Thursday, May 22, 2008

നിഴലുകള്‍

`ഇതൊക്ക്യാണ്‌ മോനേ വീട്‌...." -കല്യാണിയമ്മ പേരകുട്ടിയുടെ ചന്തിയില്‍ താളമടിച്ചുകൊണ്ട്‌ പുതിയ സീരിയലിലെ നായികയുടെ വീടു നോക്കികൊണ്ടു പറഞ്ഞപ്പോള്‍ പ്രേമ ചന്ദ്രന്‌ കലി കയറി.....

എന്നാലവിടെ പോയി താമസിക്കരുതോ എന്ന്‌ തള്ളയോടു ചോദിക്കാന്‍ തോന്നിപോയി അവന്‌.

പക്ഷേ അവര്‍ ഭാര്യയുടെ അമ്മയാണല്ലൊ. എത്രയായാലും ആ സ്‌ത്രീയോട്‌ പറയുന്നത്‌ ഭാര്യയേയും അലോസരപ്പെടുത്തില്ലെയെന്ന ചിന്ത പ്രേമനെ പിന്‍തിരിപ്പിച്ചതിനാല്‍ അവന്‍ തന്റെ തന്നെ തിരക്കിലേക്കു തിരിച്ചുപോയി.

രണ്ടു മാസം കൊണ്ട്‌ അനൂപിന്‌ കൊടുക്കേണ്ടതാണ്‌, അവന്റെ കെയറോഫിലാണ്‌ ഈ വര്‍ക്ക്‌ കിട്ടിയത്‌. മലയാളത്തിലെ കുടുംബചിത്രങ്ങളുടെ സംവിധായകനുവേണ്ടിയാണത്‌.

ഒരച്ഛന്റേയും മകന്റേയും തീവ്രമായ സ്‌നേഹ ബന്ധത്തിന്റെ കഥ. മകന്റെ ഭാവി വധുവിനെ കാണാന്‍ അവന്റെ ടൂവീലറില്‍ യാത്ര ചെയ്യുന്ന അമ്മ ഒരപകടത്തില്‍ മരിച്ചു പോവുമ്പോള്‍ ആ മരണത്തിന്‌ പരോക്ഷമായി കാരണക്കാരിയായ പെണ്‍കുട്ടിയോട്‌ അച്ഛനുണ്ടാവുന്ന വേറുപ്പിന്റെ കഥയാണത്‌.

`എന്തൊരു കളറാണ്‌ മോനേ ആ വീടിന്‌... വാതിലില്‍ മണിച്ചിത്രത്താഴ്‌... ഹോ... അവിട്യോക്കെ താമസിക്കുന്നവരുടെ ഒരു ഭാഗ്യേ.....` -കല്ല്യാണിയമ്മ ആത്മഗതം തുടരുകയാണ്‌...

തറവാട്ടിലേക്ക്‌ തിരിച്ചുവരുന്ന അച്ഛന്‍ ഭാര്യയുടെ ഓര്‍മ്മകളുള്ള ആ വീട്ടില്‍ അവസാനകാലം മകനോടും കുടുംബത്തോടുമൊപ്പം കഴിയാനാഗ്രഹിക്കുന്ന ഭാഗം എത്ര തവണ എഴുതിയിട്ടും തൃപ്‌തി കിട്ടാത്ത വെപ്രാളത്തിലായിരുന്നു പ്രേമചന്ദ്രന്‍....

അതിനിടയിലാണ്‌ കല്ല്യാണിയമ്മയുടെ സീരിയല്‍ വിവരണങ്ങള്‍....

അവന്‌ സഹികെട്ട്‌ മെല്ലെ പുറത്തിറങ്ങി വീടിനു പുറകിലേക്ക്‌ നടന്നു.
ഫീസൂരി ഒന്നും അറിയാത്തതുപോലെ തിരിച്ചു വന്നപ്പോള്‍, രസച്ചരടു പൊട്ടിയ കല്ല്യാണിയമ്മ തന്റെ വീടിനെക്കുറിച്ച്‌ നീരസത്തോടെ സംസാരിക്കുന്നതാണ്‌ പ്രേമചന്ദ്രന്‍ കേട്ടത്‌.....

"എങ്ങന്യാ ഇപ്പോരേല്‌ താമസിക്ക്യാ ദൈവമേ.. ചെതല്‌ പിടിച്ച ഈ വാതിലൊക്കെ വീഴുന്നതെപ്പഴാന്നറീല്ല..... ഇതൊന്നു മാറ്റാന്‍ പൂക്കണ്ടി ബാലേഷ്‌ണനോട്‌്‌ പറഞ്ഞൂടെ രാധേ......"

ഹോ... പ്രേമചന്ദ്രന്‍, ഭാര്യ നഷ്ടപ്പെട്ട്‌ ജീവിതത്തില്‍ ഒറ്റപ്പെട്ട മാധവന്‍നായരെ മറന്നു....... അയാളുടെ മകന്റെ ധര്‍മ്മ സങ്കടങ്ങള്‍ മറന്നു.... തന്റെ ഇല്ലായ്‌മയിലേക്ക്‌ വന്ന്‌ പരിഹസി്‌ക്കുന്ന അമ്മായിയമ്മയെ നോക്കി അയാള്‍ നിയന്ത്രണം വിട്ടലറി:

"അതേയ്‌... എനിക്ക്‌ ഏസീല്‌ ഇരുന്നാല്‍ ചൊറിച്ചിലു വരും... അതുകൊണ്ടാ... നിങ്ങള്‍ക്ക്‌ വേണേങ്കില്‌ ഏസീല്‌ പോയി താമസിച്ചോളൂ... ഇവിടെ ഇപ്പം ഇത്രേള്ളു...."

-ചമ്മലോടെ അമ്പരപ്പോടെ നില്‍ക്കുന്ന കല്ല്യാണിയമ്മയെ മറന്ന്‌ മാധവന്‍നായരുടെ ആത്മനൊമ്പരുവുമായി പ്രേമചന്ദ്രന്‍ തന്റെ ചിതലു പിടിച്ച എഴുത്തുമേശക്കടുത്തേക്കു നടന്നു.....

Saturday, May 17, 2008

അവസരങ്ങള്‍



അകലെ ചെമ്മണ്‍ നിരത്തിന്റെ അറ്റത്ത്‌ ജയദേവന്‍ മാഷിന്റെ ചെറിയ രൂപം പ്രത്യക്ഷമായപ്പോള്‍ സ്‌റ്റാഫ്‌റൂമിന്റെ വാതില്‍പ്പടിയില്‍ നിന്ന ഇന്ദു ടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞു.

മാഷ്‌ ഇത്രവേഗം ഇത്രവേഗം ഈ സ്‌കൂളിന്റെ സന്തോഷത്തില്‍ നിന്നും അകന്നുപോകുമെന്ന്‌ അവള്‍ കരുതിയിരുന്നില്ല.

ഒരു കാര്യത്തിലൊഴികെ എല്ലാവര്‍ക്കും ജയദേവന്‍മാഷെ ഇഷ്ടമായിരുന്നു. ആരോടും പണം കടം ചോദിക്കാന്‍ മാഷിന്‌ ഒരു മടിയുമുണ്ടായിരുന്നില്ല.

'എന്തിനാ മടിക്കുന്നെ, ഞാന്‍ തിരിച്ചു കൊടുക്കില്ലെ. പണം എല്ലാവര്‍ക്കും ഉപയോഗത്തിനുളളതാണ്‌.'-മാഷ്‌ അമ്മിണി ടീച്ചറുടെ നീരസം കലര്‍ന്ന തമാശയോട്‌ അങ്ങിനെയായിരുന്നു പ്രതികരിച്ചത്‌.

ആദ്യമാദ്യം മാഷോടു തോന്നിയ ഇഷ്ടം ഇല്ലാതാകാന്‍ തനിക്കും അതൊരു കാരണമായി...."ഗതി പിടിക്കാത്തവന്‍, എവിടെയെങ്കിലും ഭാര്യയും മക്കളുമുണ്ടാവും...." തന്റെ മനസ്സിലെ അഗ്നിയിലേക്ക്‌ എണ്ണയൊഴിക്കാന്‍ അമ്മിണി ടീച്ചര്‍ മറന്നില്ല.ക്രമേണെ ജയദേവന്‍ മാഷെ താന്‍ അവഗണിച്ചു., ആ നോട്ടത്തില്‍ നിന്നും മാറി നടന്നു.രണ്ടും മൂന്നും ദിവസം കൂടുമ്പോള്‍ ഇയാള്‍ എങ്ങോട്ടാണ്‌ പോകുന്നതെന്ന ചിന്ത ചിലപ്പോള്‍ എന്റെ രാത്രിയുറക്കങ്ങളെ അലോസരപ്പെടുത്തിയിരുന്നു. പിന്നെ ഞാനയാളെക്കുറിച്ച്‌ ഓര്‍ക്കാതായി..... കഴിഞ്ഞ ആഴ്‌ചയിലാണ്‌ എല്ലാ കാര്യങ്ങളുമറിയുന്നത്‌. മനോരോഗിയായ ജേഷ്‌ഠനെ ചികില്‍സിക്കാന്‍ പാടു പെടുന്ന ഒരനുജന്റെ നെട്ടോട്ടം.തന്റെ പ്രായത്തിന്റെ മോഹങ്ങള്‍ മാറ്റി വെച്ച അയാളുടെ മനസ്സ്‌ കാണാനുള്ള നന്മ തനിക്കില്ലാതെ പോയി. ഒടുവില്‍ എല്ലാമറിഞ്ഞ ആ ജ്യേഷ്‌ഠന്‍ അനുജന്റെ പ്രാരബ്ദങ്ങളോട്‌ നന്ദിപൂര്‍വ്വം യാത്ര പറഞ്ഞപ്പോള്‍ ഒറ്റക്കായിപോയ കുടുംബത്തിലേക്ക്‌ ജയദേവന്‍ മാഷ്‌ തിരിച്ചുപോയി....

Friday, May 16, 2008

ഇവിടെ ഞാനൊരപരിചിതന്‍.
എന്റെ വാക്കുകള്‍ക്കും നിങ്ങള്‍ ഇടം തരില്ലെ. തിരുത്തേണ്ടവ തിരുത്തി തരില്ലേ.

  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP