
ഒരു മഹാന്റെ പ്രതിമയാകാനല്ല
സ്വപ്‌നവാദികളെ കൊന്ന
തീവ്രവാദികള്‍ ലോപിച്ച്‌
മന്ത്രവാദികളാവുമ്പോള്‍
ഓശാന പാടാനല്ല
ഒരു ഗാന്ധി ശുഷ്‌കിച്ചലഞ്ഞൊരു നാട്ടില്‍
വറുതിയില്‍ ചാടി മരിച്ചു വീഴാന്‍
പുലരുകില്ലെന്നൊരു മൊഴിയുമെന്നാലുമീ
ഇരുളില്‍ വെളിച്ചമായ്‌ ചിതറിവീഴാന്‍

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP